ശിവാജിയെ അധിക്ഷേപിച്ചെന്ന പരാതിയിൽ നാഗ്പൂരിൽ മാധ്യമപ്രവർത്തകനെതിരെ കേസ്; ഓഡിയോ കെട്ടിച്ചമച്ചതെന്ന് വിശദീകരണം
കോലാപ്പൂർ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്ന് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് പ്രശാന്ത്.


മുംബൈ: 17ാം നൂറ്റാണ്ടിലെ മറാത്ത ഭരണാധികാരി ഛത്രപതി ശിവാജി മഹാരാജിനെയും മകൻ ഛത്രപതി സാംബാജിയെയും കുറിച്ച് അപകീർത്തികരമായ പരാമർശം നടത്തിയെന്നാരോപിച്ച് മാധ്യമപ്രവർത്തകനെതിരെ കേസ്. നാഗ്പൂരിലെ മാധ്യമപ്രവർത്തകൻ പ്രശാന്ത് കൊരത്കറിനെതിരെയാണ് പൊലീസ് കേസെടുത്തത്. എന്നാൽ പുറത്തുവന്ന ഓഡിയോ ക്ലിപ്പ് തന്റേതല്ലെന്നും കെട്ടിച്ചമച്ചതാണെന്നും ഫോൺ ഹാക്ക് ചെയ്യപ്പെട്ടെന്നും പ്രശാന്ത് പറഞ്ഞു.
ബോംബെ ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് പ്രശാന്ത് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്. എന്നാൽ മുൻകൂർ ജാമ്യം നൽകാൻ കോടതി വിസമ്മതിച്ചു. കോലാപ്പൂരിലെ ചരിത്രകാരൻ ഇന്ദജീത് സാവന്തിനെ ഭീഷണിപ്പെടുത്തുകയും സാമുദായിക സ്പർധയുണ്ടാക്കുന്ന വിധത്തിൽ പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയെന്നുമാണ് പ്രശാന്തിനെതിരായ ആരോപണം. പ്രശാന്തും സാവന്തും തമ്മിലുള്ള ഓഡിയോ സംഭാഷണം പുറത്തുവന്നതിനു പിന്നാലെയാണ് പൊലീസ് കേസെടുത്തത്. ഓഡിയോയിൽ പത്രപ്രവർത്തകൻ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്നാണ് പരാതിക്കാരന്റെ വാദം.
എന്നാൽ ആരോപണങ്ങൾ നിഷേധിച്ച പ്രശാന്ത്, തന്റെ ഫോൺ അപഹരിക്കപ്പെട്ടെന്നും ഓഡിയോ കൃത്രിമമായി നിർമിച്ചതാണെന്നും ആവർത്തിച്ചു. കോലാപ്പൂർ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്ന് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് പ്രശാന്ത്. തിങ്കളാഴ്ച ഹരജി പരിഗണിക്കും.
പരാതിക്കാരനെ പ്രതിനിധീകരിച്ച് ഹാജരായ അഭിഭാഷകൻ ആശിഷ് രാജെ ഗെയ്ക്‌വാദ്, പ്രശാന്തിന് ജാമ്യം നൽകുന്നതിനെ എതിർത്തു, കോലാപ്പൂരിൽ സാവന്ത് സമർപ്പിച്ച എഫ്‌ഐആറിന് പുറമേ, മാധ്യമപ്രവർത്തകനെതിരെ രണ്ട് എഫ്‌ഐആറുകൾ കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കോടതിയെ അറിയിച്ചു. പ്രോസിക്യൂഷനെ സഹായിക്കാൻ കോടതി ഗെയ്ക്‌വാദിനോട് നിർദേശിക്കുകയും വാദം കേൾക്കൽ മാർച്ച് 24ലേക്ക് മാറ്റുകയും ചെയ്തു.
പരാതി നൽകുന്നതിന് മുമ്പ് പ്രശാന്തുമായുള്ള സംഭാഷണം വിശദീകരിക്കുന്ന ഒരു വീഡിയോ സാവന്ത് സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് വീഡിയോ പുറത്തുവിടാനുള്ള സാവന്തിന്റെ തീരുമാനം വർഗീയ സംഘർഷം ഉണ്ടാക്കാനും സമാധാനം തകർക്കാനും ഉദ്ദേശിച്ചുള്ളതാണെന്ന് പ്രശാന്ത് വാദിച്ചു. വീഡിയോ വൈറലായതിനുശേഷം പൊതുജനങ്ങളിൽ നിന്ന് വലിയ പ്രതിഷേധം ഉയർന്നതായും തനിക്കും കുടുംബത്തിനും പോലീസ് സംരക്ഷണം ആവശ്യപ്പെട്ടതായും പ്രശാന്ത് വ്യക്തമാക്കി.