'ആന്ധ്രാപ്രദേശിൽ മുസ്‌ലിംകൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു'; വിദ്വേഷ പരാമർശം ആവർത്തിച്ച് മോദി
കഴിഞ്ഞ ദിവസം പറഞ്ഞ കാര്യങ്ങൾ സത്യമാണെന്നും അതിൽ ഉറച്ചുനിൽക്കുന്നുവെന്നും മോദി പറഞ്ഞു.
ടോങ്ക് (രാജസ്ഥാൻ): മുസ്‌ലിം വിരുദ്ധ വിദ്വേഷ പരാമർശം ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ദിവസം താൻ പറഞ്ഞ കാര്യങ്ങൾ സത്യമാണ്. എന്തുകൊണ്ടാണ് കോൺഗ്രസ് അത് അംഗീകരിക്കാത്തതെന്ന് മോദി ചോദിച്ചു. 2004ൽ ആന്ധ്രാപ്രദേശിൽ കോൺഗ്രസ് ഭരണഘടനാ വിരുദ്ധമായി മുസ്‌ലിംകൾക്ക് സംവരണം നൽകാൻ ശ്രമിച്ചെന്നും മോദി ആരോപിച്ചു. രാജസ്ഥാനിലെ ടോങ്കിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുമ്പോഴാണ് മോദി വിദ്വേഷ പരാമർശം ആവർത്തിച്ചത്.
വോട്ട് ബാങ്ക് രാഷ്ട്രീയമാണ് കോൺഗ്രസ് മുന്നിൽ കാണുന്നത്. വോട്ടിന് വേണ്ടി ഒരു വിഭാഗത്തെ മാത്രം മുന്നിൽ കാണുകയാണെന്നും മറ്റുള്ളവരെ അവഗണിക്കുകയാണെന്നും മോദി പറഞ്ഞു. ഭരണഘടനാ വിരുദ്ധമായി പ്രീണനരാഷ്ട്രീയമാണ് കോൺഗ്രസ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
രാജ്യത്തിന്റെ സമ്പത്തിന്റെ പ്രഥമ അവകാശികൾ മുസ്‌ലിംകളാണെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് പറഞ്ഞുവെന്നായിരുന്നു രാജസ്ഥാനിൽ മോദി പറഞ്ഞത്. നിങ്ങളുടെ സമ്പത്ത് കൂടുതൽ മക്കളുള്ളവർക്കും നുഴഞ്ഞുകയറ്റക്കാർക്കും കൊടുക്കണോ എന്നും മോദി ചോദിച്ചിരുന്നു. ഇതിനെതിരെ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. മോദിക്കെതിരെ നിരവധി പരാതികൾ ലഭിച്ചിട്ടും ഒരു നടപടിയുമെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോ പൊലീസോ തയ്യാറായിട്ടില്ല.