മുസ്‌ലിം വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ചതിൽ മാപ്പ് ചോദിച്ച് അധ്യാപിക
ഹിന്ദു-മുസ്‌ലിം വർഗീയത ഉദ്ദേശിച്ച് ചെയ്തതല്ലെന്നും തനിക്ക് തെറ്റുപറ്റിയെന്നും അധ്യാപിക തൃപ്ത ത്യാഗി പറഞ്ഞു.
മുസഫർ നഗർ: ഉത്തർപ്രദേശിൽ മുസ്‌ലിം വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ചതിൽ മാപ്പ് ചോദിച്ച് അധ്യാപിക. തെറ്റ് പറ്റിയെന്ന് അധ്യാപിക തൃപ്ത ത്യാഗി പറഞ്ഞു. താൻ ഹിന്ദു-മുസ്‌ലിം വർഗീയത ഉദ്ദേശിച്ച് ചെയ്തതല്ലെന്നും അധ്യാപിക പറഞ്ഞു.
താൻ ചെയ്തതിൽ ലജ്ജിക്കുന്നില്ലെന്നായിരുന്നു ഇന്നലെ പറഞ്ഞത്. അധ്യാപികയായി താൻ ഗ്രാമത്തിലെ ജനങ്ങളെ സേവിച്ചിട്ടുണ്ടെന്നും ഗ്രാമവാസികൾ തനിക്കൊപ്പമുണ്ടെന്നും അവർ പറഞ്ഞിരുന്നു. ഹോംവർക്ക് ചെയ്യാത്തതിനാലാണ് കുട്ടിയെ അടിപ്പിച്ചത് എന്നായിരുന്നു അധ്യാപിക ആദ്യം പറഞ്ഞത്.
അതേസമയം അധ്യാപികക്കെതിരായ കേസ് പിൻവലിക്കാൻ തനിക്കുമേൽ സമ്മർദമുണ്ടെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. അധ്യാപിക പറയുന്നതെല്ലാം പച്ചക്കള്ളമാണ്. അധ്യാപികക്ക് കുട്ടിയെ തല്ലിച്ചതിൽ ഒരു ദുഃഖവുമില്ല. വലിയ വിവാദമായിട്ടും കുടുംബത്തെ ഒന്ന് വിളിക്കാൻ പോലും അധ്യാപിക തയ്യാറായിട്ടില്ലെന്നും കുട്ടിയുടെ പിതാവ് മീഡിയവണിനോട് പറഞ്ഞു.
'അവൻ വളരെ അസ്വസ്ഥനായിരുന്നു. രണ്ട് ദിവസം ഭക്ഷണം കഴിച്ചില്ല. ഇത്തരമൊരു സംഭവം ഒരു ചെറിയ കുട്ടിയെ എങ്ങനെ ബാധിക്കുമെന്ന് ഇതിൽ നിന്ന് മനസിലാക്കാം'- അദ്ദേഹം പ്രതികരിച്ചു. സംഭവത്തിന് ശേഷം കുട്ടിക്ക് ഉറങ്ങാൻ ബുദ്ധിമുട്ടുണ്ടായെന്നും അവന്റെ അവസ്ഥ വഷളായതായും പിതാവ് പറഞ്ഞു.
ഒടുവിൽ കുട്ടിയെ മെഡിക്കൽ പരിശോധനയ്ക്കായി മീററ്റിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. 'അവന് കുറച്ച് സ്വകാര്യത ആവശ്യമാണെന്ന് ഡോക്ടർ ഞങ്ങളോട് പറഞ്ഞു. ഞങ്ങൾ അത് ഉറപ്പാക്കി. അതോടെയാണ് അവസ്ഥ കുറച്ച് ഭേദമായത്'- പിതാവ് വിശദമാക്കി.