സംഭൽ സന്ദർശിക്കാനെത്തിയ സമാജ്വാദി പാർട്ടി സംഘത്തെ തടഞ്ഞ് പൊലീസ്
ബിജെപി സർക്കാരിെൻറ പരാജയം മറച്ചുവെക്കാനുള്ള ശ്രമമെന്ന് അഖിലേഷ് യാദവ്
ലഖ്നൗ: ശാഹി ജുമാമസ്ജിദ് സർവേയുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടായ സംഭലിലേക്ക് പോകാനിരുന്ന 15 അംഗ സമാജ്വാദി പാർട്ടി പ്രതിനിധി സംഘത്തെ തടഞ്ഞ് ഉത്തർ പ്രദേശ് പൊലീസ്. പ്രതിപക്ഷ നേതാവ് മാതാ പ്രസാദ് പാണ്ഡെയുടെ വസതിക്ക് മുന്നിൽ വിന്യസിച്ച കനത്ത പൊലീസ് സംഘമാണ് ഇവരെ തടഞ്ഞത്. സമാജ്വാദി പാർട്ടി തലവൻ അഖിലേഷ് യാദവിെൻറ നിർദേശപ്രകാരമാണ് ശനിയാഴ്ച 15 അംഗ സംഘം സംഭലിലേക്ക് പോകാനിരുന്നത്.
മാതാ പ്രസാദ് പാണ്ഡെയാണ് സംഘത്തെ നയിക്കേണ്ടിയിരുന്നത്. മസ്ജിദ് സർവേയുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിെൻറ വിശദ വിവരം ശേഖരിക്കുകയായിരുന്നു സംഘത്തിെൻറ ലക്ഷ്യം. പ്രതിപക്ഷ നേതാവിന് പുറമെ ലെജിസ്ളേറ്റീവ് കൗൺസിൽ നേതാവ് ലാൽ ബിഹാരി യാദവ്, സംസ്ഥാന അധ്യക്ഷൻ ശ്യാം ലാൽ പാൽ, എംഎൽഎമാർ, എംഎൽസിമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
സംഘത്തെ പൊലീസ് തടഞ്ഞതോടെ ഇവർ പാർട്ടി ഓഫീസിലേക്ക് പോകാൻ ശ്രമിച്ചു. എന്നാൽ, പ്രതിപക്ഷ നേതാവിെൻറ വീട്ടിൽനിന്ന് പോകാൻ ഇവരെ അനുവദിച്ചില്ലെന്ന് നേതാക്കൾ ആരോപിച്ചു.
തങ്ങളെ തടയാൻ പൊലീസിന് ഒരു അവകാശവും ഇല്ലെന്ന് മാതാ പ്രസാദ് പാണ്ഡെ കുറ്റപ്പെടുത്തി. ആരും സംഭലിലേക്ക് പോകരുതെന്നാണ് പറയുന്നത്. പക്ഷെ, ഞങ്ങളെ എങ്ങോട്ടും പോകുന്നത് തടയാൻ ഇവർക്ക് സാധ്യമല്ല. അവർ നിയമവിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്ന് എല്ലാവർക്കും അറിയാം. ഭരണഘടനാ വ്യവസ്ഥ സർക്കാർ ഒരിക്കലും പിന്തുടരാറില്ല. നമുക്ക് എവിടെയും സഞ്ചരിക്കാമെന്നത് ഭരണഘന നൽകുന്ന അവകാശമാണ്. സംഭലിൽ മാത്രമാണ് നിരോധനാജ്ഞ, ലഖ്നൗവിൽ നിരോധനാജ്ഞ ഇല്ലെന്നും പാണ്ഡെ വ്യക്തമാക്കി.
സംഭൽ ജില്ലാ മജിസ്ട്രേറ്റ് വിളിച്ച് അങ്ങോട്ട് വരരുതെന്ന് ആവശ്യപ്പെട്ടതായും പാണ്ഡെ പറഞ്ഞു. സർക്കാരിന് സംഭവിച്ച തെറ്റുകൾ മറച്ചുവെക്കാനാണ് ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംഭലിലേക്ക് പോകുന്നതിന് മുമ്പ് ആദ്യം മൊറാദാബാദ് സന്ദർശിക്കാനാണ് സംഘം ലക്ഷ്യമിട്ടിരുന്നത്. കൂടാതെ സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെയടക്കം സന്ദർശിക്കാനും പദ്ധതിയുണ്ടായിരുന്നു.
ഡിസംബർ 10 വരെ ജില്ലയിലേക്ക് പുറത്തുനിന്ന് ആരും പ്രവേശിക്കരുതെന്ന് സംഭൽ ജില്ലാ ഭരണകൂടം ഉത്തരവിറക്കിയിട്ടുണ്ട്. സംഭവത്തിൽ സർക്കാരിനെ കുറ്റപ്പെടുത്തി അഖിലേഷ് യാദവും രംഗത്തുവന്നു. നിരോധനം ഏർപ്പെടുത്തിയത് ബിജെപി സർക്കാരിെൻറ പരാജയം മറച്ചുവെക്കാൻ വേണ്ടിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കലാപം സ്വപ്നം കണ്ട് ഉന്മാദ മുദ്രാവാക്യം വിളിച്ചവർക്കെതിരെ നേരത്തെ ഇത്തരത്തിലുള്ള നിരോധനം ഏർപ്പെടുത്തിയിരുന്നെങ്കിൽ സംഭലിലെ ഐക്യവും സമാധാനവും തകരില്ലായിരുന്നുവെന്നും അഖിലേഷ് യാദവ് ‘എക്സി’ൽ കുറിച്ചു. കഴിഞ്ഞദിവസം സംഭലിലേക്ക് പോകാനിരുന്ന അഞ്ച് മുസ്ലിം ലീഗ് എംപിമാരെയും ഉത്തർ പ്രദേശ് പൊലീസ് തടഞ്ഞിരുന്നു.