'യൂറിൻ ജിഹാദ്'; പാത്രത്തിൽ മൂത്രമൊഴിച്ച് മാവ് കുഴച്ച വീട്ടുവേലക്കാരിയുടെ വീഡിയോയിൽ വിദ്വേഷ പ്രചാരണം; അറസ്റ്റിന് പിന്നാലെ തിരുത്ത്

യുപി ​ഗാസിയാബാദിലെ വീട്ടുജോലിക്കാരി 32കാരി റീനയാണ് പിടിയിലായത്. അറസ്റ്റിന് മുമ്പ് ഈ സംഭവത്തെ വിദ്വേഷ പ്രചാരണത്തിന് ഉപയോ​ഗിക്കുകയാണ് ഒരു വിഭാ​ഗം ദേശീയമാധ്യമങ്ങൾ ചെയ്തത്.

Update: 2024-10-18 16:49 GMT
Advertising

ലഖ്നൗ: ജോലി നോക്കുന്ന വീടിന്റെ അടുക്കളയിൽ പാത്രത്തിൽ മൂത്രമൊഴിച്ച ശേഷം അതുതന്നെ മാവ് കുഴയ്ക്കാനു​പയോ​ഗിച്ച യുവതിയെ അറസ്റ്റ് ചെയ്ത ഞെട്ടിക്കുന്ന സംഭവം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഉത്തർപ്രദേശിലെ ​ഗാസിയാബാദിലെ വീട്ടുജോലിക്കാരി 32കാരി റീനയാണ് പിടിയിലായത്. എന്നാൽ അറസ്റ്റിന് മുമ്പ് ഈ സംഭവത്തെ 'യൂറിൻ ജിഹാദ്' എന്ന പേരിൽ വിദ്വേഷ പ്രചാരണത്തിന് ഉപയോ​ഗിക്കുകയാണ് ഒരു വിഭാ​ഗം ദേശീയമാധ്യമങ്ങൾ ചെയ്തത്. ഒടുവിൽ യുവതി അറസ്റ്റിലായതിനു പിന്നാലെ ഇതിൽ തിരുത്തുമായി രം​ഗത്തെത്തി.

ഇന്ത്യ ടിവി, ഹിന്ദി ദിനപത്രമായ ഹിന്ദുസ്ഥാൻ തുടങ്ങിയ മാധ്യമങ്ങളാണ് വിദ്വേഷ പ്രചാരണവുമായി രം​ഗത്തെത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ എക്സിൽ പോസ്റ്റ് ചെയ്ത് ഇന്ത്യ ടിവിയുടെ ഹിന്ദിയിലുള്ള ട്വീറ്റ് ഇങ്ങനെയായിരുന്നു- 'ഗാസിയാബാദിലെ ക്രോസിങ് റിപ്പബ്ലിക് സൊസൈറ്റിയിൽ മൂത്ര ജിഹാദ് സംഭവം പുറത്തുവന്നു. ഇത് മുഴുവൻ കുടുംബാം​ഗങ്ങളുടെയും കരൾ തകരാറിലാക്കി'.


ഒക്ടോബർ 16 വൈകീട്ട് 4.23നായിരുന്നു ഈ ട്വീറ്റ്. ഇതേ വീഡിയോ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം അടക്കമുള്ള സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകളിലും 'മൂത്ര ജിഹാദ്' എന്ന അടിക്കുറിപ്പോടെ ഇന്ത്യ ടിവി പോസ്റ്റ് ചെയ്തു. എന്നാൽ, തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോർട്ടിങ്ങിനെതിരെ പ്രതിഷേധവും വിമർശനവും ഉയർന്നതോടെ ഇന്ത്യ ടിവി തങ്ങളുടെ അവകാശവാദം പരിശോധിക്കുകയും പ്രതിയുടെ പേര് റീന എന്നാണെന്ന് വ്യക്തമായതോടെ ഫാക്ട് ചെക്ക് എന്ന പേരിൽ പുതിയ ട്വീറ്റ് പോസ്റ്റ് ചെയ്യുകയും ചെയ്തു.


'ആട്ടയിൽ മൂത്രമൊഴിച്ച് മാവ് കുഴച്ച വേലക്കാരി മുസ്‌ലിം അല്ല'- എന്നായിരുന്നു ഇന്ത്യ ടിവിയുടെ ഫാക്ട് ചെക്ക് പോസ്റ്റ്. എന്നാൽ ഇതിനൊപ്പം പങ്കുവച്ച തെറ്റായ പ്രചാരണ ട്വീറ്റിന്റെ സ്‌ക്രീൻഷോട്ട് തങ്ങളുടെ മുൻ ട്വീറ്റിന്റേത് ആവാതിരിക്കാനും ഇന്ത്യ ടിവി ശ്രദ്ധിച്ചു. മറ്റൊരാൾ പങ്കുവച്ച ട്വീറ്റിന്റെ സ്‌ക്രീൻഷോട്ടും അറസ്റ്റിനു ശേഷമുള്ള വാർത്താ ഏജൻസിയായ എഎൻഐയുടെ ട്വീറ്റിന്റെ സ്‌ക്രീൻഷോട്ടുമാണ് ഇവർ ഫാക്ട് ചെക്ക് ട്വീറ്റിനൊപ്പം നൽകിയിരിക്കുന്നത്. ഒക്ടോബർ 17 ഉച്ചയ്ക്ക് 1.50നാണ് ഈ ട്വീറ്റ്.

