സ്ഥാനാർഥി പട്ടികയിൽ അവസാന നിമിഷം മാറ്റം ; ബി.ജെ.പിയെയും ബി.എസ്.പിയെയും ഒരേപോലെ വെട്ടിലാക്കി അഖിലേഷ്

അയോധ്യയിലെ ക്ഷേത്രപ്രതിഷ്ഠയ്ക്ക് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പിൽ അരുൺ ഗോവിലിനെ ബി.ജെ.പി സ്ഥാനാർഥിയാക്കിയത് രാമബാണത്തിൽ വോട്ട് കോർത്ത് എടുക്കുന്നതിന് വേണ്ടിയായിരുന്നു

Update: 2024-05-08 01:14 GMT
Editor : Jaisy Thomas | By : Web Desk

അഖിലേഷ് യാദവ്

Advertising

ഡല്‍ഹി: കൗശലം നിറഞ്ഞ തന്ത്രങ്ങളിലൂടെ എതിരാളികളെ കുരുക്കുന്നതിൽ മുന്നിലാണ് സമാജ്‍വാദി അധ്യക്ഷൻ അഖിലേഷ് യാദവ്. സ്ഥാനാർഥി പട്ടികയിൽ അവസാന നിമിഷം മാറ്റം വരുത്തി ബി.ജെ.പിയെയും ബി.എസ്.പിയെയും ഒരേപോലെ വെട്ടിലാക്കി. ഈ ചടുല നീക്കങ്ങൾ തന്നെയാണ് ഇൻഡ്യ മുന്നണിയുടെ ഉത്തർപ്രദേശിലെ തുറുപ്പ് ചീട്ട്.

അയോധ്യയിലെ ക്ഷേത്രപ്രതിഷ്ഠയ്ക്ക് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പിൽ അരുൺ ഗോവിലിനെ ബി.ജെ.പി സ്ഥാനാർഥിയാക്കിയത് രാമബാണത്തിൽ വോട്ട് കോർത്ത് എടുക്കുന്നതിന് വേണ്ടിയായിരുന്നു. സിറ്റിംഗ് എംപി രാജേന്ദ്ര അഗർവാളിനെ മാറ്റിയാണ്, ദൂരദർശനിലെ രാമായണം സീരിയയിലിൽ ശ്രീരാമനായി വേഷമിട്ട അരുൺ ഗോവിലിനെ മുംബൈയിൽ നിന്നും കെട്ടിയിറക്കിയത്.

ആദ്യം ദാൻ പ്രതാപ് സിങ്ങിനെയും പിന്നാലെ എംഎൽഎ അതുൽ പ്രതാനെയും എസ്.പി സ്ഥാനാർഥിയായി പ്രഖ്യാപിച്ചു . ഒബിസി നേതാവാവായ ദേവബ്രത ത്യാഗിയെ ബി.എസ്.പി രംഗത്തിറക്കിയപ്പോൾ , ദളിത് നേതാവും മുൻ മേയറും കൂടിയായ സുനിത വർമയെ അഖിലേഷ് സ്ഥാനാർഥിയാക്കി. ബിഎസ്പി സ്ഥാപക നേതാവും ബുലൻഡ് ഷഹറിൽ കഴിഞ്ഞ തവണ സ്ഥാനാര്‍ഥിയുമായിരുന്ന യോഗേഷ് വർമയുടെ ഭാര്യയാണ് സുനിത. എല്ലാവഴിക്കും സമാജ് വാദിയിലേക്ക് വോട്ട് സംഘടിപ്പിക്കുക എന്നതന്ത്രമാണ്, അവസാന വട്ട സ്ഥാനാർഥി മാറ്റത്തിൽ വ്യക്തമായത്. ഭൂരിപക്ഷം മണ്ഡലങ്ങളിലും കഴിഞ്ഞ തവണ കോൺഗ്രസ് പിന്നിൽ പോയപ്പോൾ , ചില കോൺഗ്രസ് സ്ഥാനാർത്ഥികൾ വ്യക്തിഗത മികവ് കൊണ്ട് വോട്ട് നേടിയിരുന്നു .ഇവരെ എസ്പിയിൽ എത്തിച്ചു സൈക്കിൾ ചിഹ്നത്തിൽ മത്സരിപ്പിക്കുന്നുണ്ട് . ഇങ്ങനെയൊരു സ്ഥാനാർത്ഥിയാണ് അലിഗഡിൽ മത്സരിച്ച ബ്രിജേന്ദ്ര സിങ് . എസ്പി സ്ഥാനാർഥി ആരെന്നു കൃത്യമായി പറയാതെ, രാംപൂരിൽ രണ്ട് എസ്പി നേതാക്കൾ പത്രിക സമർപ്പിക്കാൻ എത്തിയത്, എതിരാളികളെ വട്ടംകറക്കി .അവസാന മണിക്കൂറിൽ മോഹിബുല്ല നദ്വിയ്ക് ചിഹ്നം നൽകിയുള്ള കത്തുമായി ഹെലികോപ്റ്ററിൽ പാർട്ടി സംസ്ഥാന അധ്യക്ഷൻ ഉത്തം പട്ടേൽ പറന്നിറങ്ങി.

അഖിലേഷിന്‍റെ കരുനീക്കങ്ങൾ സ്വന്തം അണികൾക്ക് പോലും വ്യക്തമായത് അപ്പോൾ മാത്രം. ന്യൂനപക്ഷങ്ങൾക്ക് വ്യക്തമായ സ്വാധീനമുള്ള മണ്ഡലം തിരികെ പിടിക്കാനാണ് ,ഡൽഹി പാർലമെന്‍റ് സ്ട്രീറ്റ് പള്ളിയിലെ ഇമാം മൊഹിബുല്ല നദ്വിയ്ക്, അഖിലേഷ് ടിക്കറ്റ് നൽകിയത് . കഴിഞ്ഞ തവണ ഭാര്യ ഡിംപിൾ യാദവ് മത്സരിച്ച് പരാജയപ്പെട്ട കനൗജ് സീറ്റിൽ നേരിട്ട് ഇറങ്ങിയിരിക്കുകയാണ് അഖിലേഷ് യാദവ്. രാഹുലോ പ്രിയങ്കയെ യുപിയിൽ നിന്നും മത്സരിക്കണം എന്ന് കോൺഗ്രസിനെ നിര്‍ബന്ധിച്ചതും ഈ സഖ്യക്ഷി നേതാവ് തന്നെ . കൂട്ടിയും കിഴിച്ചും മണ്ഡലത്തിന് യോജിച്ച കൃത്യം സ്ഥാനാർത്ഥികളെ അണിനിരത്തിയാണ് ഹിന്ദി ഹൃദയഭൂമിയിൽ ഇൻഡ്യ മുന്നണിക്ക് വേണ്ടി ഈ 51 കാരൻ യുദ്ധം നയിക്കുന്നത്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News