സര്‍ക്കാര്‍ മാറുമ്പോള്‍ ജനാധിപത്യം അഴിച്ചുപണിയുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും; ബി.ജെ.പിക്കെതിരെ രാഹുല്‍ ഗാന്ധി
ബി.ജെ.പി 'നികുതി ഭീകരത' യില്‍ ഏര്‍പ്പെടുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു
ഡല്‍ഹി: കോണ്‍ഗ്രസിന് വീണ്ടും ആദായ നികുതി നോട്ടീസ് ലഭിച്ചതിന് പിന്നാലെ ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത് വന്നു. സര്‍ക്കാര്‍ മാറുമ്പോള്‍ ജനാധിപത്യം അഴിച്ചുപണിയുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ബി.ജെ.പി ഓര്‍ക്കണമെന്ന് രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു. ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ ആരും ചെയ്യാന്‍ ധൈര്യപ്പെടാത്ത രീതിയിലുള്ള മാതൃകാപരമായ നടപടി സ്വീകരിക്കുമെന്നും, ഇതെന്റെ ഉറപ്പാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കാനുള്ള പ്രധാനമന്ത്രിയുടെ പ്രതിബദ്ധത ഉയര്‍ത്തിക്കാട്ടാന്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 'മോദിയുടെ ഉറപ്പ്' എന്ന പ്രചാരണം ബി.ജെ.പി നടത്തുന്നത് ശ്രദ്ധേയമാണ്. ആദയ നികുതി വകുപ്പിന്റെ നോട്ടീസ് അംഗീകരിക്കാനാവില്ലെന്നും ബി.ജെ.പി 'നികുതി ഭീകരത' യില്‍ ഏര്‍പ്പെടുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
കോണ്‍ഗ്രസിനെ സാമ്പത്തികമായി തളര്‍ത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ ഞങ്ങള്‍ പതറിപ്പോകില്ല. കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ആദായ നികുതി പുനര്‍നിര്‍ണയ പ്രകാരം 2018-21 കാലയളവിലെ 1700 കോടി രൂപ അടയ്ക്കണമെന്നായിരുന്നു കോണ്‍ഗ്രസിന് അയച്ച നോട്ടീസ്. 017-21 കാലയളവിലെ ആദായ നികുതി പുനര്‍നിര്‍ണയ നീക്കത്തിനെതിരായ കോണ്‍ഗ്രസിന്റെ ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് നോട്ടീസ് അയച്ചത്. പിഴയും പലിശയുമായി 1700 കോടി രൂപ അടയ്ക്കണം. നേരത്തെ 2014- 17 കാലയളവിലെ 100 കോടി രൂപ അടയ്ക്കണമെന്ന നോട്ടീസ് കോണ്‍ഗ്രസിന് ലഭിച്ചിരുന്നു.
ഇതിനെതിരെ നല്‍കിയ ഹരജി ആദായനികുതി അപ്പലേറ്റ് ട്രിബ്യൂണലും ഹൈക്കോടതിയും തള്ളിയിരുന്നു. തെരഞ്ഞെടുപ്പ് കാലത്തെ ഇന്‍കം ടാക്സ് നടപടി കോണ്‍ഗ്രസിനെ വലിയ പ്രതിസന്ധിയിലാണ് എത്തിച്ചിരിക്കുന്നത്. കോണ്‍ഗ്രസിനെ പാപ്പരാക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ആരോപിച്ചു. നാളെയും മറ്റന്നാളുമായി രാജ്യവ്യപക പ്രതിഷേധം നടത്താനാണ് കോണ്‍ഗ്രസ് തീരുമാനം. ഞായറാഴ്ച രാംലീല മൈതാനിയില്‍ ഇന്‍ഡ്യാ മുന്നണിയുടെ മഹാറാലി നടക്കും.