സംഭവത്തിലെ വിദ്വേഷപ്രചാരണം ചൂണ്ടിക്കാട്ടി ഫാക്ട് ചെക്ക് സ്ഥാപനമായ ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ രംഗത്തെത്തി. 'മൂത്ര ജിഹാദെന്ന് ഇന്ത്യ ടിവി പറഞ്ഞു. പിന്നീട് അവരുടെ തന്നെ വ്യാജ പ്രചാരണത്തിൽ ഫാക്ട് ചെക്ക് നടത്തി'- സുബൈർ ട്വീറ്റ് ചെയ്തു.

അതേസമയം, ഹിജാബ് ധരിച്ച സ്ത്രീയുടെ പ്രതീകാത്മക ചിത്രം നൽകിയാണ് സംഭവത്തെ കൂടുതൽ വർ​ഗീയവൽക്കരിക്കാൻ ഹിന്ദുസ്ഥാൻ ദിനപത്രം ശ്രമിച്ചത്. പിന്നീട്, പ്രതിയുടെ പേര് പുറത്തുവന്നതോടെ ഈ ചിത്രം മാറ്റി വൈറൽ വീഡിയോയുടെ സ്‌ക്രീൻ ഷോട്ട് പ്രസിദ്ധീകരിക്കുകയും ചെയ്തു. ഒക്ടോബര്‍ 16നാണ് 44 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ പുറത്തുവന്നത്. ഇതിനു പിന്നാലെയായിരുന്നു വ്യാജ- വിദ്വേഷ പ്രചാരണങ്ങളുണ്ടായത്.

ഗാസിയാബാദിലെ താനാ ക്രോസിങ് റിപ്പബ്ലിക് സൊസൈറ്റിയിൽ താമസിക്കുന്ന റിയൽ എസ്റ്റേറ്റ് ബിസിനസുകാരന്റെ വീട്ടിൽ ജോലി ചെയ്തിരുന്ന യുവതിയാണ് പാത്രത്തിൽ മൂത്രമൊഴിച്ച ശേഷം ഇതിൽതന്നെ മാവ് കുഴച്ച് റൊട്ടിയുണ്ടാക്കി വിളമ്പിയിരുന്നത്. എട്ടു വർഷം മുമ്പ് വീട്ടിൽ ജോലിക്കെത്തിയ റീന, വീട്ടുകാർക്ക് നിരന്തരം മൂത്രം കലർന്ന ഭക്ഷണം ഉണ്ടാക്കി നൽകിയതിനെ തുടർന്ന് അവർ ഉദര- കരൾരോ​ഗികളാവുകയും ചെയ്തിരുന്നു. ആദ്യം ഇത് സാധാരണ അണുബാധയാണെന്ന് കരുതിയ വീട്ടുകാർ ഡോക്ടർമാരെ കണ്ടെങ്കിലും ആരോഗ്യനിലയിൽ പുരോഗതിയുണ്ടായില്ല.

ആരോഗ്യം കൂടുതൽ മോശമായപ്പോൾ, ഭക്ഷണത്തിൽ എന്തോ കുഴപ്പമുണ്ടെന്ന് കുടുംബം സംശയിച്ചു. ഇതിനുശേഷം, അടുക്കളയിലും വീടിന്റെ മറ്റ് ഭാഗങ്ങളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കുകയും ഭക്ഷണം തയാറാക്കുന്നത് നിരീക്ഷിക്കാനും തുടങ്ങി. ഇതോടെയാണ് കഴിഞ്ഞദിവസം സിസിടിവി ദൃശ്യങ്ങളിൽ ഏറെ ഞെട്ടിക്കുന്ന പ്രവൃത്തി കാണാനിടയായത്. വീട്ടുജോലിക്കാരി റീന, അടുക്കളയില്‍ ജോലി ചെയ്യുന്നതിനിടെ വാതില്‍ കുറ്റിയിട്ട ശേഷം പാത്രത്തിലേക്ക് മൂത്രമൊഴിച്ചു. ഇത് സിസിടിവിയില്‍ പതിയുന്ന വിവരം ഇവര്‍ അറിഞ്ഞതുമില്ല. കുടുംബത്തിനായി റൊട്ടിയുണ്ടാക്കുന്ന പാത്രത്തിലേക്കാണ് ഇവര്‍ മൂത്രമൊഴിച്ചത്.

ദൃശ്യങ്ങൾ കണ്ട് കുടുംബം സ്തംഭിച്ചുപോയി. തുടർന്ന് പൊലീസില്‍ പരാതി നല്‍കുകയും കേസെടുക്കുകയും റീനയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ജോലിയിലെ ചെറിയ പിഴവുകൾക്ക് ശകാരിച്ചതിലുള്ള പ്രതികാരമായാണ് വേലക്കാരി ഇങ്ങനെ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ ഐപിസി സെക്ഷൻ 272 പ്രകാരം ക്രോസിങ് റിപ്പബ്ലിക് പൊലീസാണ് റീനയ്ക്കെതിരെ കേസെടുത്തത്. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News