'മോദിജീ... ഭരണം ദുരുപയോഗം ചെയ്യാനാകും, സത്യത്തെ തുറങ്കിലടക്കാനാകില്ല'; ജിഗ്‌നേഷ് മേവാനിയുടെ അറസ്റ്റിൽ പ്രതികരിച്ച് രാഹുൽ ഗാന്ധി
മേവാനിയെ അറസ്റ്റ് ചെയ്തത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ട്വീറ്റ് ഇട്ടതിന്റെ പേരിലാണെന്ന വിവരം പുറത്തുവന്നതോടെയാണ് മോദിയെ പേരെടുത്ത് വിളിച്ച് രാഹുൽ പ്രതികരിച്ചത്
സമുദായങ്ങൾക്കിടയിൽ സ്പർദ്ധ വളർത്താൻ ശ്രമിച്ചെന്ന കുറ്റം ചുമത്തി അസം പൊലീസ് എം.എൽ.എയും ദലിത് ആക്റ്റിവിസ്റ്റുമായ ജിഗ്‌നേഷ് മേവാനിയെ അറസ്റ്റ് ചെയ്തതിൽ രൂക്ഷമായി പ്രതികരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 'മോദിജീ... സംസ്ഥാന ഭരണം ദുരുപയോഗം ചെയ്ത് വിയോജിപ്പുകളെ തകർക്കാൻ താങ്കൾക്ക് ശ്രമിക്കാം. പക്ഷേ, സത്യത്തെ ഒരിക്കലും തുറങ്കിലടക്കാനാകില്ല' മേവാനിയെ അറസ്റ്റ് ചെയ്ത വാർത്തയുടെ സ്‌ക്രീൻ ഷോട്ട് സഹിതം പോസ്റ്റ് ചെയ്ത ട്വിറ്റർ കുറിപ്പിൽ രാഹുൽ വിമർശിച്ചു. ഡറോ മത് ( പേടിക്കരുത്), സത്യമേ വ ജയതേ (സത്യം മാത്രമേ ജയിക്കൂ) എന്നീ ഹാഷ്ടാഗുകളോടെയായിരുന്നു പ്രതികരണം. മേവാനിയെ അറസ്റ്റ് ചെയ്തത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ട്വീറ്റ് ഇട്ടതിന്റെ പേരിലാണെന്ന വിവരം പുറത്തുവന്നതോടെയാണ് മോദിയെ പേരെടുത്ത് വിളിച്ച് രാഹുൽ പ്രതികരിച്ചത്.
ബുധനാഴ്ച രാത്രി 11.30ഓടെ ഗുജറാത്തിലെ പാലൻപുർ സർക്യൂട്ട് ഹൗസിൽ നിന്നാണ് ജിഗ്‌നേഷ് മേവാനിയെ അസം പൊലീസ് അറസ്റ്റ് ചെയ്തത്. ഐടി ആക്റ്റിലെ സെക്ഷൻ 66, സെക്ഷൻ 153 എന്നീ വകുപ്പുകൾ പ്രകാരമാണ് എം.എൽ.എക്കെതിരെ കേസെടുത്തത്. സമുദായങ്ങൾക്കിടയിൽ സ്പർദ്ധ വളർത്താൻ ശ്രമിച്ചെന്ന കുറ്റമാണ് അദ്ദേഹത്തിനെതിരെ ചുമത്തിയത്. എഫ്.ഐ.ആർ റദ്ദാക്കണമെന്നും എം.എൽ.എയ്ക്ക് ജാമ്യം നൽകണമെന്നും ആവശ്യപ്പെട്ട് അസം ഹൈക്കോടതിയെ സമീപിക്കുമെന്ന് അഭിഭാഷകൻ ആനന്ദ് യാജ്ഞിക് പറഞ്ഞിരുന്നു.
'ഗോഡ്സെയെ ദൈവമായി കാണുന്ന പ്രധാനമന്ത്രി ഗുജറാത്തിലെ വർഗീയ സംഘർഷങ്ങൾ ഇല്ലാതാക്കി സമാധാനത്തിനും സൗഹാർദത്തിനും അഭ്യർഥിക്കണം' എന്ന ട്വീറ്റിന്റെ പേരിലാണ് നടപടിയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അസം സ്വദേശിയായ അനൂപ് കുമാർ ദേ ആണ് പരാതി നൽകിയിരുന്നത്. എഫ്ഐആറിന്റെ പകർപ്പ് പൊലീസ് നൽകിയിട്ടില്ലെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു. പരാതിക്ക് ആധാരമായ ജിഗ്‌നേഷിന്റെ ട്വീറ്റുകൾ ട്വിറ്റർ തടഞ്ഞിട്ടുണ്ട്. ഗുജറാത്ത് വദ്ഗാം മണ്ഡലത്തിലെ എം.എൽ.എ ആണ് ജിഗ്‌നേഷ് മേവാനി. സ്വതന്ത്ര എം.എൽ.എ ആയി വിജയിച്ച അദ്ദേഹം കോൺഗ്രസിനെ പിന്തുണക്കുകയായിരുന്നു.
Rahul Gandhi responds to the arrest of Jignesh Mewani