ഒരു കോടി ഇൻഷുറൻസ് കിട്ടാൻ രൂപസാദൃശ്യമുള്ള സുഹൃത്തിനെ വകവരുത്തി മുങ്ങി; തമിഴ്നാട്ടിലെ 'സുകുമാരക്കുറുപ്പ്' അറസ്റ്റിൽ

തുക ബന്ധുക്കളിലൂടെ തനിക്കു തന്നെ ലഭിക്കാനും ഇതുകൊണ്ട് സുഖിച്ചുകഴിയാനുമാണ് പ്രതി സ്വന്തം മരണം വ്യാജമായി ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

Update: 2024-01-03 05:57 GMT
Advertising

ചെന്നൈ: കേരളത്തിലെ കുപ്രസിദ്ധ കുറ്റവാളിയും പിടികിട്ടാപ്പുള്ളിയുമായ സുകുമാരക്കുറുപ്പിന് തമിഴ്നാട്ടിൽ ഒരു അനുയായി. ഇൻഷുറൻസ് തുക കിട്ടാൻ താനാണ് മരിച്ചതെന്ന് തെറ്റിദ്ധരിപ്പിക്കാനായി രൂപ- ശാരീരിക സാദൃശ്യമുളള്ള സുഹൃത്തിനെ വകവരുത്തിയ യുവാവ് അറസ്റ്റിൽ. ചെന്നൈ അയനാവരം സ്വദേശിയും ജിം ട്രെയ്നറുമായ സുരേഷ് ഹരികൃഷ്ണൻ (38)ണ് അറസ്റ്റിലായത്. കൊലപാതകത്തിന് സഹായിച്ച് സുഹൃത്തുക്കളായ കീർത്തി രാജൻ (23), ഹരികൃഷ്ണൻ (32) എന്നിവരും പിടിയിലായി.

അടുത്തിടെ സുരേഷ് തന്റെ പേരിൽ ഒരു കോടി രൂപയുടെ ഇൻഷുറൻസ് എടുത്തിരുന്നു. തുക ബന്ധുക്കളിലൂടെ തനിക്കു തന്നെ ലഭിക്കാനും ഇതുകൊണ്ട് സുഖിച്ചുകഴിയാനുമാണ് സ്വന്തം മരണം വ്യാജമായി ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് സുഹൃത്തുക്കളോടൊപ്പം തന്റെ സമാന ശാരീരിക സാമ്യവും പ്രായവുമുള്ള ഒരാളെ കണ്ടെത്താൻ ശ്രമം ആരംഭിച്ചു.

പത്ത് വർഷം മുമ്പ് സുഹൃത്തായിരുന്ന അയനാവരം സ്വദേശിയും പിന്നീട് എന്നൂരിന് അടുത്തുള്ള എറണാവൂർ സുനാമി സെറ്റിൽമെന്റിലേക്ക് താമസം മാറുകയും ചെയ്ത ദില്ലിബാബു (39) വിന്റെ കാര്യം സുരേഷിന് ഓർമ വന്നു. ഇയാളെ കണ്ടെത്തിയ സുരേഷ് ദില്ലിബാബുവും അമ്മയുമായും പരിചയം പുതുക്കുകയും സൗഹൃദത്തിലാവുകയും ചെയ്തു. ഇവരുടെ വീട്ടിൽ സ്ഥിരം സന്ദർശകനുമായി. സെപ്തംബർ 13ന് മൂവരും ചേർന്ന് ദില്ലിബാബുവിനെ മദ്യപാനത്തിനായി പുതുച്ചേരിയിലേക്ക് കൊണ്ടുപോയി.

തുടർന്ന് ചെങ്കൽപ്പേട്ടിന് സമീപത്തെ ഒരു വിജനമായ സ്ഥലത്ത് ദില്ലിബാബുവിനെ എത്തിച്ച സംഘം, ഇവിടെ നേരത്തെ തന്നെ തയാറാക്കിയ ചെറിയ ഷെഡ്ഡിലേക്ക് കൊണ്ടുപോവുകയും ഒരുമിച്ചിരുന്ന് മദ്യപിക്കുകയും ചെയ്തു. സെപ്തംബർ 15ന് രാത്രി മദ്യപിച്ച് അവശനായിരുന്ന ബാബുവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഇവർ ഷെഡ്ഡിന് തീയിട്ട് കടന്നുകളയുകയായിരുന്നു.

എന്നാൽ, മകൻ വീട്ടിലേക്ക് തിരിച്ചെത്താതായതോടെ ദില്ലിബാബുവിന്റെ അമ്മ ലീലാവതി എന്നൂർ പൊലീസ് സ്റ്റേഷനിൽ തിരോധാന പരാതി നൽകി. നടപടിയുണ്ടാവാതിരുന്നതോടെ അവർ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ഇതിനിടെ, സുരേഷിനെ കാണാതായതോടെ തീപിടിത്തത്തിൽ മരിച്ചതായി കുടുംബം കരുതി. അന്ത്യകർമങ്ങളും ചെയ്തു.

സെപ്തംബർ 16ന് ചെങ്കൽപ്പേട്ടിലെ പറമ്പിലെ തീപിടിച്ച ഷെഡ്ഡിനുള്ളിൽ ഒരു കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. മരിച്ചത് സുരേഷാണെന്ന് പറഞ്ഞ് സഹോദരി മരിയജയശ്രീ പൊലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് ഇത് സുരേഷാണെന്ന് തിരിച്ചറിഞ്ഞെന്നും സഹോദരി മൃതദേഹം ഏറ്റുവാങ്ങിയതെന്നും ശവസംസ്‌കാരം നടത്തിയെന്നും പൊലീസ് പറഞ്ഞു. സുരേഷിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലി എന്നെഴുതിയ പോസ്റ്ററും കുടുംബക്കാർ അയനാവരത്ത് ഒട്ടിക്കുകയും ചെയ്തു.

