ജൂണ്‍ 20 'ലോക രാജ്യദ്രോഹികളുടെ ദിനം' ആയി പ്രഖ്യാപിക്കണം; യുഎന്‍ സെക്രട്ടറി ജനറലിന് കത്തെഴുതി സഞ്ജയ് റാവത്ത്
കഴിഞ്ഞ വര്‍ഷം ഈ ദിവസമാണ് 40 എംഎല്‍എമാര്‍ ഷിന്‍ഡെ വിഭാഗത്തിനൊപ്പം ചേര്‍ന്നതും ഉദ്ധവ് സര്‍ക്കാര്‍ താഴെ വീണതും. ഇതിന്റെ അടിസ്ഥാനത്തിലാണ് റാവത്ത് കത്തെഴുതിയത്.
മുംബൈ: ജൂണ്‍ 20 'ലോക രാജ്യദ്രോഹികളുടെ ദിനം' ആയി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് യുഎന്‍ സെക്രട്ടറി ജനറലിന് കത്തെഴുതി ശിവസേന (യു.ബി.ടി) രാജ്യസഭാ എംപി സഞ്ജയ് റാവത്ത്. കഴിഞ്ഞ വര്‍ഷം ഈ ദിവസമാണ് 40 എംഎല്‍എമാര്‍ ഷിന്‍ഡെ വിഭാഗത്തിനൊപ്പം ചേര്‍ന്നത്. തുടര്‍ന്ന് നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ വിശ്വാസവോട്ടെടുപ്പിലേക്ക് പോകാതെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവയ്ക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന് റാവത്ത് കത്തെഴുതിയത്.
'ജൂണ്‍ 21 ലോക യോഗാദിനമായി ആചരിക്കുന്നത് പോലെ ജൂണ്‍ 20 ലോക രാജ്യദ്രോഹി ദിനമാക്കാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ഥിക്കുന്നു'- റാവത്ത് എഴുതി. 'ജൂണ്‍ 20ന്, ബി.ജെ.പിയുടെ പ്രേരണയെത്തുടര്‍ന്ന് ശിവസേനയില്‍ നിന്നുള്ള 40 എംഎല്‍എമാരുടെ സംഘം പാര്‍ട്ടി വിട്ടുപോയി. കൂറുമാറാന്‍ അവര്‍ ഓരോരുത്തരും 50 കോടി രൂപ വീതം കൈപ്പറ്റിയതായും പറയുന്നു. ബിജെപി അവരുടെ തന്ത്രങ്ങള്‍ ഉപയോഗിച്ച് മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സര്‍ക്കാരിനെ വീഴ്ത്തി. കൂറുമാറിയ 40 എംഎല്‍എമാരെ നയിച്ചത് ഒരു പ്രമുഖ നിയമസഭാംഗമായ ഏകനാഥ് ഷിന്‍ഡെ (ഇപ്പോള്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി)യാണ്. അവരോടൊപ്പം എം.വി.എ സര്‍ക്കാരിനെ പിന്തുണച്ച 10 സ്വതന്ത്ര (എംഎല്‍എമാരും) പാര്‍ട്ടിയില്‍ നിന്നു വിട്ടുപോയി'- റാവത്ത് കത്തില്‍ വിശദമാക്കുന്നു.
'ഇന്ത്യയുടെ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും കേന്ദ്ര സര്‍ക്കാരും രാജ്യദ്രോഹത്തെ പ്രോത്സാഹിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം ഈ ദിവസമാണ് ഞങ്ങളുടെ 40 എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടത്. പ്രധാനമന്ത്രി അമേരിക്കയിലേക്ക് പോകുന്നു. അതിനാല്‍ അദ്ദേഹം തന്നെ ഈ ദിനം ഐക്യരാഷ്ട്രസഭയോട് അന്താരാഷ്ട്ര രാജ്യദ്രോഹി ദിനമായി പ്രഖ്യാപിക്കാന്‍ പറയണം'- വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് റാവത്ത് പറഞ്ഞു.
ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ ശിവസേനയിലെ ഭൂരിപക്ഷം എംഎല്‍എമാരും വിമതനീക്കം നടത്തിയതോടെയാണ് മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സര്‍ക്കാര്‍ താഴെ വീണത്. 2019ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമാണ് ശിവസേനയുടെ നേതൃത്വത്തില്‍ എന്‍സിപിയും കോണ്‍ഗ്രസും ചേര്‍ന്ന് മഹാവികാസ് അഘാഡി സര്‍ക്കാരിന് രൂപം കൊടുത്തത്. രണ്ടര വര്‍ഷത്തോളം നീണ്ട ഭരണത്തിനൊടുവിലാണ് സഖ്യസര്‍ക്കാര്‍ രാജിവച്ചത്.
അഞ്ചു ദിവസത്തെ അമേരിക്കന്‍ പര്യടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ന്യൂയോര്‍ക്കിലേക്ക് പുറപ്പെട്ടത്തിനു തൊട്ടുപിന്നാലെയാണ് റാവത്ത് കത്ത് ട്വീറ്റ് ചെയ്തത്. ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്ത് നാളെ നടക്കുന്ന അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന് പ്രധാനമന്ത്രി നേതൃത്വം നല്‍കും. വ്യാഴാഴ്ച വൈറ്റ് ഹൗസിലാണ് അമേരിക്കന്‍ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ച. അഞ്ച് ദിവസത്തെ അമേരിക്കന്‍ പര്യടനത്തിന് ശേഷം മോദി ഈജിപ്തും സന്ദര്‍ശിക്കും.