വിഗ്രഹം അശുദ്ധമാക്കിയെന്ന് ആരോപിച്ച് 60,000 രൂപ പിഴ ചുമത്തപ്പെട്ട ദലിത് കുടുംബത്തെ സന്ദർശിച്ച് രാഹുൽ ഗാന്ധി

കർണാടകയിലെ കോലാർ ജില്ലയിലെ ദലിത് കുടുംബത്തിനാണ് ക്ഷേത്ര വിഗ്രഹം അശുദ്ധമാക്കിയെന്ന് ആരോപിച്ച് 60,000 രൂപ പിഴ ചുമത്തിയത്.

Update: 2022-10-11 07:29 GMT
Advertising

കോലാർ: ക്ഷേത്രത്തിലെ വിഗ്രഹം അശുദ്ധമാക്കിയെന്ന് ആരോപിച്ച് പിഴ ചുമത്തപ്പെട്ട ദലിത് കുടുംബത്തെ സന്ദർശിച്ച് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രക്കിടെയായിരുന്നു സന്ദർശനം. കുടുംബത്തിന് നേരിടേണ്ടിവന്ന അപമാനത്തെ രാഹുൽ ഗാന്ധി അപലപിച്ചു. ഇത്തരം അനീതികൾ തുടച്ചുമാറ്റുമെന്ന് പറഞ്ഞ രാഹുൽ ഗാന്ധി കുടുംബത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ചു.

കർണാടകയിലെ കോലാർ ജില്ലയിലെ ദലിത് കുടുംബത്തിനാണ് ക്ഷേത്ര വിഗ്രഹം അശുദ്ധമാക്കിയെന്ന് ആരോപിച്ച് 60,000 രൂപ പിഴ ചുമത്തിയത്. സെപ്റ്റംബർ എട്ടിന് ഗ്രാമവാസികൾ ഭൂതയമ്മ മേള നടത്തുന്നതിനിടെയാണ് സംഭവം. ഗ്രാമദേവതയുടെ ക്ഷേത്രത്തിൽ ദലിതർക്ക് പ്രവേശിക്കാൻ അനുമതിയില്ല. ഇതിനിടയിൽ ദലിത് കുടുംബത്തിലെ ശോഭയുടെയും രമേശിന്റെ 15 വയസ്സുള്ള മകൻ ഗ്രാമദേവതയായ സിദിരണ്ണയുടെ വിഗ്രഹത്തിൽ ഘടിപ്പിച്ച ദണ്ഡിൽ സ്പർശിക്കുകയായിരുന്നു.

ഇത് കണ്ട ഗ്രാമവാസിയായ വെങ്കിടേശപ്പയാണ് ആചാരം ലംഘിക്കപ്പെട്ടതായി ആരോപണമുന്നയിച്ചത്. അടുത്ത ദിവസം കുടുംബത്തെ വിചാരണ ചെയ്ത ഉയർന്ന ജാതിക്കാരായ ആളുകൾ വിഗ്രഹം അശുദ്ധമാണെന്നും എല്ലാം വീണ്ടും പെയിന്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. വീണ്ടും പെയിന്റ് ചെയ്യുന്നതിന് ഒക്ടോബർ ഒന്നിന് 60,000 രൂപ നൽകണമെന്നായിരുന്നു ഗ്രാമമുഖ്യനായ നാരായണ സ്വാമി ആവശ്യപ്പെട്ടത്. പിഴയടച്ചില്ലെങ്കിൽ കുടുംബത്തെ ഗ്രാമത്തിൽനിന്ന് പുറത്താക്കുമെന്നും മുന്നറിയിപ്പ് നൽകി. കുടുംബത്തെ വിചാരണ ചെയ്തതിൽ ചില ഗ്രാമ പഞ്ചായത്ത് അംഗങ്ങളും ഉൾപ്പെട്ടിട്ടുണ്ട്.

''60,000 രൂപ അടയ്ക്കണമെന്ന് ഞങ്ങളോട് ആവശ്യപ്പെട്ടത്. ഞാൻ എങ്ങനെയാണ് ഇത്രയും പണം അടക്കുന്നത്? വെറും 300 രൂപയാണ് എന്റെ ഒരു ദിവസത്തെ കൂലി. 5,000 രൂപ നൽകാമെന്ന് അവരോട് പറഞ്ഞിരുന്നു, പക്ഷെ സമ്മതിച്ചില്ല. അവർ എന്റെ മകനെ അടിക്കുകയും എല്ലാവരുടെയും മുന്നിൽവെച്ച് അപമാനിക്കുകയും ചെയ്തു. ഒരു ദൈവവും ഞങ്ങളെ സഹായിക്കാൻ വന്നില്ല. ഞങ്ങളെ സഹായിക്കാതെ ദൈവത്തെ ഞങ്ങളെന്തിന് ആരാധിക്കണം? അതുകൊണ്ട് മുഴുവൻ ഹിന്ദു ദൈവങ്ങളുടെയും വിഗ്രങ്ങൾ ഞങ്ങളുടെ വീട്ടിൽനിന്ന് നീക്കി. അംബേദ്ക്കർ മാത്രമാണ് ഞങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടിയത്. ഞാൻ ആരെയെങ്കിലും ആരാധിക്കുകയാണെങ്കിൽ അത് അംബേദ്കറെ മാത്രമായിരിക്കും''- കുട്ടിയുടെ അമ്മയെ ഉദ്ധരിച്ച് 'ദ ന്യൂസ് മിനുട്ട്' റിപ്പോർട്ട് ചെയ്തു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News