'അബ്ദുൽ ഖാൻ, ഹലീം'; മണിപ്പൂർ പ്രതിയുടെ പേരിൽ സംഘ്പരിവാർ വിദ്വേഷ പ്രചാരണം

മെയ് തെയ് വിഭാഗക്കാരനായ ഹ്യൂറെം ഹെറോദാസ് എന്നയാളാണ് കേസിലെ മുഖ്യപ്രതി

Update: 2023-07-21 08:33 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡൽഹി: മണിപ്പൂരിൽ കുകി യുവതികളെ നഗ്നരാക്കി നടത്തിയ സംഭവത്തിൽ  സംഘ്പരിവാർ വിദ്വേഷ പ്രചാരണം. അറസ്റ്റിലായ പ്രതികള്‍ മുസ്‍ലിംകളാണെന്ന രീതിയിലാണ് സോഷ്യല്‍മീഡിയയില്‍ സംഘ്പരിവാര്‍ പ്രൊഫൈലുകള്‍ നടത്തുന്നത്.  സംഭവത്തില്‍ മുഖ്യപ്രതിയായ ഹ്യൂറെം ഹെറോദാസിനെ മണിപ്പൂര്‍ പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തിരുന്നു. 32 കാരനായ ഇയാള്‍ മെയ് തെയ് വിഭാഗക്കാരനാണ്.

എന്നാല്‍ അറസ്റ്റിലായത് അബ്ദുൽ ഖാൻ, അബ്ദുൽ ഹലിം എന്നിവരാണെന്നാണ്  സംഘ്പരിവാര്‍ പ്രൊഫൈലുകള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത്. 

അബ്ദുൽ ഹലിം എന്നു പേരുള്ളയാളെ   ഇന്നലെ മണിപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പീപ്പിൾസ് റെവല്യൂഷണറി പാർട്ടി ഓഫ് കാംഗ്ലീപാക്ക് എന്ന വിമത ഗ്രൂപ്പിലെ അംഗമായ ഇയാളെ മറ്റൊരു കേസിലാണ് അറസ്റ്റ് ചെയ്തത്. ഇക്കാര്യം മണിപ്പൂർ പൊലീസ് ട്വീറ്റ് ചെയ്യുകയും ചെയ്തു.

എന്നാൽ ഇത് മണിപ്പൂരിലെ യുവതികളെ നഗ്നരാക്കി നടത്തിയ കേസിലെ പ്രതിയാണെന്ന രീതിയിലായിരുന്നു പ്രചരിച്ചത്. വാർത്താ ഏജൻസിയായ എ.എൻ.ഐയാണ് ഇക്കാര്യം ആദ്യം ട്വീറ്റ് ചെയ്തത്. പിന്നീട് പ്രമുഖ ബിജെപി നേതാക്കളും ചില ദേശീയമാധ്യമങ്ങളും സംഘ്പരിവാർ അനുകൂല സംഘടനകളും ഇക്കാര്യം ട്വീറ്റ് ചെയ്തു. 

 യുവതികളെ നഗ്നരാക്കി നടത്തിയ കേസില്‍ നാല് പ്രധാന പ്രതികളെ തൗബാൽ ജില്ലാ പൊലീസാണ് അറസ്റ്റ് ചെയ്തത്. ഹലീമിനെ അറസ്റ്റ് ചെയ്തത് ഇംഫാൽ ഈസ്റ്റ് ജില്ലാ പൊലീസാണ്. എന്നാൽ അയാൾക്ക് ഈ കേസുമായി യാതൊരു ബന്ധവുമില്ലായിരുന്നെന്നും ഫാക്ട് ചെക്കിങ് വെബ് സൈറ്റായ അൾട്ട് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ഇതോടെ മണിപ്പൂർ പൊലീസിന്റെ ട്വീറ്റ് തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് പറഞ്ഞ് എ.എൻ.ഐ വാർത്ത പിൻവലിക്കുകയും ക്ഷമാപണം നടത്തുകയും ചെയ്തു. പക്ഷേ, മുഖ്യപ്രതി അബ്ദുൾ ഖാനെന്നും അബ്ദുൽ ഹലീമാണെന്ന തരത്തിൽ വ്യാപക പ്രചാരണമാണ് സോഷ്യല്‍മീഡിയില്‍ ഇപ്പോഴും സംഘ്‍പരിവാര്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്.

  



Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News