രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ചുക്കാന്‍ പ്രിയങ്കക്ക് നല്‍കിയേക്കും
അതേസമയം സ്ഥാനാർത്ഥി നിർണയത്തിൽ രാജസ്ഥാനിൽ ബി.ജെ.പിയിലും കോൺഗ്രസിലും ആശങ്ക തുടരുന്നു
ഡല്‍ഹി: രാജസ്ഥാനില്‍ കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണം നയിക്കാന്‍ പ്രിയങ്ക ഗാന്ധിയെ നിയോഗിച്ചേക്കും. പ്രിയങ്ക മുന്നിൽ നിന്ന് നയിച്ച രണ്ടു സംസ്ഥാനങ്ങളിലും മിന്നും വിജയം സ്വന്തമാക്കിയത് ചൂണ്ടിക്കാട്ടിയാണ് എ.ഐ.സി.സി തീരുമാനം.അതേസമയം സ്ഥാനാർത്ഥി നിർണയത്തിൽ രാജസ്ഥാനിൽ ബി.ജെ.പിയിലും കോൺഗ്രസിലും ആശങ്ക തുടരുന്നു.
കര്‍ണാടകയിലും ഹിമാചല്‍ പ്രദേശിലും നേടിയ വിജയങ്ങളാണ് പ്രിയങ്കയെ തന്നെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുന്നില്‍ നിർത്താനുള്ള പ്രധാന കാരണം. പ്രിയങ്ക പ്രചാരണത്തെ നയിച്ച രണ്ടിടത്തും വീഴ്ത്തിയത് ബി.ജെ.പിയെ ആയിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ആത്മവിശ്വാസം നിറയ്ക്കാന്‍ പ്രിയങ്കക്ക് സാധിക്കുന്നുണ്ട്. കർണാടകയിൽ യുവാക്കളും സ്ത്രീകളും ധാരാളം കോണ്‍ഗ്രസിലേക്ക് ആകര്‍ഷിക്കപ്പെട്ടത് പ്രിയങ്കയുടെ മികവിലാണ്. പരമാവധി സീറ്റുകളില്‍ പ്രിയങ്കയെ കൊണ്ട് പ്രചാരണം നടത്തി. ജനപ്രീതി മുതലെടുക്കാനാണ് സംസ്ഥാന സമിതികളുടെ തീരുമാനം.
അതേസമയം രാജസ്ഥാനിലെ സ്ഥാനാർഥിനിർണയം കോൺഗ്രസിനും ബി.ജെ.പിക്കും ഒരുപോലെ ആശങ്ക സൃഷ്ടിക്കുകയാണ്. കോൺഗ്രസ് ഇനി 124 സീറ്റുകളിലും ബി.ജെ.പി 76 സീറ്റുകളിലും സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ ഉണ്ട് . സച്ചിൻ പൈലറ്റ് അശോക് ഗെഹ്‍ലോട്ട് തർക്കമാണ് കോൺഗ്രസിനു തലവേദന എങ്കിൽ ബി.ജെ.പി പ്രവർത്തകരുടെ അതൃപ്‌തിയും വിമതഭീഷണിയുമാണ് ബി.ജെ.പിയെ ആശങ്കയിൽ ആകുന്നത്.