ജമ്മു കശ്മീരിൽ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് സൈനികർക്ക് ദാരുണാന്ത്യം
വാഹനത്തിൽ 18 പേരുണ്ടായിരുന്നതായാണ് വിവരം
Update: 2024-12-24 16:25 GMT
ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് ജവാൻമാർക്ക് ദാരുണാന്ത്യം. വൈകീട്ട് 5.40ന് മാന്‍കോട്ട് സെക്ടറിലെ ബല്‍നോയ് മേഖലയിലാണ് അപകടമുണ്ടായത്. 11 മദ്രാസ് ലൈറ്റ് ഇൻഫന്ട്രിയുടെ ഭാഗമായ വാഹനം നിയന്ത്രണം വിട്ട് 300 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. 18 സൈനികരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്.
സൈന്യവും ജമ്മു കാശ്മീർ പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. പരിക്കേറ്റ സൈനികരെ ആശുപത്രിയിലേക്ക് മാറ്റി. ചില സൈനികരുടെ നില ഗുരുതരമാണ്.
കഴിഞ്ഞ മാസം സമാന രീതിയിലുണ്ടായ അപകടത്തില്‍ ഒരു സൈനികന്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.