അപ്രതീക്ഷിത ട്വിസ്റ്റ്; അഖിലേഷ് യാദവ് കനൗജിൽനിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കും
തേജ്പ്രതാപ് യാദവിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച ശേഷമാണ് അപ്രതീക്ഷ മാറ്റം.
ലഖ്‌നോ: സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് കനൗജിൽനിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കും. നാളെ ഉച്ചക്ക് 12ന് നാമനിർദേശ പത്രിക സമർപ്പിക്കും. തേജ്പ്രതാപ് യാദവിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച ശേഷമാണ് അപ്രതീക്ഷ മാറ്റം. മുലായം സിങ് യാദവിന്റെ സഹോദരൻ രത്തൻ സിങ്ങിന്റെ ചെറുമകനാണ് തേജ്പ്രതാപ്.
2000, 2004, 2009 വർഷങ്ങളിൽ അഖിലേഷ് യാദവ് കനൗജിൽനിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2012, 2014 വർഷങ്ങളിൽ അഖിലേഷിന്റെ ഭാര്യ ഡിംപിൾ യാദവും ഇവിടെനിന്ന് വിജയിച്ചിരുന്നു. 2109ൽ അസംഗഢിൽ നിന്ന് അഖിലേഷ് വിജയിച്ചെങ്കിലും 2022ൽ യു.പി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് അദ്ദേഹം എം.പി സ്ഥാനം രാജിവെക്കുകയായിരുന്നു.
പാർട്ടി പ്രവർത്തകരുടെ സമ്മർദത്തെ തുടർന്നാണ് അഖിലേഷ് മത്സരിക്കാൻ തീരുമാനിച്ചതെന്നാണ് വിവരം. പാർട്ടിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ രൂപീകരിക്കാൻ കൂടുതൽ സമയം വേണ്ടതിനാലാണ് അഖിലേഷ് ആദ്യം മത്സരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നത്. എസ്.പിയുടെ ശക്തികേന്ദ്രമായ കനൗജിൽ 2019ൽ ബി.ജെ.പി സ്ഥാനാർഥി സുബ്രത് പഥക് ആണ് വിജയിച്ചത്.