ബിഹാറിൽ ഒറ്റ രാത്രികൊണ്ട് കുളം അപ്രത്യക്ഷമായി; പിന്നിൽ ഭൂമാഫിയയെന്ന് ആരോപണം
ദർഭാംഗയിലാണ് വലിയ കുളം മണ്ണിട്ട് നികത്തിക്കളഞ്ഞത്
ദർഭാംഗ: ബിഹാറിൽ സർക്കാർ ഉടമസ്ഥതയിലുള്ള കുളം ഭൂമാഫിയ കയ്യേറിയതായി ആരോപണം. ദർഭാംഗയിലാണ് വലിയ കുളം ഒറ്റ രാത്രികൊണ്ട് മണ്ണിട്ട് നികത്തിക്കളഞ്ഞത്. സർക്കാർ ഉടമസ്ഥതയിലുള്ള കുളം ഭൂമാഫിയ കയ്യേറിയിട്ടും അധികൃതർ മൗനം പാലിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു.
മണ്ണിട്ട് നികത്തിയ ശേഷം അവിടെ കുളമുണ്ടായിരുന്നു എന്നതിന്റെ എല്ലാ സൂചനകളും ഇല്ലാതാക്കിയിട്ടുണ്ട്. കുളത്തിലെ വെള്ളം വറ്റിച്ച ശേഷമാണ് മണ്ണിട്ട് നികത്തിയത്. മണ്ണിട്ടതിന്റെ മുകളിൽ ചെറിയ കുടിലുകൾ കെട്ടി ഒരു ചേരി സ്ഥാപിച്ചിട്ടുണ്ട്.
ഗ്രാമവാസികൾ കുളത്തിൽ മീൻ വളർത്തുകയും വെള്ളം കൃഷിക്കും മറ്റും ഉപയോഗിക്കുകയും ചെയ്തിരുന്നു. നാട്ടുകാരുടെ പരാതിയെ തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നിയമവ്യവസ്ഥ എത്ര ദുർബലമാണെന്നതിന്റെ തെളിവാണ് ഈ സംഭവമെന്ന് പ്രതിപക്ഷം ആരോപിച്ചു.