സത്യപ്രതിജ്ഞക്ക് പിന്നാലെ നിതീഷ് കുമാറിന്റെ പാദം വണങ്ങി തേജസ്വി യാദവ്
സത്യപ്രതിജ്ഞക്ക് പിന്നാലെ മോദിക്കും കേന്ദ്ര സർക്കാറിനുമെതിരെ രൂക്ഷ വിമർശനമാണ് നിതീഷ് കുമാർ ഉന്നയിച്ചത്. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കില്ലെന്ന് നിതീഷ് കുമാർ പറഞ്ഞു.
പട്‌ന: ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാദം വണങ്ങി ആർജെഡി നേതാവ് തേജസ്വി യാദവ്. ഉച്ചക്ക് രണ്ടു മണിയോടെയാണ് നിതീഷ് കുമാർ മഹാഗഡ്ബന്ധൻ സഖ്യത്തിന്റെ ഭാഗമായി വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഇന്നലെ ബിജെപി ബന്ധം അവസാനിപ്പിച്ചതിനെ തുടർന്ന് നിതീഷ് മുഖ്യമന്ത്രി പദം രാജിവെച്ചിരുന്നു.
സത്യപ്രതിജ്ഞക്ക് പിന്നാലെ മോദിക്കും കേന്ദ്ര സർക്കാറിനുമെതിരെ രൂക്ഷ വിമർശനമാണ് നിതീഷ് കുമാർ ഉന്നയിച്ചത്. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കില്ലെന്ന് നിതീഷ് കുമാർ പറഞ്ഞു. ബിജെപിയുമായി സഖ്യത്തിലായതോടെ ജെഡിയുവിന്റെ അംഗസംഖ്യ കുറഞ്ഞു, ബിജെപി തന്നെ ഒതുക്കാനാണ് ശ്രമിച്ചതെന്നും നിതീഷ് ആരോപിച്ചു. 2020ൽ മുഖ്യമന്ത്രിയാകണമെന്ന് താൻ ആഗ്രഹിച്ചിരുന്നില്ല. ബിജെപിയുടെ സമ്മർദത്തിലാണ് അന്ന് മുഖ്യമന്ത്രിയായത്. പ്രധാനമന്ത്രിയാകണമെന്ന് തനിക്ക് ആഗ്രഹമില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ബിജെപി ബന്ധം അവസാനിപ്പിച്ച് നിതീഷ് കുമാർ പ്രതിപക്ഷ സഖ്യത്തിനൊപ്പം ചേർന്നത്. ഇത് എട്ടാം തവണയാണ് നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. 2020ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാന നേതൃത്വത്തിന്റെ എതിർപ്പ് തള്ളിയാണ് ബിജെപി കേന്ദ്ര നേതൃത്വം നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കിയത്. അധികാരമേറ്റത് മുതൽ ബിജെപിയും ജെഡിയുവും തമ്മിൽ തർക്കങ്ങളുണ്ടായിരുന്നു. മഹാരാഷ്ട്ര മാതൃകയിൽ ജെഡിയുവിനെ പിളർത്താൻ ബിജെപി ശ്രമം നടത്തിയതോടെയാണ് നിതീഷ് കുമാർ പ്രതിപക്ഷ സഖ്യത്തിനൊപ്പം ചേർന്നത്.
നിതീഷ് കുമാറിനെതിരെ ബിജെപി നേതൃത്വവും രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. നിതീഷ് വിശ്വസിക്കാൻ കൊള്ളാത്തവനാണെന്നായിരുന്നു ബിജെപി നേതാക്കളുടെ വിമർശനം. സംസ്ഥാന വ്യാപകമായി ബിജെപി പ്രതിഷേധ പരിപാടികൾക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്. ബിഹാറിലെ ജനങ്ങൾ ഒരിക്കലും നിതീഷ് കുമാറിനോട് ക്ഷമിക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ സഞ്ജയ് ജയ്‌സ്വാൾ പറഞ്ഞു.