ഈദ് ഗാഹിന് പുറത്ത് 'ലവ് പാകിസ്താന്‍' ബലൂണ്‍ വില്‍പ്പന: യുവാവിനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ച് മുസ്‍ലിംകള്‍

അജയ് എന്ന ബലൂണ്‍ വില്‍പ്പനക്കാരനെയാണ് അറസ്റ്റ് ചെയ്തത്

Update: 2023-06-30 11:43 GMT
Advertising

മുംബൈ: ഈദ് ഗാഹിന് പുറത്ത് 'ലവ് പാകിസ്താന്‍' എന്നെഴുതിയ ബലൂണുകളുമായെത്തിയ ബലൂണ്‍ വില്‍പ്പനക്കാരനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ച് മുസ്‍ലിംകള്‍. മഹാരാഷ്ട്രയിലെ സോളാപൂരിലാണ് സംഭവം. അജയ് എന്നയാളാണ് പിടിയിലായത്. ഇയാള്‍ക്ക് ബലൂണുകൾ എവിടെ നിന്ന് ലഭിച്ചെന്നും അവ വില്‍പ്പനയ്ക്ക് കൊണ്ടുവന്നതിന് പിന്നിലെ ഉദ്ദേശ്യമെന്തെന്നും പൊലീസ് അന്വേഷിക്കുകയാണ്.

ബലിപെരുന്നാള്‍ നമസ്കാരത്തിന് എത്തിയവരാണ്, 'ലവ് പാകിസ്താന്‍' എന്നെഴുതിയ ബലൂണുകളുമായി യുവാവ് നില്‍ക്കുന്നത് ശ്രദ്ധിച്ചത്. ബലൂണില്‍ പാകിസ്താന്‍റെ പതാകയുമുണ്ടായിരുന്നു. തുടര്‍ന്ന് വിശ്വാസികള്‍ പൊലീസിനെ വിവരം അറിയിച്ചു. അജയ് എന്നാണ് ബലൂണ്‍ വില്‍പ്പനക്കാരന്‍റെ പേര്. ഇയാളെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. വിദ്വേഷം പടര്‍ത്താനും മുസ്‍ലിംകളെ അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഈ ബലൂണ്‍ വില്‍പ്പനയെന്ന് ട്വിറ്ററില്‍ അഭിപ്രായമുയര്‍ന്നു. ഈദ്ഗാഹിന് സമീപം ബലൂണ്‍ വില്‍പ്പന നടത്തിയതിലൂടെ മുസ്‍ലിംകളെ കുറ്റക്കാരാനാക്കാനുള്ള ആസൂത്രിതശ്രമമാണ് നടന്നത്. ബലൂണ്‍ വില്‍പ്പനക്കാരനെ പിടികൂടിയതിലൂടെ ആ നീക്കം പൊളിഞ്ഞെന്നും ചിലര്‍ ട്വിറ്ററില്‍ അഭിപ്രായപ്പെട്ടു. ഈ ബലൂണുകളുണ്ടാക്കിയവര്‍ക്കും വില്‍പ്പന നടത്തിയവര്‍ക്കുമെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുക്കണമെന്ന് എ.ഐ.എം.ഐ.എം നേതാവ് റിയാസ് സയ്യിദ് ആവശ്യപ്പെട്ടു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News