മൂന്നാംഘട്ടത്തിൽ 57 ശതമാനം മണ്ഡലങ്ങളിലും പോളിങ് കുറഞ്ഞു; അമിത് ഷായുടെ സീറ്റിൽ ആറ് ശതമാനം ഇടിവ്
ഏറ്റവും കൂടുതൽ ഇടിവ് രേഖപ്പെടുത്തിയ 10 മണ്ഡലങ്ങളിൽ എട്ടെണ്ണവും ഗുജറാത്തിൽ
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടത്തിൽ വോട്ടെടുപ്പ് നടന്ന 93 മണ്ഡലങ്ങളിൽ പകുതിയിലധികം സീറ്റിലും 2019നെ അപേക്ഷിച്ച് വോട്ടിങ് ശതമാനത്തിൽ കുറവ് രേഖപ്പെടുത്തി. വോട്ടെടുപ്പ് കഴിഞ്ഞ് നാല് ദിവസങ്ങൾക്ക് ശേഷം ശനിയാഴ്ചയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അന്തിമ കണക്കുകൾ പുറത്തുവിട്ടത്. 65.68 ശതമാനമാണ് ആകെ പോൾ ചെയ്തത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഈ സീറ്റുകളിലെ പോളിങ് ശതമാനത്തേക്കാൾ 1.32 ശതമാനം കുറവാണ് ഇത്തവണ രേഖപ്പെടുത്തിയത്.
അതേസമയം, 40 സീറ്റുകളിൽ പോളിങ് ശതമാനം വർധിച്ചിട്ടുണ്ട്. ബാക്കി 53 മണ്ഡലങ്ങളിലും പോളിങ് കുറഞ്ഞു. സ്ത്രീകളേക്കാൾ പുരുഷൻമാരാണ് കൂടുതൽ വോട്ട് ചെയ്തത്. 64.41 ശതമാനം സ്ത്രീകൾ വോട്ട് രേഖപ്പെടുത്തിയപ്പോൾ പുരുഷൻമാരുടേത് 66.89 ശതമാനമാണ്.
ഇത്തവണ പോളിങ് ശതമാനത്തിൽ ഏറ്റവും കൂടുതൽ ഇടിവ് രേഖപ്പെടുത്തിയ 10 സീറ്റുകളിൽ എട്ടെണ്ണവും ഗുജറാത്തിലാണ്. ബർദോലി, ദാഹോദ്, അഹമ്മദാബാദ് ഈസ്റ്റ്, നവസാരി, വഡോദര, ഗാന്ധിനഗർ, മഹേശന, അമ്രേലി എന്നീ മണ്ഡലങ്ങളാണിത്. ബി.ജെ.പിക്ക് ഏറെ സ്വാധീനമുള്ള മണ്ഡലങ്ങൾ കൂടിയാണിത്.
തെക്കൻ ഗുജറാത്തിലെ ബർദോളിയിലാണ് പോളിങ് ശതമാനത്തിൽ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത്. ഒമ്പത് ശതമാനമാണ് ഇവിടെ കുറഞ്ഞത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മത്സരിച്ച ഗാന്ധിനഗറിൽ ആറ് ശതമാനം ഇടിവ് രേഖപ്പെടുത്തി.
ഗുജറാത്തിലെ 26 ലോക്‌സഭാ സീറ്റുകളിൽ 25 എണ്ണത്തിലും മൂന്നാം ഘട്ടത്തിലായിരുന്നു വോട്ടെടുപ്പ്. സൂറത്തിൽ കോൺഗ്രസ് സ്ഥാനാർഥിയുടെ നാമനിർദേശ പത്രിക തള്ളുകയും മറ്റുള്ളവർ പത്രിക പിൻവലിക്കുകയും ചെയ്തതിനെ തുടർന്ന് ബി.ജെ.പി സ്ഥാനാർഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2019ൽ 26 സീറ്റിലും ബി.ജെ.പിയാണ് ജയിച്ചത്.
പോളിങ്ങിൽ സ്ത്രീ-പുരുഷ വ്യത്യാസം ഏറ്റവും കൂടുതലുള്ള 10 സീറ്റുകളിൽ ഒമ്പതും ഗുജറാത്തിലാണ്. പോർബന്തർ, ജാംനഗർ, ഖേഡ, രാജ്‌കോട്ട് എന്നിവിടങ്ങളിൽ പുരുഷന്മാരുടെ പോളിങ് ശതമാനം സ്ത്രീകളേക്കാൾ 10 ശതമാനത്തിലധികം കൂടുതലാണ്.
മധ്യപ്രദേശിലെ ഗ്വാളിയോറിൽ പുരുഷന്മാരുടെ പോളിങ് കഴിഞ്ഞതവണത്തേക്കാൾ ഏഴ് ശതമാനം വർധിച്ചപ്പോൾ സ്ത്രീകളുടേത് 2.6 ശതമാനം കുറഞ്ഞു. കഴിഞ്ഞ തവണ ഗ്വാളിയോറിൽ പുരുഷൻമാരേക്കാൾ നാല് ശതമാനം കൂടുതലായിരുന്നു സ്ത്രീകളുടെ പോളിങ് ശതമാനം. ഇത്തവണ പുരുഷ പോളിങ് ശതമാനം സ്ത്രീകളേക്കാൾ 4 ശതമാനം കൂടുതലാണ്.
മേയ് ഏഴിനാണ് മൂന്നാംഘട്ട വോട്ടെടുപ്പ് നടന്നത്. ശനിയാഴ്ച രാത്രിയാണ് ഇതിന്റെ അന്തിമ കണക്കുകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടത്. ഒന്നും രണ്ടും ഘട്ടങ്ങളിലെ ഔദ്യോഗിക പോളിങ് കണക്കുകൾ ഏറെ വൈകിയാണ് കമ്മീഷൻ പുറത്തുവിട്ടിരുന്നത്. ഇതിനെതിരെ പ്രതിപക്ഷ പാർട്ടികൾ വലിയ വിമർശനവുമായി രംഗത്തുവന്നിരുന്നു.
മൂന്നാം ഘട്ടത്തിൽ ഏറ്റവും കൂടുതൽ പോളിങ് ശതമാനം രേഖപ്പെടുത്തിയത് അസമിലാണ്. 85.25 ശതമാനമാണ് ഇവിടത്തെ പോളിങ്. ബിഹാറിലെ അഞ്ച് സീറ്റുകളിൽ 59.14 ശതമാനം വോട്ടിങ്ങാണ് രേഖപ്പെടുത്തിയത്. ഗോവയിലെ രണ്ട് സീറ്റുകളിൽ 76.06 ശതമാനവും ഛത്തീസ്ഗഢിലെ ഏഴ് സീറ്റുകളിൽ 71.98 ശതമാനം പേരും വോട്ട് ചെയ്തു.
കർണാടകയിലെ 14 സീറ്റുകളിൽ 71.84 ശതമാനം, ദാദ്ര നഗർ ഹവേലി, ദാമൻ ദിയു എന്നിവിടങ്ങളിൽ 71.31 ശതമാനം, മധ്യപ്രദേശിലെ ഒമ്പത് സീറ്റുകളിൽ 66.74 ശതമാനം, ഗുജറാത്തിലെ 25 സീറ്റുകളിൽ 60.13 ശതമാനം എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കുകൾ.