പീഡനക്കേസിൽ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി; പ്രജ്വൽ രേവണ്ണ നാട്ടിലേക്ക്

നാട്ടിലെത്തുന്ന പ്രജ്വലിനെ വിമാനത്താവളത്തിൽ നിന്നും അറസ്റ്റ് ചെയ്യാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം.

Update: 2024-05-29 15:24 GMT
Advertising

ബെം​ഗളൂരു: പീഡനക്കേസിൽ പ്രതിയായ കർണാടക ഹാസനിലെ എൻഡിഎ സ്ഥാനാർഥിയും ജെഡിഎസ് നേതാവുമായ പ്രജ്വൽ രേവണ്ണ നാട്ടിലേക്ക്. മെയ് 30ന് രാത്രി ജർമനിയിൽ നിന്ന് പുറപ്പെടുന്ന വിമാനത്തിൽ ഇയാൾ ടിക്കറ്റെടുത്തു. 31ന് നാട്ടിലെത്തും. ഇതിനിടെ ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ ബെം​ഗളൂരു സെഷൻസ് കോടതി തള്ളി. നാട്ടിലെത്തുന്ന പ്രജ്വലിനെ വിമാനത്താവളത്തിൽ നിന്നും അറസ്റ്റ് ചെയ്യാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം.

വ്യാഴാഴ്ച രാത്രിയോടെ ജർമനിയിൽ നിന്ന് പുറപ്പെടുന്ന ലുഫ്താൻസ വിമാനത്തിലാണ് പ്രജ്വൽ ടിക്കറ്റ് ബുക്ക് ചെയ്തത്. അർധരാത്രി 12.30ഓടെ വിമാനം ബെംഗളൂരു വിമാനത്താവളത്തിലെത്തും. വെള്ളിയാഴ്ച രാവിലെ 10 മണിയോടെ അന്വേഷണ സംഘത്തിന് മുന്നിലെത്തി കീഴടങ്ങാമെന്നാണ് പ്രജ്വൽ പറയുന്നത്. എന്നാൽ വിമാനത്താവളത്തിൽ വച്ചു തന്നെ കസ്റ്റഡിയിലെടുക്കാനാണ് അന്വേഷണ സംഘം ഒരുങ്ങുന്നത്.

ഇന്റര്‍പോളിന്റെ ബ്ലൂ കോര്‍ണര്‍ നോട്ടീസും പ്രത്യേക കോടതിയുടെ അറസ്റ്റ് വാറന്റും പ്രജ്വലിനെതിരെ നിലനിൽക്കുന്ന സാഹചര്യത്തിൽ പൊലീസിന് നേരിട്ട് അറസ്റ്റ് രേഖപ്പെടുത്താനും കഴിയും. രാഷ്ട്രീയ ഗൂഢാലോചനയാണ് കേസിനു പിന്നിലെന്നും നിയമപരമായി നേരിടുമെന്നും വ്യക്തമാക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം പ്രജ്വൽ പങ്കുവച്ചിരുന്നു. ഇതിലാണ് നാട്ടിൽ തിരിച്ചെത്തി കീഴടങ്ങുമെന്ന് പ്രജ്വൽ വ്യക്തമാക്കിയത്.

എംപി എന്ന നിലയിൽ ലഭിച്ച നയതന്ത്ര പാസ്പോര്‍ട്ട് റദ്ദാക്കാന്‍ വിദേശകാര്യമന്ത്രാലയം നടപടി തുടങ്ങിയതിന് പിന്നാലെയാണ് പ്രജ്വലിന്റെ മടങ്ങിവരവ്. രണ്ടാം ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായതിനു തൊട്ടുപിന്നാലെ ഏപ്രിൽ 27നു പുലര്‍ച്ചെയാണ് പ്രജ്വൽ രാജ്യം വിട്ടത്.

ഏപ്രിൽ 26ന് നടന്ന കർണാടകയിലെ ആദ്യഘട്ട തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് പ്രജ്വലിന്റെ നിരവധി ലൈം​ഗികാതിക്രമ വീഡിയോകൾ വ്യാപകമായി പ്രചരിച്ചത്. സ്ത്രീകളെ ലൈം​ഗികപീഡനത്തിന് ഇരയാക്കുന്ന 2,900ലധികം വീഡിയോകളാണ് മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയുടെ ചെറുമകനും ഹാസനിലെ എം.പിയുമായ പ്രജ്വൽ തന്നെ റെക്കോർഡ് ചെയ്‌തതെന്നാണ് കരുതപ്പെടുന്നത്.

എന്നാൽ ഇത് ചോർന്നതോടെ വൻ ജനരോഷത്തിന് കാരണമാവുകയും കർണാടക രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുകയും എൻഡിഎ മുന്നണി പ്രതിരോധത്തിലാവുകയും ചെയ്തു. വിഷയത്തിൽ ദേശീയ വനിതാ കമ്മീഷൻ കൂടി ഇടപെട്ടതോടെ കേസന്വേഷിക്കാൻ സർക്കാർ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു.

സംഭവം വിവാദമായതോടെ രാജ്യം വിട്ട ഇയാൾക്കെതിരെ ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും പിടികൂടാനായില്ല. പ്രത്യേക അന്വേഷണ സംഘം ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. ബലാത്സംഗം, ഭീഷണിപ്പെടുത്തൽ തുടങ്ങി വിവിധ കുറ്റങ്ങളിലായി മൂന്ന് എഫ്.ഐ.ആറാണ് പ്രജ്വലിനെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

പ്രജ്വലിൻ്റെ വീട്ടിൽ ജോലി ചെയ്തിരുന്ന 47കാരിയാണ് പരാതിയുമായി ആദ്യം രം​ഗത്തെത്തിയത്. പരാതിക്കാരി രേവണ്ണയുടെ വീട്ടിൽ മൂന്നര വർഷത്തോളം ജോലി ചെയ്യുകയും 2019 ജനുവരി മുതൽ 2022 ജനുവരി വരെ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്നുമാണ് എഫ്ഐആറില്‍ പറയുന്നത്. ഇതിനു പിന്നാലെ ജെഡിഎസ് ജില്ലാ വനിതാ നേതാവടക്കമുള്ള മറ്റു യുവതികളും പരാതി നൽകുകയായിരുന്നു.

ഇതിനിടെ, യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഇയാളുടെ പിതാവും ജെഡിഎസ് എംഎൽഎയുമായ എച്ച്‌ഡി രേവണ്ണയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News