'പ്രതിപക്ഷം രാമക്ഷേത്രത്തിന്റെ എതിരാളികൾ'; മോദിയുടെ പരാമർശത്തിനെതിരെ നടപടി ആവശ്യപ്പെട്ട് യെച്ചൂരി
തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ച മോദിക്കെതിരെ ശക്തമായ നടപടി വേണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു.
ന്യൂഡൽഹി: പ്രതിപക്ഷത്തെ രാമക്ഷേത്രത്തിന്റെ എതിരാളികളായി മുദ്ര കുത്തുന്ന പ്രധാനമന്ത്രിയുടെ നടപടിക്കെതിരെ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറിന് പരാതി നൽകി. കത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച യെച്ചൂരി വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചാൽ വ്യക്തിയുടെ വലിപ്പം നോക്കാതെ നടപടിയുണ്ടാവണം. തെരഞ്ഞെടുപ്പ് അന്തരീക്ഷം കൂടുതൽ മോശമാകുന്നത് തടയാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉറച്ചതും വേഗത്തിലുള്ളതുമായ നടപടിയുണ്ടാവണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.
We urge the Election Commission to immediately intervene in the matter and take steps to curb the violations of the Model Code of Conduct and apply the law of the land impartially, regardless of the stature of the person involved. Firm and quick action by the Election Commission… pic.twitter.com/cmYLRlSGi4
— Sitaram Yechury (@SitaramYechury) April 16, 2024
പ്രതിപക്ഷ പാർട്ടികളെ രാമക്ഷേത്രത്തിന്റെ എതിരാളികളെന്നും ശ്രീരാമന്റെ എതിരാളികളെന്നും മുദ്രകുത്തുകയാണ്. രാഷ്ട്രീയ എതിരാളികൾക്കെതിരെ മതവികാരം ഇളക്കിവിടാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്നും യെച്ചൂരി ആരോപിച്ചു. രാമക്ഷേത്രത്തെയും രാമക്ഷേത്ര പ്രതിഷ്ഠയേയും ബി.ജെ.പിയുടെ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുന്നത് മാതൃകാ പെരുമാറ്റചട്ടത്തിന്റെ ലംഘനമാണെന്നും യെച്ചൂരി പറഞ്ഞു.