മകനെ രക്ഷിക്കാൻ രക്തസാമ്പിളിൽ തിരിമറി; പോർഷെ അപകടത്തിൽ 17കാരന്റെ പിതാവിന് ജാമ്യം

17കാരന്റെ രക്തസാമ്പിൾ മാറ്റിനൽകിയ കേസിലാണ് പിതാവും റിയൽ എസ്റ്റേറ്റ് ഡെവലപ്പറുമായ വിശാൽ അഗർവാൾ അറസ്റ്റിലായത്.

Update: 2024-06-21 14:22 GMT
Editor : banuisahak | By : Web Desk
Advertising

പൂനെ പോർഷെ അപകടത്തിൽ പ്രതിയായ 17കാരന്റെ പിതാവ് വിശാൽ അഗർവാളിന് പൂനെ കോടതി വെള്ളിയാഴ്ച ജാമ്യം അനുവദിച്ചു. പൂനെയിലെ കല്യാണി നഗറിൽ മേയ് 19 ഞായറാഴ്ച പുലർച്ചെയോടെയാണ് അപകടമുണ്ടായത്. മദ്യലഹരിയിൽ അമിത വേഗത്തിൽ കാറോടിച്ച 17കാരൻ ബൈക്ക് യാത്രികരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ച് വീണ ഐടി പ്രൊഫഷണലുകളായ യുവാക്കൾ സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു. 

സംഭവത്തിൽ പ്രതിയായ 17കാരന്റെ രക്തസാമ്പിൾ മാറ്റിനൽകിയ കേസിലാണ് പിതാവും റിയൽ എസ്റ്റേറ്റ് ഡെവലപ്പറുമായ വിശാൽ അഗർവാൾ, അമ്മ ശിവാനി എന്നിവർ അറസ്റ്റിലായത്. അപകടത്തിന് പിന്നാലെ പരിശോധനക്കായി 17കാരൻറെ രക്തസാമ്പിളുകൾ ശേഖരിച്ചെങ്കിലും പ്രതിയുടെ രക്തസാമ്പിളിനു പകരം അമ്മയുടെ രക്തസാമ്പിൾ ഉപയോഗിച്ചാണ് ഡോക്ടർമാർ പരിശോധന നടത്തിയത്. പ്രതിയുടെ രക്തസാമ്പിളിൽ കൃത്രിമം കാണിച്ചതിന് സസൂൺ ആശുപത്രിയിലെ ഫോറൻസിക് മെഡിസിൻ വിഭാഗം മേധാവി ഡോ. അജയ് തവാരെ, മെഡിക്കൽ ഓഫീസർ ഡോ. ശ്രീഹരി ഹൽനോർ, അതുൽ ഘട്കാംബ്ലെ എന്ന ജീവനക്കാരൻ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

അമ്മയുടെ രക്തസാമ്പിൾ സിസി ടിവി ഇല്ലാത്ത സ്ഥലത്തു നിന്നാണ് എടുത്തതെന്ന് പൂനെ പൊലീസ് കോടതിയിൽ പറഞ്ഞിരുന്നു. പിന്നീട് ഡോക്ടർമാരും ജീവനക്കാരും ചേർന്ന് 17കാരൻറെ സാമ്പിൾ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുകയും പ്രതിയുടെ സാമ്പിളെന്ന് പറഞ്ഞ് അമ്മയുടേത് നൽകുകയുമായിരുന്നു. 

പത്ത് ദിവസം മുൻപ് വാദം കേട്ട കോടതി ഇന്ന് വിശാലിന് ജാമ്യം അനുവദിക്കുകയായിരുന്നു. മദ്യപിച്ച് വാഹനമോടിച്ച വിവരം മറച്ചുവെക്കാൻ മാതാപിതാക്കൾ രക്തസാമ്പിൾ മാറ്റാൻ മൂന്ന് ലക്ഷം രൂപ കൈക്കൂലി നൽകിയതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഈ കൈക്കൂലി നൽകിയത് ജുവനൈൽ ജസ്റ്റിസ് ബോർഡിൻ്റെ പരിസരത്ത് വെച്ചാണ്. 

ജുവനൈൽ ജസ്റ്റിസ് ബോർഡിൻ്റെ പരിസരത്തുള്ള സസൂൺ ഹോസ്പിറ്റലിലെ വാർഡ് ബോയ് ആയ അതുൽ ഘട്കാംബ്ലെക്ക് രക്ത സാമ്പിൾ അമ്മയുടെ രക്തവുമായി മാറ്റാൻ വിശാൽ അഗർവാൾ കൈക്കൂലി നൽകിയിരുന്നു. ആശുപത്രി ഫോറൻസിക് മെഡിസിൻ വിഭാഗം മേധാവി ഡോ. അജയ് തവാരെ, സർക്കാർ ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ശ്രീഹരി ഹൽനോർ എന്നിവരുടെ നിർദേശപ്രകാരമാണ് ഘട്കാംബ്ലെ കൈക്കൂലി തുക സ്വീകരിച്ചത്. 

ഫോറൻസിക് സയൻസ് ലബോറട്ടറി (എഫ്എസ്എൽ) റിപ്പോർട്ടിൽ ആദ്യ രക്തസാമ്പിളിൽ മദ്യത്തിന്റെ സാന്നിധ്യമില്ലെന്ന് വ്യക്തമായത് പൊലീസിന് സംശയം ജനിപ്പിച്ചിരുന്നു. പിന്നീട് മറ്റൊരു ആശുപത്രിയിൽ രണ്ടാമത്തെ രക്തപരിശോധന നടത്തി. ഡിഎൻഎ പരിശോധനയിൽ സാമ്പിളുകൾ രണ്ട് വ്യത്യസ്ത വ്യക്തികളിൽ നിന്നുള്ളതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. .

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News