രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര സെപ്റ്റംബർ 11ന് കേരളത്തിലെത്തും
സംസ്ഥാനത്ത് 43 നിയമസഭാ മണ്ഡലങ്ങളിലൂടെയും 12 ലോക്സഭാ മണ്ഡലങ്ങളിലൂടെയും യാത്ര കടന്നുപോകും
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ കന്യാകുമാരി മുതൽ കശ്മിർ വരെ നടത്തുന്ന ഭാരത് ജോഡോ യാത്ര സെപ്റ്റംബർ 11ന് സംസ്ഥാനത്ത് പ്രവേശിക്കും. സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിലെ ഗാന്ധിമണ്ഡപത്തിൽനിന്ന് ആരംഭിക്കുന്ന യാത്ര മൂന്ന് ദിവസത്തെ പര്യടന ശേഷം സെപ്റ്റംബർ 11ന് രാവിലെയാണ് കേരള അതിർത്തിയിലെത്തുന്നത്.
കേരള അതിർത്തിയായ കളിക്കാവിളയിൽനിന്ന് യാത്രയ്ക്ക് വൻ സ്വീകരണം നൽകും. രാവിലെ ഏഴുമുതൽ 10 വരെയും വൈകീട്ട് നാലു മുതൽ രാത്രി ഏഴുവരെയുമായി ഓരോ ദിവസവും 25 കി.മീറ്റർ ദൂരമാണ് പദയാത്ര വിവിധ പ്രദേശങ്ങളിലൂടെ കടന്നുപോകുന്നത്. തിരുവനന്തപുരം മുതൽ തൃശൂർ വരെ ദേശീയപാത വഴിയും തുടർന്ന് തൃശ്ശൂരിൽനിന്ന് നിലമ്പൂർ വരെ സംസ്ഥാനപാത വഴിയുമാണ് ജാഥ കടന്നുപോകുന്നത്.
കേരളത്തിൽ യാത്ര വൻവിജയമാക്കാൻ കെ. സുധാകരൻ എം.പിയുടെ നേതൃത്വത്തിൽ കെ.പി.സി.സി ആസ്ഥാനത്ത് ചേർന്ന സമ്പൂർണ എക്‌സിക്യൂട്ടിവ് യോഗം തീരുമാനിച്ചു. എ.ഐ.സി.സി ജനറൽ സെക്രട്ടി കെ.സി വേണുഗോപാൽ, മുതിർന്ന നേതാവ് എ.കെ ആന്റണി, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ജോഡോ യാത്രയെ സംബന്ധിച്ച വിശദാംശങ്ങൾ കേരള കോഡിനേറ്ററും കെ.പി.സി.സി വർക്കിങ് പ്രസിഡന്റുമായ കൊടിക്കുന്നിൽ സുരേഷ് എം.പി യോഗത്തിൽ വിശദീകരിച്ചു.
പാറശ്ശാല മുതൽ നിലമ്പൂർ വരെ 19 ദിവസമായി 453 കി.മീറ്ററാണ് ഭാരത് യാത്ര കേരളത്തിൽ പര്യടനം നടത്തുന്നത്. തിരുവനന്തപുരം ജില്ലയിൽ 11,12,13,14 തിയതികളിൽ പര്യടനം നടത്തി 14ന് ഉച്ചയ്ക്ക് കൊല്ലം ജില്ലയിൽ പ്രവേശിക്കും. 15,16 തിയതികളിൽ കൊല്ലം ജില്ലയിലൂടെ കടന്നുപോകുന്ന യാത്ര 17,18,19,20 തിയതികളിൽ ആലപ്പുഴയിലും 21,22ന് എറണാകുളം ജില്ലയിലും 23,24,25 തിയതികളിൽ തൃശൂർ ജില്ലയിലും 26നും 27ന് ഉച്ചവരെ പാലക്കാട്ടും പര്യടനം നടത്തും. 27ന് ഉച്ചയ്ക്കുശേഷം മലപ്പുറം ജില്ലയിൽ പ്രവേശിക്കും. 28നും 29നും മലപ്പുറം ജില്ലയിലൂടെ കടന്ന് കേരളത്തിലെ പര്യടനം പൂർത്തിയാക്കി കർണാടകയിലേക്ക് കടക്കും.
