പോക്‌സോ കേസ്; ചിത്രദുർഗ മുരുക മഠാധിപതി അറസ്റ്റിൽ
മഠം നടത്തുന്ന ഹോസ്റ്റലിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പരാതി
ബംഗളൂർ: ബംഗ്ലൂരുവിൽ ഹൈസ്‌കൂൾ വിദ്യാർഥിനികളെ പീഡിപ്പിച്ച പരാതിയിൽ ചിത്രദുർഗ മുരുക മഠാധിപതി അറസ്റ്റിൽ. ശിവമൂർത്തി മുരുക ശരണരുവയെയാണ് കർണാടക പൊലീസാണ് അറസ്റ്റ് ചെയ്തത്.
മഠം നടത്തുന്ന ഹോസ്റ്റലിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ മുരുക ശരണരുവിനും മറ്റ് നാല് പേർക്കുമെതിരെ പോസ്‌കോ കേസെടുത്തിരുന്നു. മൈസൂരിൽ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്ന കുട്ടികൾക്കും വനിതകൾക്കും വേണ്ടി പ്രവർത്തിക്കുന്ന ഓടനാടി സേവാ സംസ്ഥേ എന്ന എൻജിഒയിൽ അഭയം തേടിയപ്പോഴാണ് രണ്ട് പെൺകുട്ടികൾ പീഡനവിവരം പുറത്ത് പറഞ്ഞത്. തുടർന്ന് മൈസൂരു ജില്ലാ ശിശുക്ഷേമ സമിതിക്ക് (സിഡബ്ല്യുസി) മുമ്പാകെ ഹാജരായി മൊഴി നൽകി. ഹോസ്റ്റൽ വാർഡന്റെയും മറ്റ് മൂന്ന് പേരുടെയും സഹായത്തോടെയും പീഡിപ്പിച്ചെന്നാണ് കുട്ടികൾ മൊഴി നൽകിയത്. പെൺകുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആർ രജിസ്റ്റര്‍ ചെയ്തത്.
എന്നാല്‍ തനിക്കെതിരായ വലിയ ഗൂഢാലോചനയാണെന്നും സത്യം ഉടൻ പുറത്തുവരുമെന്നുമായിരുന്നു മഠാധിപതി പ്രതികരിച്ചത്.
സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ആരോപണങ്ങളെ കുറിച്ച് കൂടുതൽ പ്രതികരിക്കാൻ മുഖ്യമന്ത്രി തയ്യാറായിരുന്നില്ല.ഈ മാസം ആദ്യം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ചിത്രദുർഗയിലെ ലിംഗായത്ത് സമുദായത്തിന്റെ പ്രധാന മതകേന്ദ്രങ്ങളിലൊന്നായ മുരുഘാ മഠം സന്ദർശിച്ചിരുന്നു.