"ബിജെപിയിലേക്ക് പോകാൻ ചിലർ പ്രേരിപ്പിക്കുന്നു": ഒരു ബന്ധത്തിനും തയ്യാറല്ലെന്ന് ശരദ് പവാർ

ബിജെപിയുമായുള്ള ഒരു ബന്ധവും എൻസിപിയുടെ രാഷ്ട്രീയ നയവുമായി യോജിക്കുന്നതല്ലെന്നും ശരദ് പവാർ വ്യക്തമാക്കി

Update: 2023-08-13 14:46 GMT
Editor : banuisahak | By : Web Desk
Advertising

ഡൽഹി: ബിജെപിയിലേക്ക് പോകാൻ ചില അഭ്യുദയകാംക്ഷികൾ തന്നെ പ്രേരിപ്പിക്കുന്നുവെന്ന് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി അധ്യക്ഷൻ ശരദ് പവാർ. പലരും അനുനയിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും എൻസിപി ബിജെപിക്കൊപ്പം പോകില്ലെന്ന് മഹാരാഷ്ട്രയിലെ സോലാപൂർ ജില്ലയിലെ സംഗോളയിൽ മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് പവാർ പറഞ്ഞു. ബിജെപിയുമായുള്ള ഒരു ബന്ധവും എൻസിപിയുടെ രാഷ്ട്രീയ നയവുമായി യോജിക്കുന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

"എൻസിപിയുടെ ദേശീയ അധ്യക്ഷൻ എന്ന നിലയിൽ എന്റെ പാർട്ടി (എൻസിപി) ബിജെപിക്കൊപ്പം പോകില്ലെന്ന് ഞാൻ വ്യക്തമാക്കുകയാണ്. ഭാരതീയ ജനതാ പാർട്ടിയുമായുള്ള ഒരു കൂട്ടുകെട്ടും എൻസിപിയുടെ രാഷ്ട്രീയ നയത്തിൽ ചേരുന്നതല്ല"; പവാർ പറഞ്ഞു. 

"ഞങ്ങളിൽ ചിലർ (അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി ഗ്രൂപ്പ്) വ്യത്യസ്തമായ നിലപാടാണ് സ്വീകരിച്ചത്. ചില അഭ്യുദയകാംക്ഷികൾ ഞങ്ങളുടെ നിലപാട് തിരുത്താൻ ശ്രമിക്കുന്നുണ്ട്. സൗഹാർദ്ദപരമായ ചർച്ചയ്ക്ക് അവർ തയ്യാറെടുക്കുന്നതും അതുകൊണ്ടാണെന്ന് പവാർ പറഞ്ഞു. ആരുടേയും പേര് അദ്ദേഹം എടുത്തുപറഞ്ഞില്ല. 

മഹാരാഷ്ട്രയിലെ ശിവസേന-ബിജെപി സർക്കാരിന്റെ ഭാഗമായ തന്റെ അനന്തരവനും ഉപമുഖ്യമന്ത്രിയുമായ അജിത് പവാറുമായി ശനിയാഴ്ച പൂനെയിൽ നടത്തിയ രഹസ്യ കൂടിക്കാഴ്ച സംബന്ധിച്ചും അദ്ദേഹം പ്രതികരിച്ചു. അജിത് പവാർ എന്റെ മരുമകനാണ്. അദ്ദേഹത്തെ കാണുന്നതിൽ എന്താണ് തെറ്റ്. ഒരു കുടുംബാംഗത്തെ കാണുന്നതിൽ ഒരു പ്രശ്നവുമില്ലെന്നായിരുന്നു ശരദ് പവാറിന്റെ പ്രതികരണം. ശിവസേന (യുബിടി), എൻസിപി (ശരദ് പവാർ ഗ്രൂപ്പ്), കോൺഗ്രസ് എന്നിവ ഉൾപ്പെടുന്ന മഹാ വികാസ് അഘാഡിക്ക് ജനങ്ങൾ സംസ്ഥാനത്തിന്റെ ഭരണം കൈമാറുമെന്നും ശരദ് പവാർ കൂട്ടിച്ചേർത്തു. 

അന്തരിച്ച എംഎൽഎ ഗണപതിറാവു ദേശ്മുഖിന്റെ പ്രതിമ അനാച്ഛാദനം ചെയ്യാൻ സോലാപൂർ ജില്ലയിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസുമായി ശരദ് പവാർ വേദി പങ്കിട്ടത് ചർച്ചയായിരുന്നു. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News