ആരാധകരുടെ കാത്തിരിപ്പിന് വിരാമം; ഗായകൻ സിദ്ദു മൂസെ വാലെയുടെ അവസാന ഗാനം ഇന്ന് പുറത്തിറങ്ങും
എസ്.വൈ.എൽ' എന്ന് പേരിട്ടിരിക്കുന്ന ഗാനം വൈകുന്നേരം 6 മണിക്കാണ് റിലീസ് ചെയ്യുന്നത്
പഞ്ചാബ്: കൊല്ലപ്പെട്ട ഗായകൻ സിദ്ദു മൂസെ വാലയുടെ അവസാന ഗാനം ഇന്ന് പുറത്തിറങ്ങും. ഗായകന്റെ ആകസ്മികമായ മരണത്തിന് ഏകദേശം ഒരു മാസത്തിന് ശേഷം പുറത്തിറങ്ങുന്ന ആദ്യത്തെ ഗാനമാണിത്. . 'എസ്.വൈ.എൽ' എന്ന് പേരിട്ടിരിക്കുന്ന ഗാനം വൈകുന്നേരം 6 മണിക്ക് സിദ്ദു മൂസെ വാല ഒഫീഷ്യൽ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്യുന്നത്.
സിദ്ദു മൂസെ വാലയുടെ പൂർത്തിയാകാത്തതും റിലീസ് ചെയ്യാത്തതുമായ ഗാനങ്ങൾ കുടുംബത്തിന് കൈമാറാൻ അദ്ദേഹത്തിന്റെ ടീം സംഗീത ലേബലുകളോടും നിർമ്മാതാക്കളോടും അഭ്യർത്ഥിച്ചിരുന്നു. അദ്ദേഹത്തിന്റെ പാട്ടുകൾ എന്തുചെയ്യണമെന്ന് തീരുമാനിക്കാൻ പിതാവിനാണ് അവകാശമെന്നും ടീം സൂചിപ്പിച്ചിരുന്നു.
സിദ്ധു മൂസ് വാലയുടെ സോഷ്യൽ മീഡിയ ഹാൻഡിലിലൂടെയാണ് ഈ വിവരം പങ്കുവെച്ചത്. ഗാനത്തിന്റെ പോസ്റ്ററും പങ്കുവെച്ചാണ് ആൽബം പുറത്തിറങ്ങുന്ന വിവരം ടീം അറിയിച്ചത്. പോസ്റ്റ് വന്നയുടൻ വലിയ പ്രതികരണമാണ് ആരാധകരിൽ നിന്നും ലഭിച്ചത്. കാത്തിരിക്കാനാവില്ലെന്ന് നിരവധി പേർ പോസ്റ്റിന് താഴെ കമന്റ് ചെയ്തു.യഥാർത്ഥ ഇതിഹാസം, ഇതിഹാസങ്ങൾ ഒരിക്കലും മരിക്കില്ല തുടങ്ങിയ നിരവധി കമന്റുകളും പോസ്റ്റിന് ലഭിച്ചുകൊണ്ടിരിക്കുകയാണ്.
മെയ് 29 ന് പഞ്ചാബിലെ മാൻസ ജില്ലയിലെ ജവഹർകെ ഗ്രാമത്തിൽ വെച്ച് അജ്ഞാതരുടെ വെടിയേറ്റ് സിദ്ദു മൂസെ വാല കൊല്ലപ്പെടുന്നത്. പഞ്ചാബ് പൊലീസ് അദ്ദേഹത്തിന്റെ സുരക്ഷ പിൻവലിച്ചതിന് തൊട്ടുപിന്നാലെയാണ് കൊലപാതകം. കേസിൽ ഗുണ്ടാസംഘം ലോറൻസ് ബിഷ്ണോയി അറസ്റ്റിലായിരുന്നു.