ഗുണ്ടാസംഘങ്ങളെ പിടികൂടാന്‍ കാനഡയുടെ സഹായം തേടി പഞ്ചാബ് മുഖ്യമന്ത്രി

കാനഡയ്ക്കും പഞ്ചാബിനും ഇടയിൽ സംയുക്ത പൊലീസ് ഓപറേഷന്‍ ആവശ്യമാണെന്ന് ഭഗവന്ത് മന്‍

Update: 2022-06-10 14:04 GMT
Advertising

ചണ്ഡിഗഢ്: ഗുണ്ടാസംഘങ്ങളെ പിടികൂടാന്‍ കാനഡയുടെ സഹായം തേടി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍. കാനഡയില്‍ നിന്നു പ്രവര്‍ത്തിക്കുന്ന ഗുണ്ടാസംഘത്തിന് ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസേവാലയുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനു പിന്നാലെയാണ് പഞ്ചാബ് മുഖ്യമന്ത്രിയുടെ ഇടപെടല്‍. കനേഡിയൻ ഹൈക്കമ്മീഷണർ കാമറൂൺ മക്കെയുമായുള്ള കൂടിക്കാഴ്ചയിലാണ് ഭഗവന്ത് മന്‍ ഈ ആവശ്യം ഉന്നയിച്ചത്.

സിദ്ദു മൂസെവാലയുടെ കൊലപാതകത്തിന്‍റെ ഉത്തരവാദിത്വം, ഗോള്‍ഡി ബ്രാര്‍ എന്ന് അറിയപ്പെടുന്ന സതീന്ദർജിത് സിങ് എന്ന ഗുണ്ടാനേതാവ് ഏറ്റെടുത്തിരുന്നു. 2017ൽ സ്റ്റുഡന്‍റ് വിസയിൽ കാനഡയിലെത്തിയ ഇയാള്‍ ഇപ്പോഴും ആ രാജ്യത്ത് തന്നെയാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.

കാനഡയ്ക്കും പഞ്ചാബിനും ഇടയിൽ സംയുക്ത പൊലീസ് ഓപറേഷന്‍ ആവശ്യമാണെന്ന് കനേഡിയന്‍ പ്രതിനിധിയുമായുള്ള ചര്‍ച്ചയില്‍ പഞ്ചാബ് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഈ രണ്ടിടവും ഗുണ്ടാസംഘങ്ങളിൽ നിന്ന് മോചിപ്പിക്കാനുള്ള ഒരേയൊരു മാർഗമാണിതെന്ന് അദ്ദേഹം പറഞ്ഞു. പരിഹാരം കണ്ടെത്താമെന്ന് കനേഡിയന്‍ പ്രതിനിധി ഉറപ്പുനല്‍കിയെന്ന് ചര്‍ച്ചയ്ക്കിടെ എടുത്ത ഫോട്ടോകള്‍ പഞ്ചാബ് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.

ഫരീദ്കോട്ടിൽ രജിസ്റ്റർ ചെയ്ത രണ്ട് പഴയ കേസുകളിൽ ഗോൾഡി ബ്രാറിനെതിരെ ഇന്‍റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചു. സിദ്ദു മൂസെവാലയുടെ കൊലപാതകത്തിന് മുന്‍പുതന്നെ മറ്റൊരു കേസില്‍ ഗോള്‍ഡി ബ്രാറിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്ന് പഞ്ചാബ് പൊലീസ് പറഞ്ഞു.

പഞ്ചാബിലെ ശ്രീ മുക്ത്സർ സാഹിബ് സ്വദേശിയായ ഗോൾഡി ബ്രാർ , ലോറൻസ് ബിഷ്‌ണോയിയുടെ ഗുണ്ടാസംഘത്തിലെ അംഗമാണെന്ന് പൊലീസ് പറഞ്ഞു. ഡൽഹിയിലെ ജയിലിൽ കഴിയുന്ന ലോറൻസ് ബിഷ്‌ണോയിയാണ് സിദ്ദു മൂസെവാലെ വധത്തിന്‍റെ സൂത്രധാരനെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. സിദ്ദു മൂസെവാലയ്ക്ക് നേരെ വെടിയുതിര്‍ത്ത എട്ട് പേരിൽ ഒരാളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ 10 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. 

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News