സിദ്ദീഖ് കാപ്പന് ജാമ്യം; ആറാഴ്ച ഡല്‍ഹിയില്‍ കഴിയണം, ശേഷം കേരളത്തിലേക്ക് മടങ്ങാം
യുഎപിഎ ചുമത്തിയതിനെ തുടർന്ന് കാപ്പൻ നിലവിൽ യുപിയിൽ ജയിലിലാണ്.
ന്യൂഡൽഹി: മാധ്യമ പ്രവർത്തകനായ സിദ്ദീഖ് കാപ്പന് സുപ്രിംകോടതി ജാമ്യം അനുവദിച്ചു. ഹാഥ്‌റസിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ചുവെന്നാരോപിച്ചാണ് യു.പി പൊലീസ് കാപ്പനെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത്. അലഹബാദ് ഹൈക്കോടതി നേരത്തെ കാപ്പന് ജാമ്യം നിഷേധിച്ചിരുന്നു. ഇതേ തുടർന്നാണ് ജാമ്യം തേടി സുപ്രിംകോടതിയെ സമീപിച്ചത്. ജാമ്യം നേടി ആറാഴ്ച ഡൽഹിയിൽ കഴിയണം അതിന് ശേഷം കേരളത്തിലേക്ക് പോകാമെന്നാണ് സുപ്രിംകോടതി ഉത്തരവിൽ പറയുന്നത്.
രാജ്യവ്യാപകമായി വർഗീയ സംഘർഷങ്ങളും ഭീകരതയും വളർത്തുന്നതിന് നടന്ന ഗൂഢാലോചനയുടെ ഭാഗമാണ് സിദ്ദീഖ് കാപ്പനെന്നും ജാമ്യം നൽകരുതെന്നും യുപി സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. അലഹബാദ് ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് സുപ്രിംകോടതിയിലെത്തിയ സിദ്ദീഖ് കാപ്പന്റെ കാര്യത്തിൽ നിലപാട് വ്യക്തമാക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് യു.പി സർക്കാർ സത്യവാങ്മൂലം നൽകിയിരുന്നത്.
ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യം ലഭിച്ച ശേഷം ആറാഴ്ച ഡൽഹിയിൽ കഴിയണം. എല്ലാ തിങ്കളാഴ്ചയും ഡൽഹിയിലെ നിസാമുദ്ദീൻ പൊലീസ് സ്റ്റേഷനിൽ ഹാജരാകണം. പിന്നീട് ജന്മനാട്ടിലേക്ക് പോകാം. അവിടെയും പ്രാദേശിക പൊലീസ് സ്റ്റേഷനിൽ ഹാജകാരണം. പാസ്‌പോർട്ട് വിചാരണാ കോടതിയിൽ സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
സിദ്ദീഖ് കാപ്പന് പോപുലർ ഫ്രണ്ട്, വിദ്യാർഥി സംഘടനയായ കാമ്പസ് ഫ്രണ്ട് എന്നിവയുമായി ഗാഢബന്ധമുണ്ട്. ദേശവിരുദ്ധ അജണ്ടയുള്ള സംഘടനയാണ് പോപുലർ ഫ്രണ്ട്. കാമ്പസ് ഫ്രണ്ടിന് പണം സമാഹരിക്കുന്ന കൂട്ടുപ്രതി റഊഫ് ശരീഫിൻറെയും മറ്റും വിപുല ഗൂഢാലോചനയിൽ പങ്കാളിയാണ് സിദ്ദീഖ് കാപ്പൻ- എന്നിങ്ങനെയായിരുന്നു സത്യവാങ്മൂലത്തിലെ ആരോപണങ്ങൾ. സിദ്ദീഖ് കാപ്പനെതിരെ മൊഴിനൽകിയ മലയാളി മാധ്യമപ്രവകന്റെ ജീവന് ഭീഷണിയാണെന്നും യു.പി സർക്കാർ സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു.
പഴയ കലാപക്കേസുകളിലെ പ്രതികൾക്കൊപ്പം ഹാഥറസിന് പോയപ്പോഴാണ് സിദ്ദീഖ് കാപ്പനെ അറസ്റ്റുചെയ്തത്. കാമ്പസ് ഫ്രണ്ടിന്റെ ദേശീയ ട്രഷററായ അതീഖുർറഹ്മാൻ മുസഫർനഗർ കലാപത്തിലും കാമ്പസ് ഫ്രണ്ട് ഡൽഹി ചാപ്റ്റർ മുൻ ജനറൽ സെക്രട്ടറിയായ മസൂദ് അഹ്മദ് ബഹ്റൈച് കലാപത്തിലും കുറ്റാരോപിതരാണ്. പത്രപ്രവർത്തകനെന്ന നിലയിൽ തൊഴിൽപരമായ ചുമതലകളുമായാണ് ഹാഥറസിലേക്ക് പോയതെങ്കിൽ അത് കലാപക്കേസിൽ ഉൾപ്പെട്ടവർക്കൊപ്പമാകില്ലെന്നും സർക്കാർ വാദിച്ചു.