'ഒറ്റ രാത്രി കൊണ്ട് ആയിരക്കണക്കിനാളുകളെ വഴിയാധാരമാക്കാനാകില്ല'; ഉത്തരാഖണ്ഡിലെ കുടിയൊഴിപ്പിക്കലിന് സുപ്രിംകോടതി സ്റ്റേ
''വർഷങ്ങളായി താമസിക്കുന്നവരെ ഒഴിപ്പിക്കാൻ അർദ്ധ സൈനികരെ വിന്യസിക്കുന്നത് ശരിയല്ല. തിടുക്കപ്പെട്ടുഉള്ള കുടിയൊഴിപ്പിക്കല്ല പരിഹാരം. പ്രായോഗികമായ പരിഹാരം കണ്ടെത്തണം''
ഡല്‍ഹി: ഉത്തരാഖണ്ഡിലെ ഹൽദ്വാനിലെ റെയിൽവേ ഭൂമിൽ നിന്ന് 4365 കുടുംബങ്ങളെ ഒഴിപ്പിക്കണമെന്ന ഹൈക്കോടതി ഉത്തരവിന് സുപ്രിംകോടതി സ്റ്റേ . ഒരു രാത്രി കൊണ്ട് ആയിരക്കണക്കിന് പേരെ വഴിയാധാരമാക്കാനാകില്ലെന്ന് കോടതി പറഞ്ഞു. വർഷങ്ങളായി താമസിക്കുന്നവരെ ഒഴിപ്പിക്കാൻ അർദ്ധ സൈനികരെ വിന്യസിക്കുന്നത് ശരിയല്ല.
തിടുക്കപ്പെട്ടുഉള്ള കുടിയൊഴിപ്പിക്കല്ല പരിഹാരം. പ്രായോഗികമായ പരിഹാരം കണ്ടെത്തണമെന്നും കോടതി പറഞ്ഞു. ഫെബ്രുവരി ഏഴിന് കേസ് വീണ്ടും പരിഗണിക്കും. ബൻഭൂൽപുര നിവാസികൾ സമർപ്പിച്ച ഹരജി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിച്ചത്. 70 വർഷമായി താമസിച്ചുവരുന്ന ഭൂമിയിൽ നിന്ന് കുടിയൊഴിപ്പിക്കരുത് എന്നാണ് കുടുംബങ്ങളുടെ ആവശ്യം.
മൂന്ന് സർക്കാർ സ്‌കൂളുകളും 11 സ്വകാര്യ സ്‌കൂളുകളും 10 മുസ്‌ലിം പള്ളികളും 12 മദ്രസകളും ക്ഷേത്രങ്ങളും ആശുപത്രിയും. അരലക്ഷത്തോളം മനുഷ്യർ ഇങ്ങനെ ഏഴ് പതിറ്റാണ്ടുകൊണ്ട് കെട്ടിപ്പടുത്ത ജനവാസ കേന്ദ്രമാണ് നോട്ടീസ് ലഭിച്ച് ഒരാഴ്ചക്കകം ഒഴിയണമെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവിട്ടത്. ഡിസംബർ 20 ന് ഉത്തരവ് വന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ പ്രദേശവാസികൾ സമരം ആരംഭിക്കുകയും ഇറക്കിവിടരുതെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. എന്നാൽ, സർക്കാർ ഒരു കനിവും കാട്ടിയില്ല. ഞായറാഴ്ച ഒഴിപ്പിക്കൽ തുടങ്ങാനാണ് സർക്കാർ നീക്കം. അതിനായി ബുൾഡൊസറുകൾ അടക്കം എല്ലാം ഒരുക്കങ്ങളും പൂർത്തിയായിരുന്നു