'ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെപ്പോലെ, കിഴക്കൻ ഇന്ത്യാക്കാർ ചൈനീസുകാരെപ്പോലെയും'; വംശീയ പരാമര്‍ശവുമായി സാം പിത്രോദ,വിവാദം
മേയ് 2ന് സ്റ്റേറ്റ്സ്മാന് നല്‍കിയ അഭിമുഖത്തിലാണ് പിത്രോദയുടെ വിവാദപരാമര്‍ശം
ഡല്‍ഹി: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാൻ സാം പിത്രോദയുടെ വംശീയ പരാമര്‍ശം വിവാദത്തില്‍. ദക്ഷിണേന്ത്യക്കാരെ ആഫ്രിക്കക്കാരോടും കിഴക്കന്‍ ഇന്ത്യാക്കാരെ ചൈനീസുകാരോടും താരതമ്യപ്പെടുത്തിക്കൊണ്ടുള്ള സാമിന്‍റെ പരാമര്‍ശമാണ് വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.
മേയ് 2ന് സ്റ്റേറ്റ്സ്മാന് നല്‍കിയ അഭിമുഖത്തിലാണ് പിത്രോദയുടെ വിവാദപരാമര്‍ശം. "ഇന്ത്യ പോലെ വൈവിധ്യമാർന്ന ഒരു രാജ്യത്തെ നമുക്ക് ഒരുമിച്ച് നിർത്താൻ കഴിയും. ഇവിടെ കിഴക്ക് ആളുകൾ ചൈനക്കാരെപ്പോലെയും പടിഞ്ഞാറുള്ളവര്‍ അറബികളെപ്പോലെയും വടക്കുള്ള ആളുകൾ വെളുത്തവരും തെക്ക് ഭാഗത്തുള്ളവര്‍ ആഫ്രിക്കക്കാരെപ്പോലെയുമാണ് . അതൊന്നും ഒരു വിഷയമല്ല, നമ്മളെല്ലാവരും സഹോദരീസഹോദരന്‍മാരാണ്'' പിത്രോദ അഭിമുഖത്തില്‍ പറയുന്നു. പിത്രോദയുടെ പരാമര്‍ശം സോഷ്യല്‍മീഡിയയില്‍ വ്യാപക വിമര്‍ശത്തിന് ഇടയാക്കി. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയടക്കമുള്ളവര്‍ ഇതിനെതിരെ രംഗത്തെത്തി. '' "സാം ഭായ്, ഞാൻ വടക്ക് കിഴക്ക് നിന്നുള്ള ആളാണ്, ഞാൻ ഒരു ഇന്ത്യക്കാരനെപ്പോലെയാണ്. നമ്മുടേത് വൈവിധ്യമാർന്ന രാജ്യമാണ് - നമ്മൾ വ്യത്യസ്തരായി കാണപ്പെടാം, പക്ഷേ നാമെല്ലാവരും ഒന്നാണ്'' ഹിമന്ത എക്സില്‍ കുറിച്ചു.
"രാഹുൽ ഗാന്ധിയുടെ ഉപദേശകനാണ് സാം പിത്രോദ. അദ്ദേഹത്തിൻ്റെ വംശീയവും ഭിന്നിപ്പിക്കുന്നതുമായ പരിഹാസങ്ങൾ ശ്രദ്ധിക്കുക.അവരുടെ മുഴുവൻ പ്രത്യയശാസ്ത്രവും ഭിന്നിപ്പിച്ച് ഭരിക്കുക എന്നതാണ്. ഇന്ത്യക്കാരെ ചൈനക്കാരെന്നും ആഫ്രിക്കക്കാരെന്നും വിളിക്കുന്നത് വേദനാജനകമാണ്. കോൺഗ്രസിന് തന്നെ നാണക്കേടാണിത്'' മാണ്ഡിയിലെ ബി.ജെ.പി സ്ഥാനാര്‍ഥിയും നടിയുമായ കങ്കണ റണൗട്ട് അഭിപ്രായപ്പെട്ടു. പിത്രോദക്ക് രാജ്യത്തെക്കുറിച്ച് ഒന്നുമറിയില്ലെന്നും രാഹുല്‍ ഗാന്ധി അസംബന്ധം പറയുന്നതിന് കാരണം പിത്രോദയാണെന്നും മുതിര്‍ന്ന ബി.ജെ.പി നേതാവ് രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
"ഇന്ത്യയുടെ വൈവിധ്യത്തെ ചിത്രീകരിക്കാൻ സാം പിത്രോദ ഒരു പോഡ്കാസ്റ്റിൽ വരച്ച സാമ്യങ്ങൾ ഏറ്റവും ദൗർഭാഗ്യകരവും അസ്വീകാര്യവുമാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇതില്‍ നിന്നും അകലം പാലിക്കുന്നു'' മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്‍റാം രമേശ് പ്രതികരിച്ചു. പിത്രോദയുടെ അഭിപ്രായത്തോട് യോജിക്കുന്നില്ലെന്ന് ഇന്‍ഡ്യ മുന്നണി അംഗം ശിവസേന (യുബിടി) നേതാവ് പ്രിയങ്ക ചതുർവേദി പറഞ്ഞു.
The analogies drawn by Mr. Sam Pitroda in a podcast to illustrate India's diversity are most unfortunate and unacceptable. The Indian National Congress completely dissociates itself from these analogies.
