റിവേഴ്സ് ഗിയറിൽ 16 കിലോമീറ്റർ! ചന്ദ്രമൗലി തകർത്തത് മലയാളിയുടെ റെക്കോർഡ്

29 മിനിറ്റും 10 സെക്കൻഡും കൊണ്ടാണ് ഈ ദൂരം പൂർത്തിയാക്കിയത്

Update: 2022-09-15 02:55 GMT
Editor : Lissy P | By : Web Desk
Advertising

സേലം: റിവേഴ്സ് മോഡിൽ വാഹനമോടിച്ച് പുതിയ റെക്കോർഡിട്ട് തമിഴ്‌നാട് സ്വദേശി. തമിഴ്‌നാട്ടിലെ സേലം ജില്ല സ്വദേശിയായ ചന്ദ്രമൗലി എന്ന 35 കാരനാണ് പുതിയ റെക്കോർഡ് സ്വന്തമാക്കിയത്.

കഴിഞ്ഞയാഴ്ച എടപ്പാടി ബൈപ്പാസിലാണ് ഇദ്ദേഹം റിവേഴ്‌സ് ഗിയറിൽ വണ്ടിയോടിച്ച് റെക്കോർഡിട്ടത്. 16 കിലോമീറ്ററും 140 മീറ്ററുമാണ് റിവേഴ്സ് ഗിയറിൽ അദ്ദേഹം കാർ ഓടിച്ചത്.29 മിനിറ്റും 10 സെക്കൻഡും കൊണ്ടാണ് ഈ ദൂരം പൂർത്തിയാക്കിയത്.മറ്റ് യാത്രക്കാരുടെ കൂടെ സുരക്ഷകണക്കിലെടുത്ത് അധികൃതരുടെ സാന്നിധ്യത്തിലായിരുന്നു വാഹനമോടിച്ചത്.

പത്തനംതിട്ട സ്വദേശിയായ 22 കാരനായ ടെസൻ തോമസിന്റെ റെക്കോർഡാണ് ചന്ദ്രമൗലി തന്റെ പേരിലാക്കിയത്. 30 മിനിറ്റ് കൊണ്ട് 14.2 കിലോമീറ്ററാണ് തോമസ് വാഹനമോടിച്ചിരുന്നത്. പുതിയ റെക്കോർഡിന് പിന്നാലെ രാഷ്ട്രീയക്കാരുൾപ്പെടെ നിരവധി പേർ ചന്ദ്രമൗലിയെ പ്രശംസിച്ചതായി ടൈംസ് നൗ റിപ്പോർട്ട് ചെയ്തു.

ചെറുപ്പം മുതലേ വാഹനങ്ങളോടും ഡ്രൈവിങ്ങിനോടും ഇഷ്ടമുള്ളയാളാണ് ചന്ദ്രമൗലി. സുരക്ഷയുടെ പ്രാധാന്യം ചെറുപ്പക്കാർ മനസ്സിലാക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നുവെന്ന് ചന്ദ്രമൗലി  പറഞ്ഞു. യുവാക്കൾ പൊതുനിരത്തുകളിൽ ഇരുചക്രവാഹനങ്ങളോ ഫോർ വീലറോ ഉപയോഗിച്ച് സ്റ്റണ്ടിങും അഭ്യാസപ്രകടനവും നടത്തുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും ഇത്തരം സാഹസിക പ്രവൃത്തികളിൽ ഏർപ്പെടുന്നവർ എല്ലാ സുരക്ഷാ നടപടികളും സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, സമാനമായ നേട്ടം കൈവരിച്ച മറ്റ് ആളുകളുമുണ്ട്. അമേരിക്കയിൽ നിന്നുള്ള ബ്രയാൻ 'കബ്' കീനും ജെയിംസ് 'വിൽബർ' റൈറ്റും റിവേഴ്‌സ് ഗിയറിൽ വാഹനമോടിച്ച് ഗിന്നസ് വേൾഡ് റെക്കോർഡ്‌സിൽ ഇടം നേടിയിരുന്നു. 1984 ആഗസ്റ്റ് 1 നും സെപ്റ്റംബർ 6 നും ഇടയിൽ 37 ദിവസം ഇരുവരും 14,534 കിലോമീറ്ററാണ് റിവേഴ്‌സ് ഗിയറിൽ വാഹനം ഓടിച്ചത്. അമേരിക്കയിലെ 15 സംസ്ഥാനങ്ങളിലൂടെയും കാനഡയുടെ ചില ഭാഗങ്ങളിലൂടെയുമാണ് കീനും റൈറ്റും വാഹനമോടിച്ചിരുന്നത്.


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News