കള്ളനോട്ടുകൾ വിൽപ്പനക്കെന്ന് ഇൻസ്റ്റയിൽ റീൽ; കേന്ദ്രത്തിനെതിരെ കോൺഗ്രസ്

‘ആൾ ഇന്ത്യ ഡെലിവറി ലഭ്യമാണ്’ എന്ന കുറിപ്പോടെയാണ് വീഡിയോയുള്ളത്

Update: 2025-03-01 12:47 GMT
കള്ളനോട്ടുകൾ വിൽപ്പനക്കെന്ന് ഇൻസ്റ്റയിൽ റീൽ; കേന്ദ്രത്തിനെതിരെ കോൺഗ്രസ്
AddThis Website Tools
Advertising

ബെംഗളൂരു: കള്ളനോട്ടുകൾ വിൽപ്പനക്കുള്ളത് ഇൻസ്റ്റഗ്രാം റീലിൽ വന്നതിന് പിന്നാലെ കേന്ദ്ര സർക്കാരിനെതിരെ കർണാടക മന്ത്രിയും കോൺഗ്രസ് നേതാവുമായ പ്രിയങ്ക് ഖാർഗെ. കള്ളനോട്ടുകൾ ഒരു വിളിപ്പാടകലെയാണെന്ന് അദ്ദേഹം പ്രധാനമന്ത്രി മോദിയെ ടാഗ് ചെയ്ത് ‘എക്സി’ൽ കുറിച്ചു.

‘ഇന്ത്യക്കാരായ ഞങ്ങൾക്കെ​തിരെ നോട്ട് നിരോധനം അടിച്ചേൽപ്പിക്കാനുള്ള ​പ്രധാന കാരണം കള്ളനോട്ടിനെതിരെ പോരാടുക എന്ന ലക്ഷ്യമായിരുന്നു. എന്നാൽ, 500ന്റെ വ്യാജ കറൻസി നോട്ടുകൾ പരസ്യമായി അച്ചടിച്ച് വിൽക്കുന്ന സോഷ്യൽ മീഡിയ വീഡിയോകൾ നിരവധി കാണാം. 2018നും 2024നും ഇടയിൽ 500 രൂപാ​ നോട്ടിന്റെ വ്യാജ കറൻസികൾ 400 ശതമാനം വർധിച്ചതായി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ പാർലമെന്റിൽ വെളിപ്പെടുത്തുകയുണ്ടായി.

ആരാണ് ഈ ആളുകൾ? കള്ളനോട്ടുകൾ പ്രിന്റ് ചെയ്യാനുള്ള മെഷീനുകൾ അവർക്ക് എവിടെനിന്നാണ് ലഭിക്കുന്നത്? അതിർത്തി കടന്നുള്ള കള്ളനോട്ടിനെതിരായ നിങ്ങളുടെ പോരാട്ടത്തിന് എന്ത് സംഭവിച്ചു?’ -ഖാർഗെ ‘എക്സി’ൽ ചോദിച്ചു.

രാജ്യത്ത് വർധിച്ചുവരുന്ന കള്ളനോട്ടുകൾ തടയാൻ കേന്ദ്ര ആഭ്യന്തര മന്ത്രി എന്താണ് ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു. ‘പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിടുന്നതിലും തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അട്ടിമറിക്കുന്നതിലും മാത്രമാണോ അദ്ദേഹം തിരക്കുപിടിച്ചിരിക്കുന്നത്’ -ഖാർഗെ പറഞ്ഞു.

കള്ളനോട്ടുമായി ബന്ധപ്പെട്ട് വന്ന വീഡിയോകളും ​പ്രിയങ്ക് ഖാർഗെ പങ്കുവച്ചിട്ടുണ്ട്. ഒരു വീഡിയോയിൽ 500 രൂപയുടെ കള്ളനോട്ട് പ്രിന്റ് ചെയ്യുന്നത് കാണാം. ബുക്കിങ്ങിന് പുതിയ സ്റ്റോക്ക് ലഭ്യമാണെന്ന് ഇതിൽ എഴുതിയിരിക്കുന്നു. ഇവരുടെ വാട്ട്സ്ആപ്പ് നമ്പറും നൽകിയിട്ടുണ്ട്. മറ്റൊരു വീഡിയോയിൽ ഒരാൾ പെട്ടിയിൽനിന്ന് 500 രൂപയുടെ നോട്ടുകൾ എടുത്ത് യന്ത്രം ഉപയോഗിച്ച് എണ്ണുന്നത് കാണാം. ഒരു വീഡിയോക്കൊപ്പം ‘ആൾ ഇന്ത്യ ഡെലിവറി ലഭ്യമാണ്’ എന്നും ഫോൺ നമ്പറും കാണാനാകും. 

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News