എൻസിപിയെ നയിക്കാൻ സുപ്രിയ സുലെ എത്തുമെന്ന് സൂചന; അജിത് പവാറിന് മുഖ്യമന്ത്രി സ്ഥാനം
സുപ്രിയ സുലെക്ക് പിന്തുണയുമായി പ്രതിപക്ഷ പാർട്ടികളും രംഗത്തുണ്ട്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും സുപ്രിയ സുലൈയെ ഫോണിൽ വിളിച്ചിരുന്നു
ഡൽഹി: എൻസിപിയുടെ വർക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് സുപ്രിയ സുലെ എത്തുമെന്ന് സൂചന. അജിത്ത് പവാറിന് സംസ്ഥാനങ്ങളുടെ ചുമത നൽകാനും നീക്കമുണ്ട്. സുപ്രിയ സുലെയുമായി കോൺഗ്രസ് നേതൃത്വം ചർച്ച നടത്തി. നാളെ ചേരുന്ന എൻ സി പി ഉന്നത സമിതി യോഗത്തിൽ സുപ്രധാന തീരുമാനങ്ങളുണ്ടായേക്കും.
സുപ്രിയ സുലെക്ക് പിന്തുണയുമായി പ്രതിപക്ഷ പാർട്ടികളും രംഗത്തുണ്ട്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും സുപ്രിയ സുലൈയെ ഫോണിൽ വിളിച്ചിരുന്നു. അജിത് പവാറിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ച് ശരദ് പവാറിന്റെ മകൾ കൂടിയായ സുപ്രിയയെ അധ്യക്ഷയാക്കാനാനുള്ള ചർച്ചകൾ എൻസിപിയിൽ നിന്നും ഉയരുന്നുണ്ട്. നിലവിൽ സുപ്രിയ സുലൈ ലോക്സഭാ അംഗമാണ്.
അതേസമയം, എൻസിപി ദേശീയ അധ്യക്ഷ പദവിയിൽ നിന്ന് ഒഴിവാക്കാനുള്ള ശരദ് പവാറിന്റെ തീരുമാനം ഒഴിവാക്കാൻ പാർട്ടി പ്രവർത്തകരിൽ നിന്നടക്കം സമ്മർദ്ദമുണ്ട്. ശരദ് പവാർ അധ്യക്ഷസ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ കഴിഞ്ഞ ദിവസം എൻസിപിയിൽ കൂട്ടരാജിയാണുണ്ടായത്. ജിതേന്ദ്ര അവ്ഹദ് ദേശീയ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചു. താനെ ഘടകത്തിലെ എല്ലാ അംഗങ്ങളും രാജിവെച്ചു. മറ്റൊരു നേതാവായ അനിൽ പാട്ടീൽ എം.എൽ.എ സ്ഥാനം രാജിവെക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇങ്ങനെ ശരദ് പവാറിനെ സമ്മർദ്ദത്തിലാക്കി തീരുമാനം മാറ്റാനുള്ള നീക്കങ്ങളാണ് എൻസിപി നടത്തുന്നത്.
തീരുമാനം പുനഃപരിശോധിക്കണമെന്ന് ശരദ് പവാർ സൂചന നൽകിയിട്ടുണ്ടെങ്കിലും അത് രാജി ഒഴിവാക്കുന്ന കാര്യമല്ലെന്നാണ് വ്യക്തമാകുന്നത്. നിലവിലെ സാഹചര്യം തലമുറമാറ്റത്തിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് റിപ്പോർട്ടുകളുണ്ട്.
ചൊവ്വാഴ്ചയാണ് അപ്രതീക്ഷിത തീരുമാനത്തിലൂടെ ശരദ് പവാർ എൻ.സി.പി അധ്യക്ഷസ്ഥാനം രാജിവെക്കുന്നതായി പ്രഖ്യാപിച്ചത്. തന്റെ ആത്മകഥാ പ്രകാശന വേദിയിലായിരുന്നു പവാറിന്റെ പ്രഖ്യാപനം. പുതിയ നേതൃത്വത്തിന് വേണ്ടി വഴിമാറുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രാജി. വിദേശ വനിതയായ സോണിയാ ഗാന്ധി അധ്യക്ഷയായതിൽ പ്രതിഷേധിച്ചാണ് ശരദ് പവാർ 1999-ൽ കോൺഗ്രസ് വിട്ട് എൻ.സി.പി രൂപീകരിച്ചത്. തുടർന്ന് കഴിഞ്ഞ 25 വർഷക്കാലം ശരദ് പവാർ തന്നെയായിരുന്നു എൻസിപി അധ്യക്ഷൻ.
രാജിക്കെതിരെ വലിയ എതിർപ്പുയർന്ന സാഹചര്യത്തിൽ രണ്ടോ മൂന്നോ ദിവസം ആലോചിച്ചിട്ട് തീരുമാനം പറയാമെന്നാണ് പവാർ അറിയിച്ചത്. അതേസമയം, അജിത് പവാറിനെ മുഖ്യമന്ത്രിയാകാനുള്ള നീക്കത്തിനെതിരെയും വിമർശനങ്ങൾ ഉയരുന്നുണ്ട്.