കർണി സേന അധ്യക്ഷനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ പിടിയില്‍; ജയ്പൂരില്‍ ബന്ദ് പുരോഗമിക്കുന്നു
ഹരിയാനയിൽ നിന്നാണ് പ്രതികൾ പിടിയിലായത്
ജയ്പൂര്‍: രാഷ്ട്രീയ രജപുത് കർണി സേന അധ്യക്ഷൻ സുഖ്ദേവ് സിംഗ് ഗോഗമേദിയെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ പിടിയിൽ . ഹരിയാനയിൽ നിന്നാണ് പ്രതികൾ പിടിയിലായത്. കർണിസേന പ്രഖ്യാപിച്ച ബന്ദ് ജയ്പൂരിൽ പുരോഗമിക്കുകയാണ്.
ഹരിയാന, രാജസ്ഥാൻ സ്വദേശികളായ രണ്ടു പേരെയാണ് കൊലപാതകവുമായി ബന്ധപ്പെട്ട പൊലീസ് അറസ്റ്റ് ചെയ്തത് കൊലപാതകത്തിൻ്റെ ഉത്തരവാദിത്തം ലോറൻസ് ബിഷ്ണോയിയുടെ ഗുണ്ടാസംഘം നേരത്തെ ഏറ്റെടുത്തിരുന്നു. ഇന്നലെയാണ് രാഷ്ട്രീയ രജപുത് കർണി സേന അധ്യക്ഷൻ സുഖ്ദേവ് സിംഗ് ഗോഗമേദിയുടെ വസതിയിൽ എത്തിയ മൂന്നംഗ സംഘം അദ്ദേഹത്തിന് നേരെ വെടിയുതിർത്തത്. സംഘത്തിലെ രണ്ട് പേരെ ആണ് പൊലീസിന് തിരിച്ചറിയാൻ സാധിച്ചത്. ഹരിയാന സ്വദേശി രോഹിത് റാത്തോഡ് മക്രാന, നിതിൻ ഫൗജി എന്നിവരെ ആണ് സിസി ടിവി ദൃശ്യങ്ങളിൽ നിന്നും തിരിച്ചറിഞ്ഞത്. പിടിയിലായവരെ പൊലീസ് ചോദ്യംചെയ്തു വരികയാണ്.
അതേസമയം കൊലപാതകത്തിന് പിന്നിലുള്ള മുഴുവൻ പ്രതികളേയും ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ട് രജപുത് കർണി സേനയുടെ നേതൃത്വത്തിൽ രാജസ്ഥാനിലെ ജയ്പൂരിൽ പ്രതിഷേധം കനക്കുകയാണ്. ജില്ലയിൽ പ്രഖ്യാപിച്ച ബന്ദ് പുരോഗമിക്കുകയാണ്. പ്രതിഷേധക്കാർ ആഗ്ര ദേശീയപാത ഉപരോധിക്കുന്നതിനാൽ നഗരത്തിലേക്ക് വാഹനങ്ങൾക്ക് പ്രവേശിക്കാൻ സാധിച്ചിട്ടില്ല. കൊലപാതകവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. പൊലീസും അതീവ ജാഗ്രതയിൽ ആണ്. കർണിസേന നേതാവിൻ്റെ കൊലപാതകം രാജസ്ഥാനിലെ ക്രമസമാധാന പരിപാലനം പരാജയപ്പെട്ടതിൻ്റെ തെളിവാണെന്ന് ബി.ജെ.പി ആരോപിച്ചു.