മധുരയില്‍ വാക്സിനെടുക്കാത്തവര്‍ക്ക് ഹോട്ടലുകളിലും മാളുകളിലും പ്രവേശനമില്ല; വിലക്കുമായി ജില്ലാഭരണകൂടം
നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് ആളുകൾക്ക് ഒരു ഡോസ് കോവിഡ് വാക്‌സിനെങ്കിലും എടുക്കാൻ ഒരാഴ്ച സമയം നൽകുന്നുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു
ഇന്ത്യയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ കൂടുതല്‍ ശക്തമായ നടപടികളിലേക്ക് കടന്നിരിക്കുകയാണ്. വാക്സിനെടുക്കാത്തവര്‍ക്ക് ഹോട്ടലുകളിലും മാളുകളിലും ഷോപ്പിംഗ് കോംപ്ലക്സുകളിലും പ്രവേശനമുണ്ടായിരിക്കില്ലെന്ന് തമിഴ്നാട് മധുര ജില്ലാഭരണകൂടം അറിയിച്ചു.
നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് ആളുകൾക്ക് ഒരു ഡോസ് കോവിഡ് വാക്‌സിനെങ്കിലും എടുക്കാൻ ഒരാഴ്ച സമയം നൽകുന്നുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഒരാഴ്ചക്കുള്ളില്‍ വാക്സിൻ എടുത്തില്ലെങ്കില്‍ ഹോട്ടലുകൾ, ഷോപ്പിംഗ് മാളുകൾ, മറ്റ് വാണിജ്യ സ്ഥാപനങ്ങൾ തുടങ്ങിയ പൊതു സ്ഥലങ്ങളിൽ പ്രവേശിപ്പിക്കില്ലെന്ന് മധുര ജില്ലാ കലക്ടര്‍ അനീഷ് ശേഖര്‍ അറിയിച്ചു. ജില്ലയില്‍ മൂന്നു ലക്ഷത്തോളം പേര്‍ ഇതുവരെ ഒരു ഡോസ് വാക്സിന്‍ പോലും എടുത്തിട്ടില്ലെന്നും കലക്ടര്‍ വ്യക്തമാക്കി. മധുരയില്‍ ഒരു ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ 71.6 ശതമാനമാണ്. 32.8 ശതമാനമാണ് രണ്ടു ഡോസ് വാക്സിന്‍ എടുത്തവര്‍. രണ്ടാമത്തെ സമയപരിധി കഴിഞ്ഞിട്ടും വാക്സിൻ എടുക്കാത്ത 3 ലക്ഷം പേരുണ്ടെന്നും കലക്ടര്‍ പറഞ്ഞു.
ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കര്‍ണാടകയിലും നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുണ്ട്. തിയറ്ററുകളിലും മാളുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും രണ്ട് ഡോസ് വാക്സിനെടുത്തവര്‍ക്ക് മാത്രമാണ് പ്രവേശനം. ബംഗളൂരുവിൽ ഒമിക്രോൺ സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കൻ പൗരൻ രാജ്യം വിട്ടതിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ട് ആർ.ടി.പി.സി.ആർ പരിശോധനകളിൽ, ഒന്ന് നെഗറ്റീവും ഒരെണ്ണം പോസിറ്റിവും ആയതിലെ വൈരുദ്ധ്യമാണ് അന്വേഷിക്കുന്നത്. നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് ദക്ഷിണാഫ്രിക്കൻ പൗരൻ ദുബൈയിലേക്ക് പോയത്. ബംഗളൂരുവിലെത്തിയ പത്ത് ദക്ഷിണാഫ്രിക്കൻ സ്വദേശികളെ പറ്റിയും കർണാടക സർക്കാരിന് വിവരം ലഭിച്ചിട്ടില്ല. ഒമിക്രോൺ സ്ഥിരീകരിച്ച ബംഗളൂരുവിലെ 46 കാരനായ ഡോക്ടർ വിദേശയാത്ര നടത്തിയിട്ടില്ലാത്തത് ആരോഗ്യവകുപ്പിനെ വലയ്ക്കുന്നുണ്ട്. ഇയാളുടെ സമ്പർക്കത്തിൽ ഉണ്ടായിരുന്ന അഞ്ച് പേർക്ക് നേരത്തെ കോവിഡ് കണ്ടെത്തിയിരുന്നു.