സ്മാര്‍ട് ഫോണ്‍, സ്കൂട്ടര്‍, സര്‍ക്കാര്‍ ജോലി... യു.പിയില്‍ വാഗ്ദാന പെരുമഴയുമായി പ്രിയങ്ക

ഉത്തർപ്രദേശ് ബാരാബങ്കിയിലെ കോൺഗ്രസ് റാലിയിലാണ് പ്രിയങ്കയുടെ പ്രഖ്യാപനം.

Update: 2021-10-23 11:35 GMT
Advertising

ഉത്തർപ്രദേശിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ 20 ലക്ഷം സർക്കാർ തൊഴിൽ ഉറപ്പ് വരുത്തുമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. പന്ത്രണ്ടാം ക്ലാസ് വിജയിച്ച പെൺകുട്ടികൾക്ക് സ്മാർട്ട് ഫോണും ബിരുദം നേടിയ പെൺകുട്ടികൾക്ക് സ്കൂട്ടറും നൽകുമെന്നും പ്രിയങ്ക പറഞ്ഞു. ഉത്തർപ്രദേശ് ബാരാബങ്കിയിലെ കോൺഗ്രസ് റാലിയിലാണ് പ്രിയങ്കയുടെ പ്രഖ്യാപനം.

കോവിഡ് കാലത്തെ വൈദ്യുതി ബിൽ എഴുതിത്തള്ളും. വൈദ്യുതി ബിൽ പകുതിയാക്കും. കോവിഡ് മൂലം തൊഴിൽ നഷ്ടപ്പെട്ടവർക്ക് 25000 രൂപ ധനസഹായം നല്‍കുമെന്നും പ്രിയങ്ക വാഗ്ദാനം ചെയ്തു.

സംഘടനാ സംവിധാനം പാടെ തകര്‍ന്ന ഉത്തര്‍പ്രദേശില്‍ കോൺഗ്രസിന്‍റെ ഉയർത്തെഴുന്നേൽപ്പാണ് പ്രിയങ്കയുടെ ലക്ഷ്യം. അധികാരത്തിലെത്തിയാൽ പെണ്‍കുട്ടികള്‍ക്ക് ഇരുചക്ര വാഹനവും സ്മാര്‍ട് ഫോണും വാഗ്ദാനം ചെയ്യുന്ന കോൺഗ്രസ് സ്ത്രീവോട്ടുകളിലാണ് കൂടുതൽ കണ്ണുവെക്കുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളില്‍ 40 ശതമാനം സ്ത്രീകളായിരിക്കുമെന്ന് പ്രിയങ്ക പ്രഖ്യാപിച്ചുകഴിഞ്ഞു.

യു.പി നിയമസഭയില്‍ നിലവില്‍ കോണ്‍ഗ്രസിനുള്ളത് കേവലം ഏഴ് സീറ്റാണ്. ലോക്സഭയിലുള്ളതാകട്ടെ ഒരേ ഒരു എംപി മാത്രം. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്തുകയാണ് പ്രിയങ്കയുടെ ലക്ഷ്യം. പ്രിയങ്കക്കൊപ്പം സെല്‍ഫിയെടുക്കാന്‍ വനിതാ പൊലീസുകാര്‍ പോലും മത്സരിക്കുന്നതാണ് നിലവിലെ കാഴ്ച. പ്രിയങ്ക പകര്‍ന്ന ആവേശം വോട്ടായി മാറുമോ എന്നാണ് ഇനി അറിയാനുള്ളത്.


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News