ഔദ്യോഗിക ശിവസേന തർക്കം; പുതിയ നീക്കങ്ങളുമായി ഏക്‌നാഥ് ഷിൻഡെ

സുപ്രിംകോടതിയിൽ നിന്ന് അനുകൂല വിധി ലഭിച്ചതോടെപാർട്ടി പൂർണമായും പിടിച്ചടക്കാനാണ് ഷിൻഡെ വിഭാഗത്തിന്റെ നീക്കം

Update: 2022-09-28 01:29 GMT
Advertising

ഡൽഹി: ഔദ്യോഗിക ശിവസേന തർക്കത്തിൽ തുടർ നീക്കങ്ങളുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ. സുപ്രീംകോടതിയിൽ നിന്ന് അനുകൂല വിധി ലഭിച്ചതോടെപാർട്ടി പൂർണമായും പിടിച്ചടക്കാൻ ആണ് ഷിൻഡെ വിഭാഗത്തിന്റെ നീക്കം . അതേസമയം ഔദ്യോഗിക പാർട്ടി ചിഹ്നത്തിനും പേരിനുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനുള്ള ഒരുക്കത്തിൽ ആണ് ഇരു വിഭാഗങ്ങളും.

തെരഞ്ഞെടുപ്പ് കമ്മീഷൻ നീക്കങ്ങൾക്കെതിരെ ഉദ്ധവ് താക്കറെ പക്ഷം നൽകിയ ഹർജിയാണ് ഒരു ദിവസം നീണ്ടു നിന്ന വാദം കേൾക്കലിനൊടുവിൽ സുപ്രീംകോടതി തള്ളിയത്. ഇതോടെ ഔദ്യോഗിക ചിഹ്നവും ശിവസേന എന്ന പാർട്ടി പേരും അനുവദിക്കാൻ ഉള്ള അധികാരം തെരഞ്ഞെടുപ്പ് കമ്മീഷന്റേതായി. തർക്കത്തിൽ ഇടപെട്ട് ഇരു വിഭാഗങ്ങളോടും തെളിവുകൾ ഹാജരാക്കാൻ കഴിഞ്ഞ ജൂലൈ 22ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. സുപ്രീകോടതി വിധിയോടെ തീരുമാനം എടുക്കാനുള്ള അധികാരം തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ച സാഹചര്യത്തിൽ ഉദ്ധവ് പക്ഷം രേഖകൾ കമ്മീഷന് കൈമാറും.

എന്നാൽ സസ്‌പെൻഷനിലായ എംഎൽഎമാർക്ക് എതിരായ നടപടികൾ റദ്ദാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയാണ് ഏക്‌നാഥ് ഷിൻഡെ പക്ഷം. കോടതിയിൽ തിരിച്ചടി നേരിട്ടെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷൻ വഴി ഔദ്യോഗിക പാർട്ടി പേരും ചിഹ്നവും നേടിയെടുക്കാൻ ആണ് ഉദ്ധവ് പക്ഷം ശ്രമിക്കുന്നത്. വിധിയെ സ്വാഗതം ചെയ്യുന്നു എന്നും നിയമത്തിൽ വിശ്വാസമുണ്ട് എന്നുമായിരുന്നു ഉദ്ധവ് പക്ഷത്തുള്ള ആദിത്യ താക്കറെ കോടതി വിധി വന്നതിന് പിന്നാലെ നടത്തിയ പ്രതികരണം.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News