'കുറച്ചത് റോഡ് സെസ്, സംസ്ഥാനങ്ങളുമായി പങ്കു വെയ്ക്കുന്ന തീരുവയല്ല'; ഇന്ധനവിലയിൽ വിശദീകരണവുമായി കേന്ദ്ര ധനമന്ത്രി
രണ്ട തവണ കുറച്ചതിന്റെയും ബാധ്യത കേന്ദ്രത്തിന് മാത്രമാണെന്നും മന്ത്രി
ന്യൂഡൽഹി: ഇന്ധന നികുതി കുറച്ചതിൽ വിശദീകരണം നൽകി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. സർക്കാർ കുറച്ചത് സംസ്ഥാനങ്ങളുമായി പങ്കു വെയ്ക്കുന്ന തീരുവയല്ലെന്നും റോഡ് സെസ് ഇനത്തിൽ പിരിക്കുന്ന തുകയാണെന്നും മന്ത്രി വ്യക്തമാക്കി. രണ്ട തവണ കുറച്ചതിന്റെയും ബാധ്യത കേന്ദ്രത്തിന് മാത്രമാണെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, എക്‌സൈസ് നികുതി കുറച്ച് ഇന്ധന വിലയിൽ കുറവ് വരുത്തിയ കേന്ദ്രസർക്കാർ നടപടിയിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. രണ്ടു വർഷത്തെ ഇന്ധന വില സഹിതം ട്വിറ്ററിലുള്ള പ്രതികരണത്തിൽ കേന്ദ്ര സർക്കാർ ജനങ്ങളെ വിഡ്ഢികളാക്കുന്നത് അവസാനിപ്പിക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ആദ്യം ചെറു സഖ്യകളായി ഇന്ധന വില കൂട്ടിക്കൊണ്ടിരിക്കുകയും പിന്നീട് തുടങ്ങിയതിനേക്കാൾ കൂടുതൽ തുകയിൽ വില നിർത്തുകയും പിന്നീട് വീണ്ടും വില കൂട്ടുന്നതും രാഹുൽ ചൂണ്ടിക്കാട്ടി. 2020 മാർച്ച് ഒന്നിന് 69.5 രൂപയുണ്ടായിരുന്ന പെട്രോൾ വില 2022 മാർച്ച് ഒന്നിന് 95.4 രൂപയിലെത്തിയതും മേയ് ഒന്നിന് 105.4 രൂപയിലും 22ന് 96.7 രൂപയിലും എത്തിയതും രാഹുൽ വ്യക്തമാക്കി. ഇനി ദിനേനയുള്ള 80 പൈസ, 30 പൈസ ഡോസുകളായി പെട്രോൾ വിലയുടെ 'വികാസം' പ്രതീക്ഷിക്കാമെന്നും രാഹുൽ ഓർമിപ്പിച്ചു. വിലക്കയറ്റം നേരിടുന്ന ജനങ്ങൾക്ക് ശരിയായ സഹായം ലഭ്യമാക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടു.
അപ്രതീക്ഷിത നടപടിയിലൂടെ കേന്ദ്രസർക്കാർ രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറക്കുകയായിരുന്നു. പെട്രോളിന് 9.5 രൂപയും ഡീസലിന് ഏഴ് രൂപയുമാണ് കുറച്ചത്. പെട്രോളിന്റെ എക്സൈസ് ഡ്യൂട്ടിയിൽ എട്ട് രൂപയും ഡീസലിന് ആറ് രൂപയും കുറവ് വരുത്തിയതോടെയാണ് ഇന്ധനവില കുറഞ്ഞത്. ധനമന്ത്രി നിർമല സീതാരാമനാണ് നികുതി കുറക്കുന്നതായി പ്രഖ്യാപിച്ചത്. പുതിയ വില ഇന്ന് മുതൽ നിലവിൽ വന്നിരിക്കുകയാണ്. രാജ്യത്ത് പണപ്പെരുപ്പം വർധിച്ച സാഹചര്യത്തിലാണ് സർക്കാർ എക്സൈസ് തീരുവയിൽ കുറവ് വരുത്തിയത്. ഇന്ധനവില കുതിച്ചുയർന്നതോടെ രാജ്യത്ത് വിലക്കയറ്റം രൂക്ഷമായിരുന്നു. അവശ്യസാധനങ്ങളുടെ വില വർധന കൂടിയായതോടെ സർക്കാറിനെതിരെ വൻ പ്രതിഷേധമുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ എക്സൈസ് ഡ്യൂട്ടി കുറച്ചത്.
road cess Reduced to slash fuel prices: Union Finance Minister Nirmala sitraman