കട്ടിങ് പ്ലേയർകൊണ്ട് യുവാക്കളുടെ പല്ലുകള്‍ പറിച്ചെടുത്തതായി പരാതി; ഐ.പി.എസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി
വായക്കുള്ളിൽ കരിങ്കല്ലുകൾ നിറച്ച് കടിക്കാൻ ആവശ്യപ്പെടുകയും ചെയ്‌തെന്നും പരാതിയിലുണ്ട്
തിരുനെൽവേലി: അടിപിടിക്കേസിൽ കസ്റ്റഡിയിലെടുത്ത പത്തിലധികം യുവാക്കളുടെ പല്ല് ഐ.പി.എസ് ഉദ്യോഗസ്ഥൻ കട്ടിങ് പ്ലെയർ ഉപയോഗിച്ച് പറിച്ചെടുത്തതായി പരാതി. തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലയിലെ അംബാസമുദ്രത്തിൽ നിന്നുള്ളവരാണ് പരാതിക്കാർ.സംഭവം വിവാദമായതോടെ ആരോപണവിധേയനായ അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ടന്റ് ബൽവീർ സിങ്ങിനെ സർക്കാർ സ്ഥലം മാറ്റി.
മാർച്ച് 10 ന് ഉച്ചകഴിഞ്ഞാണ് സംഭവം നടന്നത്. അടിപിടിക്കേസിൽ കസ്റ്റഡിയിലെടുത്ത തങ്ങളെ പൊലീസ് ഉദ്യോഗസ്ഥൻ ക്രൂരമായി മർദിക്കുകയും കട്ടിങ് പ്ലെയർ കൊണ്ടും കരിങ്കല്ലുകൊണ്ടും പല്ലുകൾ അടിച്ചുകൊഴിക്കുകയുമായിരുന്നെന്നും പരാതിക്കാർ പറയുന്നു. ആരും ഞങ്ങൾ പറയുന്നത് കേട്ടില്ലെന്നും മജിസ്ട്രേറ്റിനോട് പരാതിപ്പെട്ടാൽ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാവുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാർ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. പലരുടെയും ചുണ്ടുകൾക്കും മോണകൾക്കും മുറിവേറ്റിട്ടുണ്ട്. വായക്കുള്ളിൽ കരിങ്കല്ലുകൾ നിറച്ച് കടിക്കാൻ ആവശ്യപ്പെടുകയും ചെയ്‌തെന്നും പരാതിയിലുണ്ട്.
മര്‍ദനത്തിനിരയായ മൂന്ന് പേര്‍ സംഭവം തുറന്ന് പറഞ്ഞതോടെയാണ് പൊലീസ് ഉദ്യോഗസ്ഥന്‍റെ ക്രൂരത പുറംലോകം അറിഞ്ഞത്. തുടര്‍ന്ന് വിവിധ സംഘടനകള്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.ഇതിന് പിന്നാലെയാണ് അന്വേഷണ വിധേയമായി ബൽവീർ സിങ്ങിനെ സ്ഥലം മാറ്റി സംസ്ഥാന പൊലീസ് ഡയറക്ടർ ജനറൽ സി ശൈലേന്ദ്ര ബാബു ഉത്തരവിറക്കിയത്. ചേരൻമഹാദേവി സബ് ഡിവിഷണൽ മജിസ്ട്രേറ്റ് മുഹമ്മദ് ഷബീർ ആലത്തിന്റെ നേതൃത്വത്തിൽ അന്വേഷണം നടക്കുകയാണെന്ന് തിരുനെൽവേലി ജില്ലാ കലക്ടർ കെ പി കാർത്തികേയൻ പറഞ്ഞു. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടി.