വിപ്ലവ ഗായകന്‍ ഗദ്ദർ അന്തരിച്ചു

1980കൾ മുതൽ മാവോയിസ്റ്റ്, നക്‌സലൈറ്റ് പ്രസ്ഥാനങ്ങളിൽ സജീവമായിരുന്നു ഗദ്ദർ. 2017ലാണ് മാവോയിസവുമായുള്ള ബന്ധം വിച്ഛേദിക്കുകയാണെന്നു പരസ്യമായി പ്രഖ്യാപിച്ചത്

Update: 2023-08-06 11:48 GMT
Editor : Shaheer | By : Web Desk

ഗദ്ദര്‍

Advertising

ഹൈദരാബാദ്: മുൻ നക്‌സലൈറ്റും വിപ്ലവകവിയും നാടോടി ഗായകനുമായ ഗദ്ദർ അന്തരിച്ചു. 77 വയസായിരുന്നു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. ദീർഘകാലമായി അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

1980കളിൽ തന്നെ മാവോയിസ്റ്റ്, നക്‌സലൈറ്റ് പ്രസ്ഥാനങ്ങളിൽ സജീവമായിരുന്നു ഗദ്ദർ എന്ന പേരിൽ അറിയപ്പെടുന്ന ഗുമ്മഡി വിത്തൽ റാവു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാർക്‌സിസ്റ്റ്-ലെനിനിസ്റ്റ്)യിൽ അംഗമായിരുന്ന അദ്ദേഹം പാർട്ടിയുടെ സാംസ്‌കാരിക വിഭാഗമായ ജനനാട്യ മണ്ഡലിയുടെ സ്ഥാപകനുമായി. വിപ്ലവ, നാടോടി ഗാനങ്ങളിലൂടെ പഴയ ആന്ധ്രാപ്രദേശിന്റെ ഗ്രാമീണമേഖലയിലെ സാധാരണക്കാർക്കിടയിൽ നക്‌സൽ പ്രസ്ഥാനങ്ങളോട് ആഭിമുഖ്യമുണ്ടാക്കുന്നതിൽ വലിയ പങ്കുവഹിച്ചു. ഗദ്ദറിന്‍റെ പാട്ടുകേള്‍ക്കാനായി ഒാരോ നാട്ടിലും ആയിരങ്ങളാണു തടിച്ചുകൂടിയിരുന്നത്. നക്സല്‍ പ്രസ്ഥാനത്തിനുശേഷം തെലങ്കാന പ്രക്ഷോഭത്തിനും ജനകീയ പിന്തുണ ശക്തമാക്കാന്‍ ഗദ്ദറിന്‍റെ പാട്ടുകള്‍ക്കായി.

നക്സല്‍കാലത്ത് ഏറെക്കാലം ഒളിവില്‍ കഴിഞ്ഞിട്ടുണ്ട്. ദലിത് പീഡനങ്ങള്‍ക്കും വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ക്കുമെതിരെ ഉറച്ച ശബ്ദമായി രംഗത്തെത്തി. മനുഷ്യാവകാശ പ്രശ്നങ്ങളിലെല്ലാം മുഴങ്ങുന്ന ശബ്ദമായി ഗദ്ദര്‍ മുന്നില്‍നിന്നു. ഇതിനിടയില്‍ 1997ൽ അദ്ദേഹത്തിനുനേരെ വധശ്രമവുമുണ്ടായി. അജ്ഞാത സംഘത്തിന്‍റെ വെടിവയ്പ്പില്‍ ഗുരുതരമായി പരിക്കേറ്റെങ്കിലും അത്ഭുതകരമായി ജീവിതത്തിലേക്കു തിരിച്ചെത്തി.

1949ൽ പഴയ ആന്ധ്രയിലെ തുപ്രാനിലാണ് ഗദ്ദറിന്‍റെ ജനനം. നിസാമാബാദിലും ഹൈദരാബാദിലുമായിരുന്നു വിദ്യാഭ്യാസം. 1975ൽ കനറാ ബാങ്കിൽ ജീവനക്കാരനായി. 2010ൽ മുതൽ സജീവ നക്സല്‍ പ്രവര്‍ത്തനങ്ങളില്‍നിന്നു പിന്മാറിയ അദ്ദേഹം 2017ൽ മാവോയിസവുമായുള്ള ബന്ധം വിച്ഛേദിക്കുകയാണെന്നു പരസ്യമായി പ്രഖ്യാപിച്ചു. പിന്നീട് ആത്മീയമാര്‍ഗത്തിലേക്കും തിരിഞ്ഞതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. തെലങ്കാന പ്രക്ഷോഭത്തിന്റെ മുൻനിരയിലുമുണ്ടായിരുന്നു അദ്ദേഹം.

നക്സല്‍ പ്രത്യയശാസ്ത്രത്തിന്‍റെ ഭാഗമായി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ എതിർത്തുപോന്നിരുന്ന അദ്ദേഹം 2018ലെ തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിലാണ് ജീവിതത്തിലെ ആദ്യ വോട്ട് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ മാസം ഗദ്ദർ പ്രജാ പാർട്ടി എന്ന പേരിൽ പുതിയ രാഷ്ട്രീയ പാർട്ടിക്കും തുടക്കമിട്ടു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. നേരത്തെ കോൺഗ്രസിനും ഗദ്ദർ പരസ്യ പിന്തുണ നൽകിയിരുന്നു.

Summary: Revolutionary balladeer and former Naxalite, Gaddar, is no more

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News