വിവാഹത്തിനു ശേഷം രണ്ട് വര്‍ഷം കഴിഞ്ഞ് ഗ്രാമത്തില്‍ തിരിച്ചെത്തി; യുവാവിനെ ഭാര്യയുടെ കുടുംബം കൊലപ്പെടുത്തി
യുവതിയുടെ വീട്ടുകാരെ ഭയന്ന് പലായനം ചെയ്ത ദമ്പതികള്‍ രണ്ടു വര്‍ഷത്തിനു ശേഷമാണ് ഗ്രാമത്തില്‍ തിരിച്ചെത്തിയത്.
ശിവ്പുരി: പ്രണയ വിവാഹത്തിന്‍റെ പേരിൽ 23കാരനായ യുവാവിനെ യുവതിയുടെ കുടുംബം കൊലപ്പെടുത്തി. മധ്യപ്രദേശിലെ ശിവ്പുരി ജില്ലയിലെ ഗ്രാമത്തിലാണ് സംഭവം. മച്ചാവാലി ഗ്രാമത്തിൽ ശനിയാഴ്ച രാത്രിയാണ് സംഭവം.
ധീരു ജാതവ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. രണ്ട് വർഷം മുമ്പ് യുവതിയുടെ കുടുംബത്തിന്‍റെ എതിര്‍പ്പ് മറികടന്ന് കോടതി ഉത്തരവിന്‍റെ സഹായത്തോടെയാണ് ധീരു ജാതവ് വിവാഹം കഴിച്ചത്. വിവാഹ ശേഷം ദമ്പതികൾ ഗുജറാത്തിലെ അഹമ്മദാബാദിലേക്ക് പലായനം ചെയ്തു. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ദീപാവലി ആഘോഷിക്കാൻ ദമ്പതികൾ അടുത്തിടെ ഗ്രാമത്തിലേക്ക് മടങ്ങി.
ഭാര്യാപിതാവ് ഉൾപ്പെടെയുള്ള പ്രതികൾ ധീരു ജാതവിനെ തട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തന്‍റെ മകനോടൊപ്പമുണ്ടായിരുന്ന ഒരാളാണ് തട്ടിക്കൊണ്ടുപോയ വിവരം അറിയിച്ചതെന്ന് ധീരുവിന്‍റെ പിതാവ് ബ്രഖ്ഭൻ ജാതവ് പറഞ്ഞു. സംഭവ സ്ഥലത്ത് എത്തിയപ്പോൾ, ഭാര്യാപിതാവും സംഘവും മകനെ വടിയും റൈഫിളും ഉപയോഗിച്ച് മർദിക്കുന്നതാണ് കണ്ടത്. മര്‍ദിച്ച ശേഷം ധീരുവിനെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയെന്നും പിതാവ് പറഞ്ഞു.
ധീരുവിന്‍റെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ യുവതിയുടെ പിതാവും സഹോദരന്മാരും ബന്ധുക്കളും ഉൾപ്പെടെ ഏഴ് പേർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. യുവതിയുടെ കുടുംബം തന്നെ പലതവണ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് പിതാവ് പറഞ്ഞു. അതിനാല്‍ മകന്‍ ഗ്രാമത്തിലേക്ക് വരുന്നതിൽ നിന്ന് താൻ തടഞ്ഞു. എന്നാൽ രണ്ട് വർഷം പിന്നിട്ടതിനാൽ യുവതിയുടെ വീട്ടുകാരുടെ രോഷം ശമിച്ചിരിക്കാമെന്ന് കരുതിയാണ് തിരിച്ചുവന്നതെന്നും പിതാവ് പറഞ്ഞു. ദമ്പതികള്‍ ഒരേ സമുദായത്തിൽ പെട്ടവരാണെന്ന് പൊലീസ് പറഞ്ഞു.