രാഹുൽ - അഖിലേഷ് തരംഗം; ബി.ജെ.പിയെ ഞെട്ടിച്ച് യു.പി
കഴിഞ്ഞ തവണ 3.78 ലക്ഷം വോട്ടിന്റെ വമ്പൻ വിജയം നേടിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുഘട്ടത്തിൽ 9000 വോട്ടിന് പിന്നിലായി.
'400 പാർ' അവകാശവാദവുമായി മൂന്നാം തവണയും ഭരണംപിടിക്കാനിറങ്ങിയ ബി.ജെ.പിയുടെ എല്ലാ പ്രതീക്ഷയും യു.പിയിലായിരുന്നു. ഹിന്ദുന്ദ്വ രാഷ്ട്രീയം ഏറെക്കാലമായി മുന്നോട്ടുവെക്കുന്ന രാമക്ഷേത്രം യാഥാർഥ്യമാക്കിയതും മഥുര ഷാഹി മസ്ജിദ്, ഗ്യാൻവാപി തുടങ്ങിയ വിഷയങ്ങൾ സജീവമാക്കി നിർത്തിയതുമെല്ലാം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തുണയ്ക്കുമെന്ന പ്രതീക്ഷയിലായിരുന്നു ബി.ജെ.പി. ഈ പ്രതീക്ഷകളെല്ലാം നിഷ്പ്രഭമാക്കുന്ന ഫലമാണ് യു.പിയിൽനിന്ന് വരുന്നത്.
2019നെ അപേക്ഷിച്ച് മികച്ച പ്രകടനമാണ് ഇൻഡ്യാ സഖ്യം നടത്തിയത്. 33 സീറ്റുകളിലാണ് നിലവിൽ സമാജ്‌വാദി പാർട്ടി ലീഡ് ചെയ്യുന്നത്. കോൺഗ്രസ് ഏഴ് സീറ്റുകളിൽ മുന്നിട്ടുനിൽക്കുന്നു. ഇതോടെ ഇൻഡ്യാ സഖ്യത്തിന് 40 സീറ്റായി. കഴിഞ്ഞ തവണ എസ്.പിക്ക് അഞ്ച് സീറ്റും കോൺഗ്രസിന് ഒരു സീറ്റുമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 10 സീറ്റ് നേടിയ മായാവതിയുടെ ബി.എസ്.പിക്ക് ഇത്തവണ ഒരു സീറ്റിൽ പോലും വിജയിക്കാനായില്ല.
രാഹുൽ-അഖിലേഷ് സഖ്യം ഒറ്റക്കെട്ടായി നടത്തിയ പ്രവർത്തനത്തിന്റെ ഫലമാണ് യു.പിയിൽ കണ്ടത്. കഴിഞ്ഞ തവണ വാരാണസിയിൽ 3.78 ലക്ഷത്തിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചുകയറിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുഘട്ടത്തിൽ 9,000ൽ അധികം വോട്ടിന് പിന്നിൽ പോവുന്നത് രാജ്യം കണ്ടു. പി.സി.സി അധ്യക്ഷൻ അജയ് റായിയാണ് മോദി നേരിടുന്നത്. നിലവിൽ 1,49,206 വോട്ടിനാണ് മോദി ലീഡ് ചെയ്യുന്നത്. വിജയിക്കുമ്പോൾ പോലും പ്രധാനമന്ത്രിയുടെ ഭൂരിപക്ഷം കഴിഞ്ഞ തവണത്തേതിന്റെ മൂന്നിൽ ഒന്നിലേക്ക് ചുരുങ്ങുന്നു എന്നതാണ് ശ്രദ്ധേയം.
കഴിഞ്ഞ തവണ രാഹുൽ ഗാന്ധിയെ തോൽപ്പിച്ചതിന്റെ പകിട്ടിൽ അമേഠിയിൽ പോരിനിറങ്ങിയ സ്മൃതി ഇറാനിയെ കിഷോരി ലാൽ ശർമ മലർത്തിയടിച്ചു. രാഹുൽ ഒളിച്ചോടിയെന്ന് പരിഹസിച്ച സ്മൃതി ഇറാനി ഗാന്ധി കുടുംബത്തിന്റെ പാവയെന്നാണ് കിഷോരി ലാലിനെ വിശേഷിപ്പിച്ചിരുന്നു. എന്നാൽ സ്മൃതി ഇറാനിയുടെ എല്ലാ അവകാശവാദങ്ങളും അപ്രസക്തമാക്കുന്ന രീതിയിൽ കൃത്യമായ ഭൂരിപക്ഷത്തോടെയാണ് കിഷോരി ലാൽ ജയിച്ചുകയറിയത്. 1,19,568 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കിഷോരി ലാൽ ലീഡ് ചെയ്യുന്നത്.
റായ്‌റേലിയിൽ രാഹുൽ ഗാന്ധി 3,85,501 വോട്ടുകൾക്കാണ് ലീഡ് ചെയ്യുന്നത്. ബി.ജെ.പിയുടെ ദിനേശ് പ്രതാപ് സിങ് ആണ് ഇവിടെ എതിർസ്ഥാനാർഥി. കനൗജിൽ സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് 1,17,749 വോട്ടുകൾക്കാണ് ലീഡ് ചെയ്യുന്നത്. കർഷകരെ വാഹനം കയറ്റി കൊലപ്പെടുത്തിയ ലഖിംപൂർ ഖേരിയിൽ കേന്ദ്രമന്ത്രി അജയ് കുമാർ മിശ്ര പിന്നിലാണ്. ഇവിടെ എസ്.പിയുടെ ഉത്കർഷ് വർമയാണ് ലീഡ് ചെയ്യുന്നത്. 33,361 വോട്ടിനാണ് ഉത്കർഷ് വർമ ലീഡ് ചെയ്യുന്നത്.
അവസാനം പുറത്തുവരുന്ന കണക്കുകൾ പ്രകാരം 41.49 ശതമാനമാണ് ബി.ജെ.പിയുടെ വോട്ട് വിഹിതം. 33.01 ശതമാനം വോട്ടുകൾ എസ്.പി നേടിയപ്പോൾ 10.11 ശതമാനം വോട്ടാണ് കോൺഗ്രസ് നേടിയത്. ബി.എസ്.പി 9.66 ശതമാനം വോട്ട് നേടിയിട്ടുണ്ട്.