എന്നാൽ, കാണാതായ ദിവസം മകൻ സുരേഷിനൊപ്പം പുറത്ത് പോയിരുന്നെന്നും അന്നേ ദിവസമാണ് അവനോട് അവസാനമായി സംസാരിച്ചതെന്നും ലീലാവതി പൊലീസിനെ അറിയിച്ചിരുന്നു. ഈ സൂചനയുടെ അടിസ്ഥാനത്തിൽ പൊലീസ് സുരേഷിന്റെ ഗ്രാമത്തിലേക്ക് പോയി. എന്നാൽ അയാൾ മരിച്ചതായി ബന്ധുക്കൾ പറഞ്ഞു. സെപ്തംബറിൽ മരിച്ചെന്ന് വീട്ടുകാർ കരുതുന്ന സുരേഷാണ് ദില്ലിബാബുവിന്റെ തിരോധാനത്തിന് ഉത്തരവാദിയെന്ന് പൊലീസ് കണ്ടെത്തി.

ഇതോടെ, ഇരുവരുടേയും ഫോൺ ലൊക്കേഷൻ പരിശോധിക്കുകയും സംഭവദിവസം ഇവരുടെ ഫോൺ സി​ഗ്നലുകൾ കത്തനശിച്ച ഷെഡ്ഡിന് സമീപം സജീവമായിരുന്നെന്നും കണ്ടെത്തി. തുടർന്ന് സുരേഷിന്റെ ചില സുഹൃത്തുക്കളെ കണ്ടെത്തിയപ്പോൾ ഇയാൾ ജീവിച്ചിരിപ്പുണ്ടെന്നും കൊല്ലപ്പെട്ടത് ദില്ലി ബാബുവാണെന്നും മനസിലായി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കാരക്കോണത്ത് ഒളിവിൽ കഴിയുകയായിരുന്ന സുരേഷിനെയും സുഹൃത്തുക്കളായ കീർത്തി രാജനേയും ഹരികൃഷ്ണനെയും കണ്ടെത്തുകയുമായിരുന്നു.

ചോദ്യം ചെയ്യലിൽ തങ്ങൾ ദില്ലിബാബുവിനെ കൊലപ്പെടുത്തിയെന്ന് മൂവരും കുറ്റസമ്മതം നടത്തുകയും ചെയ്തു. ഇൻഷുറൻസ് തുകയായ ഒരു കോടിയിൽ 20 ലക്ഷം വീതം കീർത്തിരാജനും ഹരികൃഷ്ണനും നൽകാമെന്നായിരുന്നു വാ​ഗ്ദാനമെന്നും സുരേഷ് വെളിപ്പെടുത്തി. തുടർന്ന്, പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. മധുരാന്തകം കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തു. കേരളത്തിൽ സുരേഷ് കുറുപ്പ് നടത്തിയ കൊലയ്ക്ക് സമാനമായ സംഭവം തമിഴ്നാട്ടിൽ വലിയ ചർച്ചയായിട്ടുണ്ട്.

1984 ജനുവരി 21നാണ് കേരളത്തിലെ കുപ്രസിദ്ധനായ പിടികിട്ടാപ്പുള്ളിയും ചെങ്ങന്നൂർ ചെറിയനാട് സ്വദേശിയുമായ സുകുമാരക്കുറുപ്പ് കൊല നടത്തിയത്. ചാക്കോ എന്ന ചലച്ചിത്ര വിതരണക്കമ്പനി ജീവനക്കാരനെയാണ് അബൂദബിയിൽ പ്രവാസിയായിരുന്ന ഇയാൾ നാട്ടിലെത്തി കൊലപ്പെടുത്തിയത്. ആലപ്പുഴ ചെങ്ങന്നൂരിനടുത്തുള്ള കൊല്ലകടവ് എന്ന സ്ഥലത്തുവച്ചായിരുന്നു ഇത്. കാറിൽ വച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ശവശരീരം തന്റെ കാറിലിട്ട് ആസൂത്രിതമായി ചുട്ടുകരിച്ചു.

താനാണ് മരിച്ചതെന്ന് തെറ്റിദ്ധരിപ്പിച്ച് ഗൾഫിൽ ജോലിചെയ്തിരുന്ന കമ്പനിയിൽ നിന്ന് ഇൻഷുറൻസ് പണമായി 30 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു കൊലയുടെ ഉദ്ദേശം. കൊലപാതകത്തിൽ സുകുമാരക്കുറുപ്പിനെ സഹായിച്ച രണ്ടു സഹായികളെ പിന്നീട് പൊലീസ് പിടികൂടി. ഇവർ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടു. എന്നാൽ വിവിധ സംസ്ഥാനങ്ങളിലടക്കം തെരച്ചിൽ നടത്തിയിട്ടും ഇതുവരെയും കുറുപ്പിനെ കണ്ടെത്താൻ കേരളാ പൊലീസിനായിട്ടില്ല. കുറുപ്പ് ജീവിച്ചിരിപ്പുണ്ടോ എന്നും വ്യക്തമല്ല.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News