ബി.ജെ.പി പൂജാ സംഘടന, എല്ലാവരും തന്നെ ആരാധിക്കണമെന്ന് പ്രധാനമന്ത്രി ആഗ്രഹിക്കുന്നു; രാഹുല്‍ ഗാന്ധി
കാൽനടയാത്രയെ തപസ്യയായാണ് താൻ കാണുന്നതെന്നും യാത്ര തപസും ആത്മധ്യാനവും ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
കുരുക്ഷേത്ര: രാജ്യത്തെ എല്ലാ ജനങ്ങളും തന്നെ ആരാധിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗ്രഹിക്കുന്നുവെന്നും അതേസമയം കോൺഗ്രസിന്‍റെ ശ്രദ്ധ തപസ്യയിലാണെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സമൂഹത്തിൽ പടരുന്ന വെറുപ്പിനും ഭയത്തിനും എതിരെയാണ് ഭാരത് ജോഡോ യാത്ര. കാൽനടയാത്രയെ തപസ്യയായാണ് താൻ കാണുന്നതെന്നും യാത്ര തപസും ആത്മധ്യാനവും ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമ്പത്ത് ഉപയോഗിച്ചും സ്ഥാപനങ്ങൾ പിടിച്ചടക്കിയും ഭയം സൃഷ്ടിച്ചും ജനങ്ങളെക്കൊണ്ട് ആരാധിപ്പിക്കാനാണ് ആര്‍.എസ്.എസും ബി.ജെ.പിയും ലക്ഷ്യമിടുന്നത്. അവരെ ബലമായി ആരാധിക്കണമെന്ന് ആർ.എസ്.എസ് ആഗ്രഹിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ജി ഇത് ആഗ്രഹിക്കുന്നു, അതുകൊണ്ടാണ് അദ്ദേഹം നിങ്ങളെ (മാധ്യമങ്ങൾ) കാണാത്തത്. " നിങ്ങളുടെ ജോലി ചെയ്യുക, സംഭവിക്കാനുള്ളത് സംഭവിക്കും, ഫലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കരുത്, ഇതാണ് ഈ യാത്രയുടെ ആശയം."രാഹുല്‍ പറഞ്ഞു.
രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിച്ച് വിദ്വേഷം പടർത്തുകയാണ്. ഹിന്ദു-മുസ്‍ലി, വിവിധ ജാതികളിൽപ്പെട്ട ആളുകൾ പരസ്പരം ഏറ്റുമുട്ടുന്നു.കോൺഗ്രസ് 'തപസ്യ'യിൽ വിശ്വസിക്കുന്നു, അതേസമയം ബി.ജെ.പി ഒരു പൂജാ സംഘടനയാണെന്നും രാഹുല്‍ സാമ്നയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.ബി.ജെ.പിയും ആർ.എസ്.എസും തപസ്യയെ ബഹുമാനിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.യാത്രയുടെ ഭാഗമായി കോൺഗ്രസ് നേതാവ് നടത്തിയ പത്താമത്തെ വാർത്താസമ്മേളനമാണിത്.രാജ്യത്തിന്‍റെ യഥാർത്ഥ ശബ്ദം ജനങ്ങളെ കേൾക്കാൻ അനുവദിക്കുക കൂടിയാണ് യാത്രയുടെ ലക്ഷ്യമെന്ന് രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
"ഞാൻ മനസിലാക്കിയ ഒരു കാര്യം, ഈ പോരാട്ടം യഥാർത്ഥത്തിൽ രാഷ്ട്രീയമല്ല. ഉപരിപ്ലവമായി ഇതൊരു രാഷ്ട്രീയ പോരാട്ടമാണ്.നമ്മൾ ബി.എസ്.പിയുമായോ ടി.ആർ.എസുമായോ പോരാടുമ്പോൾ അത് ഒരു രാഷ്ട്രീയ മത്സരമാണ്. എന്നാൽ രാജ്യത്ത് മാറ്റമുണ്ടായി.ആർ.എസ്.എസ് ഈ രാജ്യത്തെ സ്ഥാപനങ്ങൾ നിയന്ത്രിച്ചിരുന്ന ദിവസം, പോരാട്ടം രാഷ്ട്രീയമായി നിലനിന്നില്ല.ഇപ്പോഴിതാ ഇതൊരു വേറിട്ട പോരാട്ടമായി മാറിയിരിക്കുകയാണ്'' രാഹുല്‍ പറഞ്ഞു. 'രാഹുല്‍ നിങ്ങളുടെ മനസിലുണ്ട്' എന്നായിരുന്നു യാത്ര എങ്ങനെയാണ് തന്‍റെ പ്രതിച്ഛായ മാറ്റിയതെന്ന ചോദ്യത്തിന് അദ്ദേഹത്തിന്‍റെ മറുപടി. ഇമേജിനായി താനൊന്നും ചെയ്യാറില്ല. ഇമേജില്‍ തനിക്ക് താല്‍പര്യമില്ലെന്നും രാഹുല്‍ വ്യക്തമാക്കി.