മോദി-പുടിൻ കൂടിക്കാഴ്ച; റഷ്യൻ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്ത ഇന്ത്യക്കാരെ വിട്ടയക്കും
പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ
മോസ്കോ∙ റഷ്യൻ സൈന്യത്തിലേക്ക് അനധികൃതമായി റിക്രൂട്ട് ചെയ്യപ്പെട്ട ഇന്ത്യക്കാരെ വിട്ടയയ്ക്കാൻ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
തിങ്കളാഴ്ച പുടിനൊപ്പം അത്താഴവിരുന്നിൽ പങ്കെടുക്കുമ്പോഴാണ് മോദി ഇക്കാര്യം ധരിപ്പിച്ചത്. തുടർന്ന് ഇവരെ സൈന്യത്തിൽനിന്ന് വിട്ടയയ്ക്കാനും നാട്ടിലേക്ക് തിരിച്ചയയ്ക്കാനുമുള്ള നടപടികൾ കൈക്കൊള്ളാമെന്ന് പുടിന്‍ അറിയിക്കുകയായിരുന്നു.
ജോലി തട്ടിപ്പിനിരയായി നിരവധി ഇന്ത്യക്കാർ റഷ്യയിലെ സൈന്യത്തിൽ നിർബന്ധിത സേവനനം ചെയ്യേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെ റഷ്യയിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ കുടുംബങ്ങൾ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. യുക്രെയ്നെതിരായ യുദ്ധത്തിൽ റഷ്യൻ സൈന്യത്തിന്റെ ഭാഗമാകേണ്ടിവന്ന രണ്ട് ഇന്ത്യക്കാർ മരിച്ചിരുന്നു. ഒട്ടേറെപ്പേർ യുദ്ധമുഖത്ത് കുടുങ്ങിക്കിടക്കുന്നുമുണ്ട്. മലയാളികളും ഇതിൽ ഉൾപ്പെടുന്നു.