സാകേത് കോടതി വളപ്പിലെ വെടിവെയ്പ്പ്: പൊലീസിനെതിരെ ആരോപണവുമായി യുവതി
പ്രതി കാമേശ്വരനിൽ നിന്നും മുമ്പും ഭീഷണി ഉണ്ടായിട്ടുണ്ടെന്നും കേസിന്റെ എഫ്‌ഐആർ പകർപ്പ് ഇതുവരെ ലഭിച്ചിട്ടില്ലെന്നും യുവതി
ന്യൂഡൽഹി: ഡൽഹി സാകേത് കോടതിയിൽ വെടിയേറ്റ യുവതി പൊലീസിനെതിരെ ആരോപണവുമായി രംഗത്തെത്തി. പ്രതി കാമേശ്വരനിൽ നിന്നും മുമ്പും ഭീഷണി ഉണ്ടായിട്ടുണ്ടെന്നും പൊലീസിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നും വെടിവെപ്പ് കേസിന്റെ എഫ്‌ഐആർ പകർപ്പ് ഇതുവരെ ലഭിച്ചിട്ടില്ലെന്നും യുവതി പറഞ്ഞു.
പല തവണ പരാതിപ്പെട്ടെങ്കിലും ഇയാളെ വിളിച്ച് ചോദ്യം ചെയ്യാൻ പോലും പൊലീസ് മുതിർന്നില്ലെന്നാണ് യുവതിയുടെ ആരോപണം. അഭിഭാഷകനായ ആളാണ് യുവതിക്കെതിരെ വെടിയുതിർത്തത്. സാമ്പത്തിക തർക്കമാണ് വെടിവയ്പ്പിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.
കാമേശ്വർ സ്ത്രീക്ക് 25 ലക്ഷം നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കോടതിയിലെത്തിയത്. ഈ കേസിൽ ഹാജരാകാൻ എത്തിയപ്പോഴായിരുന്നു വെടിവയ്പ്പ്. യുവതിയുടെ വയറിനാണ് വെടിയേറ്റത്. വെടിവെച്ച ശേഷം ഓടിരക്ഷപ്പെട്ട പ്രതിയെ മണിക്കൂറുകൾക്ക് ശേഷം പൊലീസ് പിടികൂടിയിരുന്നു.