— Jairam Ramesh (@Jairam_Ramesh) May 8, 2024
"അദ്ദേഹത്തിൻ്റെ പ്രസ്താവനയോട് എനിക്ക് യോജിപ്പില്ല. പക്ഷേ, അദ്ദേഹം മാനിഫെസ്റ്റോ കമ്മിറ്റി അംഗമാണ്, കോൺഗ്രസിൻ്റെ താരപ്രചാരകനാണ്, അദ്ദേഹം ഈ രാജ്യത്ത് താമസിക്കുന്നുണ്ടോ? വിദേശത്താണ് അദ്ദേഹം താമസിക്കുന്നത്," പ്രിയങ്ക എഎൻഐയോട് പറഞ്ഞു.തൻ്റെ പ്രശ്‌നങ്ങൾ രാജ്യത്തിൻ്റെ പ്രശ്‌നമാക്കുന്നത് ദൗർഭാഗ്യകരമാണ്.ഞങ്ങൾക്ക് അതുമായി ഒരു ബന്ധവുമില്ല, അതൊരു പ്രശ്നമോ അല്ല, അദ്ദേഹം പറയുന്നതിനോട് പ്രതികരിക്കാൻ ഈ രാജ്യം ആഗ്രഹിക്കുന്നില്ല. ” പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
#WATCH | On Chairman of Indian Overseas Congress Sam Pitroda's controversial "People in East look like Chinese, in South, look like Africans..." remark, Shiv Sena (UBT) leader Priyanka Chaturvedi says, "I do not agree with his statement. But, is he a member of the manifesto… pic.twitter.com/lVLvkInHgQ
— ANI (@ANI) May 8, 2024
ഈയിടെ സമ്പത്ത് പുനർവിതരണവുമായി ബന്ധപ്പെട്ട പിത്രോദയുടെ പരാമര്‍ശം വിവാദമായിരുന്നു. 'അമേരിക്കയില്‍ നൂറ് മില്യണ്‍ ഡോളര്‍ ആസ്തിയുള്ള ഒരു വ്യക്തി മരണപ്പെട്ടാല്‍ 45 ശതമാനം മാത്രമാകും അനന്തരാവകാശികള്‍ക്ക് ലഭിക്കുക. 55 ശതമാനം സമ്പത്ത് സര്‍ക്കാരിലേക്ക് പോകും. അത് പിന്നീട് ക്ഷേമ പദ്ധതികള്‍ക്കായി വിനിയോഗിക്കും. സര്‍ക്കാര്‍ സാമ്പത്തികമായി ശാക്തീകരിക്കപ്പെടുന്ന, സമ്പത്തില്‍ ഒരു പങ്ക് പൊതുജനങ്ങള്‍ക്കു നല്‍കുന്ന ഈ നിയമം ന്യായമായ കാര്യമാണെന്നാണ് എന്‍റെ അഭിപ്രായം. ഇന്ത്യയില്‍ അത്തരത്തിലുള്ള ഒരു നിയമമില്ല. പത്തു ദശലക്ഷം ആസ്തിയുള്ള ഒരാള്‍ മരിച്ചാല്‍ അദ്ദേഹത്തിന്റെ മക്കള്‍ക്കാണ് മുഴുവന്‍ സമ്പത്തും ലഭിക്കുക. സമ്പത്തിന്റെ പുനര്‍വിതരണത്തെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ നമുക്ക് പുതിയ നയങ്ങളെ കുറിച്ചും പദ്ധതികളെ കുറിച്ചും സംസാരിക്കേണ്ടിവരും. അവ അതിസമ്പന്നരുടേയല്ല, ജനങ്ങളുടെ താത്പര്യത്തെ മുന്‍നിര്‍ത്തിയുള്ളതായിരിക്കും.' - ഇതായിരുന്നു സാം പിത്രോദയുടെ പരാമര്‍ശം.
എന്നാല്‍ ബി.ജെ.പി ഇത് പ്രചാരണായുധമാക്കുകയായിരുന്നു. പിത്രോദയുടെ അഭിപ്രായം കോണ്‍ഗ്രസിനെതിരായി നടത്തിവരുന്ന മുസ്ലിംപ്രീണന ആക്ഷേപമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് പ്രചരണറാലികളില്‍ ഉപയോഗിച്ചത്. കുടുംബനാഥന്റെ മരണത്തിനുശേഷം സ്വത്ത് അനന്തരാവകാശികള്‍ക്ക് നല്‍കാതിരിക്കാനാണ് കോണ്‍ഗ്രസ് ശ്രമമെന്നും മോദി പറഞ്ഞിരുന്നു. ഇതിനു പിന്നാലെ കോണ്‍ഗ്രസ് പിത്രോദയുടെ പ്രസ്താവനയെ തള്ളി രംഗത്തെത്തി. പിത്രോദ പറഞ്ഞത് അദ്ദേഹത്തിന്‍റെ വ്യക്തിപരമായ കാഴ്‌ചപ്പാടുകളാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് താരിഖ് അന്‍വര്‍ വ്യക്തമാക്കി. പിത്രോദയുടെ വാക്കുകള്‍ വ്യക്തിപരമാണെന്ന അഭിപ്രായമായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കും.