കേരളത്തിൽ പാറശാല, നെയ്യാറ്റിൻകര, ബാലരാമപുരം, നേമം, തിരുവനന്തപുരം സിറ്റി, കഴക്കൂട്ടം, ആറ്റിങ്ങൽ, ചാത്തന്നൂർ, ഇരവിപുരം, കൊല്ലം, ചവറ, കരുനാഗപ്പള്ളി, കായംകുളം, ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, അരൂർ, ഇടപ്പള്ളി, കൊച്ചി, ആലുവ, അങ്കമാലി, ചാലക്കുടി, പുതുക്കാട്, ഒല്ലൂർ, തൃശ്ശൂർ, വടക്കാഞ്ചേരി, വള്ളത്തോൾ നഗർ, ഷൊർണ്ണൂർ, പട്ടാമ്പി, പെരിന്തൽമണ്ണ, വണ്ടൂർ, നിലമ്പൂർ തുടങ്ങി 43 അസംബ്ലി നിയോജക മണ്ഡലങ്ങളിലും 12 ലോക്സഭാ മണ്ഡലങ്ങളിലും യാത്രയെത്തും.
300 സ്ഥിരാംഗങ്ങളാണ് യാത്രയെ അനുഗമിക്കുന്നത്. എ.ഐ.സി.സി നിശ്ചയിക്കുന്ന 100 സ്ഥിരാംഗങ്ങൾ കന്യാകുമാരി മുതൽ കശ്മീർ വരെ 148 ദിവസങ്ങളായി 3,571 കി.മീറ്റർ രാഹുൽ ഗാന്ധിയോടൊപ്പം പദയാത്രയിൽ അണിചേരും. യാത്ര കടന്നുപോകുന്ന ഓരോ സംസ്ഥാനങ്ങളിൽനിന്നും തിരഞ്ഞെടുക്കപ്പെടുന്ന 100 അംഗങ്ങൾ അതത് സംസ്ഥാനങ്ങളിൽ ആദ്യാവസാനം വരെ പദയാത്രയുടെ ഭാഗമാകും. യാത്ര കടന്നുപോകാത്ത സംസ്ഥാനങ്ങളിൽനിന്ന് പങ്കാളിത്തം ഉറപ്പാക്കാൻ 100 അംഗങ്ങളെയും ഉൾപ്പെടുത്തും.
യാത്രയുടെ വിജയത്തിനായി 14 ജില്ലകളിലും 140 അസംബ്ലി മണ്ഡലങ്ങളിലും മുഴുവൻ കോൺഗ്രസ് മണ്ഡലം, ബൂത്ത് കമ്മിറ്റികളുടെയും നേതൃത്വത്തിൽ വിപുലമായ യോഗം വിളിച്ചുചേർത്ത് സ്വാഗതസംഘം രൂപീകരിക്കും. ജില്ലാതല സ്വാഗതസംഘം രൂപീകരണയോഗം ആഗസ്റ്റ് 17 മുതൽ 21 വരെ നടക്കും. വിവിധ ജില്ലകളിലായി നടക്കുന്ന കൺവെൻഷനുകളിൽ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി, പ്രതിപക്ഷനേതാവ് വി.ഡി സതീശൻ, കൊടിക്കുന്നിൽ സുരേഷ് എം.പി തുടങ്ങിയവർ പങ്കെടുക്കും. ആഗസ്റ്റ് 17ന് എറണാകുളം, തൃശ്ശൂർ, 18ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, 19ന് മലപ്പുറം, പാലക്കാട്, കോഴിക്കോട്, 20ന് ഇടുക്കി, കോട്ടയം, വയനാട്, 21ന് കണ്ണൂർ, കാസർകോട്, പത്തനംതിട്ട എന്നീ ജില്ലകളിലെ കൺവൻഷനുകൾ നടക്കും.
Summary: Rahul Gandhi's Bharat Jodo Yatra will reach Kerala on September 11