വിമത നീക്കവുമായി ഗെഹലോട്ട് പക്ഷം; രാജി ഭീഷണി മുഴക്കി എംഎൽഎമാർ

അശോക് ഗെഹലോട്ട് മുഖ്യമന്ത്രി പദത്തിൽ തുടരുകയോ അദ്ദേഹത്തെ അനുകൂലിക്കുന്ന മറ്റൊരാളെ പകരക്കാരനാക്കുകയോ വേണമെന്നാണ് ഗെഹലോട്ട് പക്ഷക്കാരുടെ വാദം.

Update: 2022-09-25 18:47 GMT
Advertising

ജയ്പൂർ: രാജസ്ഥാനിൽ കോൺഗ്രസ് നേതൃത്വത്തെ മുൾമുനയിലാക്കി ഗെഹലോട്ട് പക്ഷത്തിന്റെ വിമതനീക്കം. സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് 80 എംഎൽഎമാർ രാജിക്കൊരുങ്ങിയതായാണ് റിപ്പോർട്ട്. പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാനായി ഇന്ന് ഏഴുമണിക്ക് നിയമസഭാ കക്ഷിയോഗം ചേരുമെന്ന് അറിയിച്ചിരുന്നെങ്കിലും ഭൂരിഭാഗം എംഎൽഎമാരും എത്താത്തതിനാൽ യോഗം ചേരാനായില്ല.

കൂടിയാലോചനകൾ ഇല്ലാതെ മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ ഗെഹലോട്ട് തീരുമാനമെടുത്തതിൽ എംഎൽഎമാർ അതൃപ്തി അറിയിച്ചു. ആറു മാസം മുമ്പ് ഗെഹലോട്ടിനെതിരെ വിമതനീക്കം നടത്തിയ സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയായി അംഗീകരിക്കാനാവില്ലെന്നാണ് ഭൂരിപക്ഷം എംഎൽഎമാരും പറയുന്നത്.

അശോക് ഗെഹലോട്ട് മുഖ്യമന്ത്രി പദത്തിൽ തുടരുകയോ അദ്ദേഹത്തെ അനുകൂലിക്കുന്ന മറ്റൊരാളെ പകരക്കാരനാക്കുകയോ വേണമെന്നാണ് ഗെഹലോട്ട് പക്ഷക്കാരുടെ വാദം. നിയമസഭാ കക്ഷിയോഗത്തിൽ സംസ്ഥാനത്തിന്റെ ചുമതലയുള്ള അജയ് മാക്കനൊപ്പം രാജ്യസഭാ പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖാർഗെയെ സോണിയാ ഗാന്ധി നിരീക്ഷകനായി നിയോഗിച്ചിരുന്നു. എന്നാൽ ഇവരെ സാക്ഷിയാക്കി വൻ രാഷ്ട്രീയ നാടകമാണ് രാജസ്ഥാനിൽ നടക്കുന്നത്.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് സച്ചിൻ പൈലറ്റിനെയാണ് ഹൈക്കമാൻഡ് നിർദേശിക്കുന്നത്. എന്നാൽ ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണയില്ലാതെ സച്ചിൻ പൈലറ്റ് എങ്ങനെ മുഖ്യമന്ത്രിയാകുമെന്നാണ് ഗെഹലോട്ട് പക്ഷത്തിന്റെ ചോദ്യം. ഭിന്നത പരിഹരിക്കാതെ സച്ചിനെ മുഖ്യമന്ത്രിയാക്കിയാക്കിയാൽ രാജസ്ഥാനിലും പഞ്ചാബിന് സമാനമായ സ്ഥിതി ആവർത്തിക്കുമോയെന്ന ആശങ്കയും കോൺഗ്രസ് നേതൃത്വത്തിനുണ്ട്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News