'ബംഗാൾ വിരുദ്ധ അജണ്ട പ്രചരിപ്പിക്കുന്നു'; ടിവി ചാനലുകൾ ബഹിഷ്കരിക്കാൻ തൃണമൂൽ
'ഡൽഹിയിലെ യജമാനന്മാരെ തൃപ്തിപ്പെടുത്താനുള്ള ചാനലുകളുടെ നിർബന്ധം മനസിലാകും'
ന്യൂഡൽഹി: ബംഗാൾ വിരുദ്ധ പ്രചാരണം നടത്തിയെന്നാരോപിച്ച് ടിവി ചാനൽ ചർച്ചയ്ക്ക് വക്താക്കളെ അയക്കേണ്ടതില്ലെന്ന് തീരുമാനിച്ച് തൃണമൂൽ കോൺഗ്രസ്. എബിപി ആനന്ദ, റിപ്പബ്ലിക്, ടിവി9 തുടങ്ങിയ മൂന്ന് ചാനലുകളെ ബഹിഷ്കരിക്കുമെന്ന് പാർട്ടി പ്രസ്താവയിൽ വ്യക്തമാക്കി. തങ്ങളുടെ കമ്പനികൾ നേരിടുന്ന അന്വേഷണങ്ങളും എൻഫോഴ്‌സ്‌മെൻ്റ് കേസുകളും കണക്കിലെടുക്കുമ്പോൾ, ഡൽഹിയിലെ യജമാനന്മാരെ തൃപ്തിപ്പെടുത്താനുള്ള അവരുടെ നിർബന്ധം മനസിലാകുമെന്ന് തൃണമൂൽ ചൂണ്ടിക്കാട്ടി.
ചർച്ചകളിലും സംവാദങ്ങളിലും പാർട്ടി അനുഭാവികളായി എത്തുന്നവരിലൂടെ ബംഗാളിലെ ജനങ്ങൾ തെറ്റിദ്ധരിക്കപ്പെടരുതെന്ന് പാർട്ടി ആവശ്യപ്പെട്ടു. ഈ ചാനലുകളിലേക്ക് പാർട്ടി അനുഭാവികളായി എത്തുന്നവർ പാർട്ടി അംഗീകാരം നൽകിയവരായിരിക്കില്ലെന്നും തൃണമൂൽ എക്സിൽ പങ്കുവെച്ച പ്രസ്താവനയിൽ വ്യക്തമാക്കി.
എ.ബി.പി ആനന്ദയിലെ ചർച്ചയ്ക്കിടെ തൃണമൂൽ നേതാവും എംപിയുമായ കകോലി ഘോഷ് ദസ്തിദാറും ബി.ജെ.പി എം.എൽ.എ അഗ്നിമിത്ര പോളും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിന് ദിവസങ്ങൾക്ക് ശേഷമാണ് ഇത്തരം പ്രസ്താവനയുമായി പാർട്ടി രംഗത്തെത്തുന്നത്. മമത ബാനർജി സർക്കാർ ക്രിമിനലുകൾക്ക് അഭയം നൽകുകയും സ്ത്രീകളുടെ ദുരവസ്ഥ അവഗണിക്കുകയും ചെയ്യുന്നുവെന്ന് ബിജെപി നേതാവ് ആരോപിച്ചിരുന്നു. ദസ്തിദാർ, അഗ്നിമിത്ര പോളിനെ "സാരി മേക്കർ" എന്ന് വിളിച്ചിരുന്നു. തൻ്റെ തൊഴിലിൽ തനിക്ക് വളരെയധികം അഭിമാനമുണ്ടെന്നായിരുന്നു ഇതിന് പോളിൻ്റെ പ്രതികരണം.