'കർഷകരുടെ ആവശ്യങ്ങൾ സർക്കാർ ഉടൻ നടപ്പാക്കണം'; കർഷകർക്ക് നേരെ കണ്ണീർ വാതകം ഉപയോ​ഗിച്ചതിനെ അപലപിച്ച് രാ​ഹുൽ ​ഗാന്ധി

പഞ്ചാബിലെ കർഷകരുടെ 'ഡൽഹി ചലോ' മാർച്ച് ഹരിയാന അതിർത്തിയിൽ പൊലീസ് തടഞ്ഞിരുന്നു

Update: 2024-12-06 14:15 GMT
Advertising

ന്യൂഡൽഹി: കർഷക സമരത്തെ സർക്കാർ കൈകാര്യം ചെയ്ത രീതിയെ വിമർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കർഷകർക്ക് നേരെ കണ്ണീർ വാതകം ഉപയോ​ഗിച്ചതിനെ രാ​​ഹുൽ അപലപിച്ചു. കർഷകരുടെ ആവശ്യങ്ങൾ സർക്കാർ ഉടൻ നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

'കർഷകർക്കു നേരെ നേരെ കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചതും അവരെ തടയാൻ ശ്രമിക്കുന്നതും അപലപനീയമാണ്. അവരുടെ ആവശ്യങ്ങളും പ്രശ്നങ്ങളും സർക്കാർ ഗൗരവത്തോടെ കേൾക്കണം. ഇന്ന് രാജ്യത്ത് ഓരോ മണിക്കൂറിലും ഒരു കർഷകൻ ആത്മഹത്യ ചെയ്യാൻ നിർബന്ധിതനാകുന്നു. ഇതിൽ നിന്ന് കർഷകർ അനുഭവിക്കുന്ന ദുരിതം എത്രയെന്ന് മനസിലാക്കാവുന്നതാണ്.'- രാഹുൽ ​ഗാന്ധി പറഞ്ഞു.

2020-21ൽ നടന്ന പ്രതിഷേധത്തിനിടെ 700 കർഷകർ മരിച്ച സംഭവവും രാഹുൽ ചൂണ്ടിക്കാട്ടി. മോദി സർക്കാരാണ് അതിനു കാരണമെന്ന് രാഹുൽ പറഞ്ഞു. ഞങ്ങൾ കർഷകരുടെ വേദന മനസ്സിലാക്കുകയും അവരുടെ ആവശ്യങ്ങൾ പിന്തുണക്കുകയും ചെയ്യുന്നു. മിനിമം താങ്ങുവില അടക്കമുള്ള എല്ലാ ആവശ്യങ്ങളും സർക്കർ ഉടൻ നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കർഷകർ അഭിവൃദ്ധി പ്രാപിച്ചാലേ രാജ്യം സമൃദ്ധമാകൂവെന്നും രാ​ഹുൽ എക്സിൽ കുറിച്ചു.

പഞ്ചാബിലെ കർഷകരുടെ 'ഡൽഹി ചലോ' മാർച്ച് ഹരിയാന അതിർത്തിയിൽ പൊലീസ് തടഞ്ഞിരുന്നു. കർഷകർക്ക് നേരെ ഹരിയാന അതിർത്തി സുരക്ഷാ സേന കണ്ണീർ വാതകവും റബ്ബർ ബുള്ളറ്റുകളും പ്രയോഗിച്ചു. ഹരിയാന-പഞ്ചാബ് ശംഭു അതിർത്തിയിൽ വെച്ചാണ് പൊലീസ് മാർച്ച് തടഞ്ഞത്.

മിനിമം താങ്ങുവിലയിൽ നിയമപരമായ ഉറപ്പ് ഉൾപ്പടെയുള്ള ആവശ്യങ്ങളുമായാണ് പഞ്ചാബിൽ നിന്നുള്ള കർഷകർ ഇന്ന് ഉച്ചയോടെ ഡൽഹി ചലോ മാർച്ച് ആരംഭിച്ചത്. 101 കർഷകരുടെ ഒരു സംഘമാണ് ശംഭു അതിർത്തിയിലെ പ്രതിഷേധ സ്ഥലത്ത് നിന്നും പുറപ്പെട്ടത്. എന്നാൽ അതിർത്തി കടക്കാൻ അനുവദിക്കാതെ പൊലീസ് ബാരിക്കേഡുകൾ വെച്ച് തടയുകയായിരുന്നു.

സംഘർഷത്തെ തുടർന്ന് അംബാല ജില്ലയിലെ 11 ഗ്രാമങ്ങളിൽ മൊബൈൽ ഇന്റർനെറ്റ്, ബൾക്ക് എസ്എംഎസ് സേവനങ്ങൾ അടുത്ത ആഴ്ച വരെ നിർത്തിവെച്ചിരിക്കുകയാണ്. അംബാലയിലെ ദംഗ്‌ദേഹ്‌രി, ലോഹ്‌ഗർ, മനക്‌പൂർ, ദാദിയാന, ബാരി ഗെൽ, ലാർസ്, കാലു മജ്‌റ, ദേവി നഗർ, സദ്ദോപൂർ, സുൽത്താൻപൂർ, കക്രു ഗ്രാമങ്ങളിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് നിരോധനം ഏർപ്പെടുത്തിയത്.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News