അഗ്നിപഥ്: സേനാ മേധാവികളുമായി പ്രധാനമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തും
അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യത്ത് നടന്ന പ്രക്ഷോഭത്തിൽ വൻ അക്രമങ്ങളാണ് നടന്നത്. ട്രെയിനുകൾ കത്തിച്ചത് അടക്കം റെയിൽവേക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായി.
ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിക്കെതിരെ പ്രക്ഷോഭം കനക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മൂന്ന് സേനാ മേധാവികളുമായി ചർച്ച നടത്തും. പ്രതിഷേധങ്ങൾ വകവെക്കാതെ പദ്ധതിയുമായി മുന്നോട്ടുപോകാനാണ് സർക്കാർ തീരുമാനം. ചില തീരുമാനങ്ങൾ തുടക്കത്തിൽ അന്യായമെന്ന് തോന്നുമെങ്കിലും അത് ഭാവിയിൽ രാഷ്ട്രനിർമാണത്തിന് സഹാകരമാണെന്ന് മനസ്സിലാവുമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പറഞ്ഞിരുന്നു.
അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യത്ത് നടന്ന പ്രക്ഷോഭത്തിൽ വൻ അക്രമങ്ങളാണ് നടന്നത്. ട്രെയിനുകൾ കത്തിച്ചത് അടക്കം റെയിൽവേക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായി. കഴിഞ്ഞ ദിവസം പ്രതിഷേധക്കാർ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തതിനെ തുടർന്ന് 600 ട്രെയിനുകൾ റദ്ദാക്കിയിരുന്നു.
അഗ്നിപഥ് പദ്ധതിപ്രകാരം സേനകളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ഷെഡ്യൂൾ മൂന്ന് സേനാവിഭാഗങ്ങളും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അതേസമയം ഏതെങ്കിലും കേസുകളുടെ എഫ്‌ഐആറിൽ പേരുള്ളവർക്ക് അഗ്നിപഥ് പദ്ധതി വഴി ജോലി ലഭിക്കില്ലെന്നും സേനാ മേധാവികൾ വ്യക്തമാക്കിയിരുന്നു.