നിലപാടിന്റെ പേരിൽ എന്ത് വില കൊടുക്കാനും തയ്യാർ, തെരഞ്ഞെടുത്ത വഴിയിൽനിന്ന് പിൻമാറില്ല: ശരദ് പവാർ
എൻ.സി.പിയുടെ 10 പ്രമുഖ നേതാക്കൾക്കെതിരെയെങ്കിലും കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തുന്നുണ്ടെന്ന് പവാർ പറഞ്ഞു.
മുംബൈ: ഭരണകക്ഷിയുടെ താൽപര്യങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കാൻ തയ്യാറാവത്തതുകൊണ്ടാണ് ചില എൻ.സി.പി നേതാക്കളെ കേന്ദ്ര ഏജൻസികൾ വേട്ടയാടുന്നതെന്ന് എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ. മുതിർന്ന നേതാവ് ജയന്ത് പാട്ടീലിനെ ഇ.ഡി ചോദ്യം ചെയ്യുന്നത് സംബന്ധിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില ബുദ്ധിമുട്ടുകളുണ്ടാവും എന്നാലും തെരഞ്ഞെടുത്ത വഴിയിൽനിന്ന് പിൻമാറില്ലെന്നും പവാർ വ്യക്തമാക്കി.
എൻ.സി.പിയിലെ 9-10 നേതാക്കളെ കുറിച്ച് ഭരണകക്ഷിക്ക് ചില പ്രതീക്ഷളുണ്ടാവാൻ സാധ്യതയുണ്ട്. അത്തരം പ്രതീക്ഷകൾ നിറവേറ്റാൻ തങ്ങൾക്കാവില്ല. അതിന്റെ പേരിൽ എന്ത് വില കൊടുക്കേണ്ടിവന്നാലും കുഴപ്പമില്ല. തങ്ങൾ തെരഞ്ഞെടുത്ത വഴിയിൽനിന്ന് ഒരിക്കലും പിൻമാറില്ല. ചില ആളുകൾക്ക് ഈ നിലപാട് ദഹിക്കില്ല. കുറച്ച് കഷ്ടപ്പെടേണ്ടിവരും, പക്ഷേ അതിനെക്കുറിച്ച് ആശങ്കപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
എൻ.സി.പിയിലെ 10 നേതാക്കൾക്കെതിരെയെങ്കിലും കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തുന്നുണ്ടെന്ന് പവാർ പറഞ്ഞു. മുൻ ആഭ്യന്തരമന്ത്രിയും എൻ.സി.പി നേതാവുമായ അനിൽ ദേശ്മുഖ് 100 കോടി രൂപ കോഴ വാങ്ങിയെന്ന് പറഞ്ഞാണ് 13-14 മാസം ജയിലിലടച്ചത്. ഒന്നരക്കോടി മാത്രമാണ് വാങ്ങിയതെന്ന് പിന്നീട് തെളിഞ്ഞു. എത്രത്തോളം അതിശയോക്തിയുള്ള ആരോപണങ്ങളാണ് ഉന്നയിക്കുന്നത് എന്നതിന്റെ തെളിവാണ് ഇത്. ആരോപണം കേട്ട് ജനങ്ങൾ അമ്പരന്നുപോയി. ദേശ്മുഖ് അപമാനിതനായി. എങ്ങനെയാണ് അധികാരദുർവിനിയോഗം നടത്തുന്നത് എന്നതിന്റെ തെളിവാണ് ഇതെന്നും പവാർ ചൂണ്ടിക്കാട്ടി.
നാർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോ മുൻ മേധാവി സമീർ വാങ്കഡെക്കെതിരെ ഇപ്പോൾ നടക്കുന്ന സി.ബി.ഐ അന്വേഷണം ജയിലിൽ കഴിയുന്ന എൻ.സി.പി നേതാവ് നവാബ് മാലിക്കിന്റെ ആരോപണങ്ങൾ ശരിവെക്കുന്നതാണെന്നും പവാർ പറഞ്ഞു. സത്യം പറഞ്ഞതിന്റെ പേരിലാണ് മാലിക് വേട്ടയാടപ്പെട്ടതെന്നും പവാർ ചൂണ്ടിക്കാട്ടി.